മുസ്രിസ് പൈതൃക പ്രദേശങ്ങളിലേക്ക് സിയാൽ സൗരോർജ ബോട്ടുകൾ കൈമാറി
text_fieldsപറവൂർ: മുസ്രിസ് പൈതൃക പദ്ധതി പ്രദേശങ്ങൾ സന്ദർശിക്കാൻ മുസ്രിസ് ഹെറിറ്റേജ് പ്രോജക്ട് ലിമിറ്റഡ് സൗരോർജ ബോട്ടുകൾ കൈമാറി. കൊച്ചി രാജ്യാന്തര വിമാനത്താവള കമ്പനിയായ സിയാലിെൻറ ഉടമസ്ഥതയിലുള്ള കേരള വാട്ടർവെയ്സ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിേൻറതാണ് ബോട്ട്. ഇതു സംബന്ധിച്ച കരാർ സിയാൽ എം.ഡിയും മുസ്രിസ് ഹെറിറ്റേജ് പ്രോജക്ട് എം.ഡിയും തമ്മിൽ ഒക്ടോബർ 28ന് ഒപ്പുവെച്ചിരുന്നു. നിലവിൽ സർവിസ് നടത്തുന്ന ഹോപ് ഓൺ ഹോപ് ബോട്ട് സർവിസിന് പുറമെയാണ് സൗരോർജ ബോട്ടുകളും ഉപയോഗപ്പെടുത്തുന്നത്.
സർക്കാറിനുവേണ്ടി കേരള വാട്ടർവെയ്സ് കമ്പനിയാണ് പശ്ചിമതീര കനാലിെൻറ പുനരുദ്ധാരണം നടത്തുന്നത്.
സംസ്ഥാനത്ത് വിനോദ സഞ്ചാര മേഖലയിൽ ഉണർവ് കണ്ടുതുടങ്ങിയ സാഹചര്യത്തിൽ കനാലുകളുടെ നിർമാണം പൂർത്തിയാകുന്നതുവരെ വരുമാനമാർഗം എന്ന നിലയിലാണ് സിയാലിെൻറ ബോട്ട് മുസ്രിസ് പൈതൃക പദ്ധതിയുടെ യാത്ര സർക്യൂട്ടിൽ ഉപയോഗിക്കുന്നതിന് നൽകുന്നത്. 24 സീറ്റുള്ള ബോട്ടിൽ 15 സോളാർ പാനലുണ്ട്. പകൽ സൗരോർജത്തിൽ പ്രവർത്തിക്കും. കൂടാതെ വൈദ്യുത ചാർജിങ്ങും നടത്താം. ഒറ്റത്തവണ ചാർജ് ചെയ്താൽ അഞ്ചു മണിക്കൂർ ഓടും. 45 സെൻറിമീറ്റർവരെ ആഴത്തിലുള്ള ജലാശയങ്ങളിൽ യാത്ര ചെയ്യാൻ കഴിയും വിധത്തിലാണ് ബോട്ടിെൻറ രൂപകൽപന.
നിലവിൽ 12 ബോട്ടുകൾ യാത്രക്ക് സജ്ജമാണ്. രണ്ടുഘട്ടത്തിലായി എട്ട് സൗരോർജ ബോട്ടുകൾകൂടി എത്തും.
മുസ്രിസ് ടൂറിസം പദ്ധതിയിൽ പറവൂർ മുതൽ കൊടുങ്ങല്ലൂർവരെ 12 ബോട്ട് ജെട്ടികൾ നിർമിച്ചിട്ടുണ്ട്. ഇവിടങ്ങളിലെ ചരിത്ര സ്മാരകങ്ങളും മ്യൂസിയങ്ങളുമെല്ലാം ബന്ധിപ്പിച്ചാണ് ഹോപ് ഓൺ ഹോപ് ഓഫ് ബോട്ട് സർവിസ് നടത്തുന്നത്.
കോവിഡിന് മുമ്പ് കായൽ ഭംഗി ആസ്വദിച്ച് മൂസിയങ്ങൾ കാണാൻ നിരവധി വിനോദസഞ്ചാരികളും ചരിത്രാന്വേഷണകരും എത്തിയിരുന്നു. വിനോദസഞ്ചാര മേഖല സജീവമാകുന്നതോടെ കൂടുതൽ പേർ എത്തുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.
ഒരാഴ്ച മുസ്രിസ് യാത്രാ സർക്യൂട്ടിൽ ട്രയൽ റൺ നടത്തി ബോട്ടിെൻറ സർവിസ് ഘടന എങ്ങനെ വേണമെന്ന് തീരുമാനിക്കുമെന്ന് മുസ്രിസ് പൈതൃക പദ്ധതി മാനേജിങ് ഡയറക്ടർ പി.എം. നൗഷാദ് പറഞ്ഞു.
കോട്ടപ്പുറം ബോട്ട് ജെട്ടിയിൽ നടന്ന ചടങ്ങിൽ സിയാൽ ഡെപ്യൂട്ടി ജനറൽ മാനേജർ സതീഷ് കുമാർ, മുസ്രിസ് മാർക്കറ്റിങ് മാനേജർ ഇബ്രാഹിം സബിന് ബോട്ട് ഔദ്യോഗികമായി കൈമാറി.
മ്യൂസിയം മാനേജർ സജ്ന വസന്ത് രാജ്, ജൂനിയർ എക്സിക്യൂട്ടിവുമാരായ അഖിൽ എസ്. ഭദ്രൻ, ഹരൻ ദത്ത്, പി.ഡി. ബിന്ദു എന്നിവർ സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.