ഗ്രാമസഭ തീരുമാനം റദ്ദാക്കാൻ പഞ്ചായത്ത് സെക്രട്ടറിക്ക് അധികാരമില്ല -മനുഷ്യാവകാശ കമീഷൻ
text_fieldsകൊല്ലം: കേരള പഞ്ചായത്തീരാജ് നിയമപ്രകാരം വിവിധ ക്ഷേമപദ്ധതികൾക്കുള്ള ഗുണഭോക്താക്കളെ അന്തിമമായി തെരഞ്ഞെടുക്കാനുള്ള ചുമതല ഗ്രാമസഭകൾക്കാണെന്നും ഗ്രാമസഭ പാസാക്കിയ ഒരു വിഷയം റദ്ദുചെയ്യാനുള്ള അധികാരം നിർവഹണ ഉദ്യോഗസ്ഥനായ പഞ്ചായത്ത് സെക്രട്ടറിക്കില്ലെന്നും മനുഷ്യാവകാശ കമീഷൻ. ഗ്രാമസഭ ശിപാർശ ചെയ്തിട്ടും ലൈഫ് ഭവനപദ്ധതി പ്രകാരം വീട് നിഷേധിച്ചെന്ന പരാതിയിലാണ് കമീഷൻ അംഗം വി.കെ. ബീനാകുമാരിയുടെ ഉത്തരവ്.
ചടയമംഗലം പോരേടം മൂലങ്കോട് ഇടക്കാട്ട് വീട്ടിൽ പൊന്നമ്മക്കാണ് വീട് നിഷേധിച്ചത്. പരാതിക്കാരിക്ക് ഇരുപത്തിയഞ്ചു സെന്റിൽ കൂടുതൽ ഭൂമിയുണ്ടെന്ന കാരണത്താലാണ് ലൈഫ് പദ്ധതിയിൽനിന്ന് ഒഴിവാക്കപ്പെട്ടതെന്ന് ചടയമംഗലം ഗ്രാമപഞ്ചായത്ത് സെക്രട്ടറി കമീഷനെ അറിയിച്ചു. എന്നാൽ, കഴിഞ്ഞ വർഷം ആഗസ്റ്റ് ഏഴിന് ചേർന്ന മൂലങ്കോട് വാർഡ് സഭ തന്നെ വീട് ലഭിക്കേണ്ടവരുടെ പട്ടികയിൽ ഉൾപ്പെടുത്തിയെന്നും തന്റെ പേരിൽ പതിനഞ്ചു സെന്റ് സ്ഥലം മാത്രമാണുള്ളതെന്നും പരാതിക്കാരി അറിയിച്ചു.
അടിയന്തര അന്വേഷണം നടത്തി യുക്തമായ ഉത്തരവ് രണ്ടാഴ്ചക്കുള്ളിൽ പരാതിക്കാരിക്ക് നൽകണമെന്ന് ജില്ല പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർക്ക് കമീഷൻ നിർദേശം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.