തീരപ്രദേശം കേന്ദ്രീകരിച്ച് മയക്കുമരുന്ന് സംഘങ്ങൾ വിലസുന്നു; അറിഞ്ഞ മട്ടില്ലാതെ അധികൃതർ
text_fieldsപരവൂർ: ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ കാപ്പിൽ മുതൽ കൊല്ലം വരെയുള്ള തീരദേശം ലഹരിയുടെ പറുദീസയായെന്ന് പരാതി. പരവൂർ, മയ്യനാട് റെയിൽവേ സ്റ്റേഷനുകൾ വഴിയാണ് ഇവിടേക്ക് മയക്കുമരുന്നുകൾ കൂടുതലായും എത്തിക്കുന്നത്.
ഗോവ, മൈസൂർ എന്നിവിടങ്ങളിൽനിന്നാണ് പരവൂരിൽ മയക്കുമരുന്ന് എത്തുന്നത്. ഇതരസംസ്ഥാനങ്ങളിൽ പഠിക്കുന്ന വിദ്യാർഥികളും വിദേശ വിനോദസഞ്ചാരികളാണ് മയക്കുമരുന്ന് പ്രധാനമായും ഇവിടേക്ക് എത്തിക്കുന്നതത്രെ. ഇടവ, കാപ്പിൽ മേഖലകളിലും തീരപ്രദേശങ്ങൾ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപനയുണ്ട്. ജില്ല അതിർത്തി പ്രദേശങ്ങളാണ് മയക്കുമരുന്ന് സംഘങ്ങൾ പ്രധാനമായും താവളമാക്കിയിട്ടുള്ളത്. വിദേശികൾ ബിനാമികളെ വെച്ച് നടത്തുന്ന റിസോർട്ടുകളും ഹോട്ടലുകളും ഈ ഭാഗത്തുണ്ടെന്നാണ് പറയുന്നത്.
ഇവിടങ്ങളിലും മയക്കുമരുന്ന് കച്ചവടം നടക്കുന്നതായുള്ള ആരോപണവുമുണ്ട്. വിദേശികൾ നേരിട്ട് ഇടപാടുകൾ നടത്തുന്നതിനാൽ വിൽപനക്കാരെ കണ്ടെത്താൻ അധികൃതർക്ക് കഴിയാറില്ല. ക്രിമിനൽ പശ്ചാത്തലമുള്ളവരും ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ളവരും ഈ മേഖലയിൽ ലഹരിവ്യാപാരം നടത്തുന്നുണ്ട്. വർക്കല കേന്ദ്രീകരിച്ചുള്ള ലഹരി വ്യാപാര ശൃംഖലയാണ് കൊല്ലം കേന്ദ്രീകരിച്ചുള്ള കച്ചവടത്തിന് ചുക്കാൻ പിടിക്കുന്നതത്രെ.
വർക്കലയിൽ പോലീസിന്റെ നർക്കോട്ടിക്ക് വിഭാഗം പരിശോധന ശക്തമാക്കിയതോടെയാണ് പരവൂർ കേന്ദ്രമാക്കി മയക്കുമരുന്ന് വ്യാപാരം തുടങ്ങിയത്. പരവൂർ പൊലീസ് സ്റ്റേഷനിൽ നിന്നും തീരപ്രദേശത്തെ വിവരങ്ങൾ അറിയാവുന്ന പൊലീസുകാരെ കൂട്ടത്തോടെ മാറ്റിയതും, ചാത്തന്നൂർ എക്സൈസ് ഓഫിസിൽ നിന്നും തീരപ്രദേശത്ത് സ്ഥിരമായി പരിശോധന നടത്താത്തതും ഇത്തരക്കാർക്ക് തുണയായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.