അപകട മുനമ്പായി കോങ്ങാൽ ചില്ലക്കൽ തീരം
text_fieldsപരവൂർ: കോങ്ങാൽ ചില്ലക്കൽ, പരക്കട തീരമേഖലയിൽ അടക്കടിയുണ്ടാകുന്ന കടൽക്ഷോഭവും ദുരിതവും പരിഹാരമില്ലാതെ തുടരുന്നു. കാരണങ്ങൾ കണ്ടെത്തി പരിഹരിക്കാൻ നിരവധി പഠനങ്ങൾ നടന്നെങ്കിലും ദുരിതം അകറ്റാനുള്ള നടപടിയിലേക്ക് എത്തിയില്ല.
കഴിഞ്ഞ 16നും 19നുമിടയിൽ മൂന്നു മത്സ്യത്തൊഴിലാളികളുടെ ജീവനാണ് ഈ ഭാഗത്ത് കടലിൽ പൊലിഞ്ഞത്. കടൽ ക്ഷോഭിച്ചുനിൽക്കുന്ന സമയമായിട്ടുപോലും വറുതിക്കാലത്തെ മറികടക്കാമെന്ന ആത്മവിശ്വാസവുമായി കടലിലിറങ്ങിയവർക്കാണ് അപ്രതീക്ഷിത ദുരന്തമുണ്ടായത്.
കടൽക്ഷോഭത്തിൽപെട്ട് കട്ടമരങ്ങൾ മറിഞ്ഞ് നീങ്ങിയതാണ് അപകടകാരണം. പരിചയസമ്പന്നരായ മത്സ്യത്തൊഴിലാളികളായിട്ടുപോലും കടലിെൻറ കലിതുള്ളലിനെ അതിജീവിക്കാനായില്ല.
നൂറുകണക്കിന് തൊഴിലാളികളാണ് ചില്ലക്കൽ തീരത്തുനിന്ന് മത്സ്യബന്ധനത്തിന് പോകുന്നത്. നിരന്തരമുണ്ടാകുന്ന കടൽക്ഷോഭം കാരണം പലതവണയാണ് ഇവർക്ക് മത്സ്യബന്ധനോപകരണങ്ങളടക്കം നഷ്ടപ്പെട്ടത്. ഇവിടെ പുലിമുട്ടുകൾ നിർമിക്കണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.
നിരവധി തവണയാണ് ഉദ്യോഗസ്ഥതലത്തിലുള്ള അന്വേഷണങ്ങളും പഠനങ്ങളും നടത്തിയത്. അതോടൊപ്പം ഇതിനടുത്തുള്ള ഉയരമേറിയ ഭാഗം നിരന്തരം ഇടിഞ്ഞ് കടലിൽ പതിക്കുന്നത് തടയുന്നതിനെക്കുറിച്ചുള്ള നിരവധി പഠനങ്ങൾ നടന്നു. എന്നാൽ, പതിറ്റാണ്ടുകളായി ദുരിതങ്ങൾക്കും ദുരന്തങ്ങൾക്കും പരിഹാരം കാണാനുള്ള തുടർനടപടി ഉണ്ടായിട്ടില്ല.
തീരസുരക്ഷയുടെ പേരിൽ ചില്ലക്കൽ തീരത്ത് 44 ലക്ഷം രൂപ ചെലവഴിച്ച് മണൽച്ചാക്കുകൾ അടുക്കിയത് ഏതാനും മാസത്തിനുള്ളിൽ ഒന്നൊഴിയാതെ ഒലിച്ചുപോയി. പുറത്തുനിന്നും നിറച്ച മണൽച്ചാക്കുകൾ എത്തിച്ച് അടുക്കാനായിരുന്നു പദ്ധതിയെങ്കിലും ചാക്കുകളിൽ തീരത്തെ മണൽതന്നെ നിറച്ച് അടുക്കുകയായിരുന്നു.
കരാറുകാരനും ഉദ്യോഗസ്ഥരും ചേർന്ന് നടത്തിയ ഈ ക്രമക്കേട് ചോദ്യം ചെയ്യപ്പെട്ടുപോലുമില്ല. ചില്ലക്കൽ തുറയിൽ തീരത്ത് ആഴക്കുറവുള്ള ഭാഗം കുറയുകയാണെന്നും ഇത് ഭാവിയിൽ വലിയ ഭീഷണിയാകുമെന്നും മത്സ്യത്തൊഴിലാളികൾ പറയുന്നു. കട്ടമരങ്ങളും വലകളുമടക്കം സൂക്ഷിക്കുന്നതിനുള്ള സൗകര്യം പോലും തീരത്ത് ഇല്ലാതാകുന്ന അവസ്ഥ വരാനിടയുണ്ടെന്നും അവർ പറയുന്നു. തീരത്ത് മാലിന്യം അടിഞ്ഞുകൂടുന്നതും മത്സ്യത്തൊഴിലാളികൾക്ക് ദുരിതമാകുന്നു.
തീരദേശ റോഡിെൻറ സുരക്ഷക്കായി ലക്ഷ്മിപുരം തോപ്പുമുതൽ പൊഴിക്കരവരെ പുലിമുട്ടുകൾ നിർമിച്ചതിനു ശേഷമാണ് ചില്ലക്കൽ, പരക്കട ഭാഗത്ത് കടൽ കൂടുതൽ കലിതുള്ളാൻ തുടങ്ങിയതെന്ന് മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പറഞ്ഞു.
ഇതിനു മുമ്പേ ചില്ലക്കൽ തീരസംരക്ഷണത്തിനായി പുലിമുട്ടുകൾ സ്ഥാപിക്കണമെന്നുള്ള ആവശ്യമുയരുകയും അതിെൻറ പേരിലുള്ള അന്വേഷണങ്ങളും പഠനങ്ങളും നടത്തിയിരുന്നതുമാണ്. ഇതിനിടെ നിരവധി വർഷങ്ങളായി മത്സ്യത്തൊഴിലാളികൾക്കുണ്ടായ നാശനഷ്ടങ്ങൾ പലതാണ്. ഇപ്പോൾ മൂന്നു മത്സ്യത്തൊഴിലാളികളുടെ മരണവും.
ഇപ്പോഴും പതിവുപോലെ ഉദ്യോഗസ്ഥതല സന്ദർശനം നടന്നു. ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയുടെ നിർദേശപ്രകാരം തീരദേശ വികസന കോർപറേഷൻ മാനേജിങ് ഡയറക്ടർ പി.ഐ. ഷേക്ക്പരീതാണ് തീരസന്ദർശനം നടത്തിയത്.
കടൽച്ചുഴിയെക്കുറിച്ച് പഠനം നടത്തുമെന്നാണ് പുതിയ പ്രഖ്യാപനം. മത്സ്യത്തൊഴിലാളികൾ മരിക്കാനിടയായത് കടൽച്ചുഴി മൂലമാണെന്ന നിഗമനത്തിെൻറ അടിസ്ഥാനത്തിലാണ് പുതിയ അന്വേഷണ പ്രഖ്യാപനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.