കാടുമൂടി; മാലിന്യംതള്ളൽ കേന്ദ്രമായി മണിയംകുളം തോടിന്റെ വശങ്ങൾ
text_fieldsപരവൂർ: മണിയംകുളം പാലം മുതൽ കോട്ടപ്പുറം കായൽവരെ നീളുന്ന മണിയംകുളം തോടിന്റെ ഇരുവശങ്ങളിലും കാടുവളർന്ന് തോട് കാണാനാവാത്ത സ്ഥിതിയായി. കൊല്ലം തോടിന്റെ ഭാഗമായ ഈ തോടിന്റെ വശങ്ങൾ വർഷങ്ങൾക്കുമുമ്പ് കോടികൾ ചെലവിട്ടാണ് ജലഗതാഗത സൗകര്യം ഒരുക്കാനെന്നപേരിൽ പാറ കെട്ടി ബലപ്പെടുത്തുകയും മണ്ണുനീക്കി ആഴംകൂട്ടുകയും ചെയ്തത്. ഒപ്പം തോടിന്റെ അരികിലും കായലിലും ബോട്ട് ജെട്ടികളും നിർമിച്ചു.
എന്നാൽ, വർഷങ്ങൾ പലതുകഴിഞ്ഞിട്ടും ജലപാത പൂർണമാക്കുകയോ അതിലൂടെ ബോട്ട് സർവിസ് ആരംഭിക്കുകയോ ചെയ്തില്ല. കൊല്ലം മുതൽ പരവൂർ, കലയ്ക്കോട് വഴി നെല്ലേറ്റിൽ വരെയുള്ള കായലോരങ്ങളിൽ ഇത്തരത്തിൽ ജലഗതാഗതത്തിനായി നിർമിച്ച ബോട്ടുജെട്ടികൾ പലതും മദ്യപരുടെയും മറ്റ് ലഹരി ഉപയോഗക്കാരുടെയും താവളമാണ്.
വർഷങ്ങളായി ഉപയോഗരഹിതമായിക്കിടക്കുന്ന പല ബോട്ട് ജെട്ടികളും തകർച്ചയിലാണ്. വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരുന്ന സമയത്താണ് ജലപാതക്കായി നീക്കങ്ങൾ നടന്നത്. എന്നാൽ, ഇപ്പോൾ അധികൃതർ അവഗണിച്ച നിലയിലാണ്. കലയ്ക്കോട്, ഇടയാടി, നെല്ലേറ്റിൽ, തെക്കുംഭാഗം എന്നിവിടങ്ങളിലെ ബോട്ടുജെട്ടികളെല്ലാം അന്തിമയങ്ങുന്നതോടെ മദ്യപാനത്തിനുള്ള താവളമാവുകയാണ്. മദ്യപന്മാർ വലിച്ചെറിയുന്ന പ്ലാസ്റ്റിക്, മദ്യക്കുപ്പികൾ എന്നിവ കായലിലാകെ ഒഴുകി നടക്കുന്ന സ്ഥിതിയാണ്.
തോടാവട്ടെ വശങ്ങൾ കാടുകയറിയ നിലയിലാണ്. മാലിന്യം ചാക്കിലും കവറുകളിലുമാക്കി ആളുകൾ തോട്ടിലേക്ക് വലിച്ചെറിയുന്നു. ഇറച്ചിക്കടകളിലെയും അനധികൃത കശാപ്പുകേന്ദ്രങ്ങളിലെയും മാലിന്യമാണ് ഇവയിൽ ഏറെയും. ഹോട്ടലുകളിൽനിന്നും ചില ഓഡിറ്റോറിയങ്ങളിൽനിന്നുമെല്ലാം രാത്രി മാലിന്യം ആറ്റിലും കരയിലും തള്ളുന്നുണ്ട്. ദുർഗന്ധം കാരണം ഇതുവഴി നടക്കാനാകാത്ത സ്ഥിതിയാണ്.
ഇടക്ക് നഗരസഭ കുേറ മാലിന്യം നീക്കം ചെയ്തെങ്കിലും ഇപ്പോൾ വീണ്ടും വൻ മാലന്യക്കൂമ്പാരമായി തോടും പരിസരവും മാറിയിരിക്കുകയാണ്. ഈ ദുരിതത്തിന് ശാശ്വത പരിഹാരം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.