ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് രണ്ട് കടകൾ കത്തിനശിച്ചു
text_fieldsപരവൂർ: ചായക്കടയിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് രണ്ടു കടകൾ കത്തിനശിച്ചു. ആർക്കും പരിക്കില്ല. പാരിപ്പള്ളി - പരവൂർ റോഡിൽ കൂനയിൽ പഴയ മിലൻ തിയറ്ററിന് മുന്നിൽ ദേവരാജൻ ചെട്ടിയാരുടെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന തട്ടുകടയിൽ തിങ്കളാഴ്ച വൈകീട്ട് 3.15നാണ് അപകടം. കടയിലെ ഗ്യാസ് അടുപ്പിൽനിന്ന് തീ ട്യൂബിലൂടെ സിലിണ്ടറിലേക്ക് പടർന്നു പിടിക്കുകയും സിലിണ്ടർ പൊട്ടിത്തെറിക്കുകയുമായിരുന്നു. തൊട്ടടുത്തിരുന്ന സിലിണ്ടറും പൊട്ടിത്തെറിച്ചു. തീ ട്യൂബിലേക്ക് പടർന്ന് പിടിക്കുന്നത് കണ്ട കടയുടമ ഭാര്യയോടും മറ്റുള്ളവരോടും അടുത്ത കടക്കാരോടും ഇറങ്ങിയോടാൻ പറയുകയായിരുന്നു
ഇവർ ഓടിമാറിയതിന് പിന്നാലെ ഉടൻതന്നെ നാട്ടുകാർ വാഹനങ്ങൾ തടഞ്ഞു. മറ്റ് കടകളിൽനിന്ന് ആൾക്കാർ ഓടി മാറി. ഇതിനകം തന്നെ കട പൂർണമായും തീഗോളമായി മാറി വലിയ ശബ്ദത്തോടെ സിലിണ്ടറുകൾ പൊട്ടിത്തെറിച്ചു.
കട പൂർണമായും കത്തി നശിച്ചു. കടകളിലെ ജീവക്കാർ പുറത്തേക്ക് ഓടിയിറങ്ങിയതിനാൽ വൻ അത്യാഹിതം ഒഴിവായി. പൊലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. കടയിലുണ്ടായിരുന്ന 19 കിലോ വീതമുള്ള വാണിജ്യ സിലിണ്ടറുകളാണ് പൊട്ടിത്തെറിച്ചത്.
അബദ്ധത്തിൽ തീ പടരുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ആദ്യ സിലിണ്ടർ പൊട്ടിയതോടെ വലിയൊരു അഗ്നിഗോളം പുറത്തേക്ക് വരികയായിരുന്നു. തുടർന്ന് മറ്റ് സിലിണ്ടറും പൊട്ടിത്തെറിക്കുകയായിരുന്നു. കടയിൽനിന്ന സാധനങ്ങൾ പൊട്ടിത്തെറിച്ച് തീ പടരുകയായിരുന്നു.
തട്ടുകട കൂടാതെ ബിനു നമ്പൂതിരിയുടെ ഉടമസ്ഥതയിലുള്ള സ്പെയർ പാർട്സ് കടയുമാണ് കത്തി നശിച്ചത്. കൂനയിൽ സ്വദേശി അജയകുമാറിന്‍റെ ഉടമസ്ഥതയിലുള്ള കടയാണിത്. കടകൾ പൂർണമായും കത്തിനശിച്ചു. പരവൂർ പൊലീസും ഫയർഫോഴ്സും എത്തിയാണ് തീയണച്ചത്. പരവൂർ പൊലീസ് കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.