അപകടമേഖലയായി പനംമ്പറ്റ-പേപ്പർ മില്‍ പാത
text_fieldsകുന്നിക്കോട്: അപകടങ്ങള്‍ തുടര്‍ക്കഥയായി പനംമ്പറ്റ പേപ്പര്‍മില്‍ പാത. റോഡിന്റെ പുനരുദ്ധാരണം കഴിഞ്ഞതോടെ നിരവധി അപകടങ്ങളാണ് ഉണ്ടായത്. ബി.എം ആൻഡ് ബി.സി നിലവാരത്തിലാണ് പാത നിർമിച്ചത്. പനംമ്പറ്റ മുതല്‍ പുനലൂര്‍ വരെ വീതി കൂട്ടി രണ്ടുവരി പാതയാക്കി.
നിലവാരം വര്‍ധിപ്പിച്ചപ്പോള്‍ പാതയിലുണ്ടായിരുന്ന വേഗത നിയന്ത്രണ സംവിധാനങ്ങളെല്ലാം ഒഴിവാക്കി. ഇതോടെ അശ്രദ്ധമായ ഡ്രൈവിങ്ങും അപകടങ്ങളും കൂടി. പറയരുവിള ജങ്ഷന് സമീപം പിക്കപ്പും കാറും കൂട്ടിയിടിച്ചതാണ് ഒടുവിലത്തെ സംഭവം. ഇടിയുടെ ആഘാതത്തില്‍ കാര്‍ എതിര്‍വശത്തേക്ക് തിരിഞ്ഞു.
വാഹനങ്ങളുടെ അമിതവേഗതയാണ് അപകടകാരണമെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. ഇതിന് മുമ്പ് ചിത്രപുരി ജങ്ഷനിൽ സ്കൂട്ടര്‍ സമീപത്തെ പോസ്റ്റിലിടിച്ചു. പാതയില്‍ വിവിധ ഭാഗങ്ങളില്‍ ചുരുങ്ങിയ കാലയളവില്‍ സംഭവിച്ച അപകടങ്ങളെ തുടര്‍ന്ന് പലരും ഇപ്പോഴും ചികിത്സയിലുണ്ട്.
ചിറ്റാശ്ശേരി ജങ്ഷനില്‍ വശങ്ങളില് സംരക്ഷണഭിത്തിയില്ലാത്തതിനാല്‍ ഇറക്കം ഇറങ്ങി വരുന്ന വാഹനങ്ങള്‍ പാതയോരത്തെ കുഴിയിലേക്ക് പതിക്കുന്നുണ്ട്.
നവീകരണത്തിന് മുമ്പ് കാര്യറ സ്കൂള്‍ ജങ്ഷന്, സര്‍ക്കാര്‍മുക്ക്, ചിറ്റാഞ്ചേരി എന്നിവിടങ്ങളില്‍ ഹമ്പുകളും ചപ്പാത്തുകളും നിര്‍മിച്ചിരുന്നു. പുതിയ റോഡില്‍ ഇവയൊന്നും തന്നെ സ്ഥാപിച്ചിട്ടില്ല. സ്കൂള്‍ കുട്ടികള്‍ കടന്നുപോകുന്ന ഭാഗത്തെ ഹമ്പുകള്‍ നീക്കം ചെയ്തതും പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.