സുരക്ഷയില്ലാതെ കാപ്പിൽ ബീച്ച്: അപകടം വർധിക്കുന്നു
text_fieldsപരവൂർ: സുരക്ഷയില്ലാത്ത കാപ്പിൽ ബീച്ചിൽ വർഷം തോറും അപകടം വർധിക്കുന്നു. സഞ്ചാരികളുടെ തിരക്കേറിയിട്ടും അപകടങ്ങൾ വർധിച്ചിട്ടും ഒരു സുരക്ഷ മുൻകരുതലുകളും എടുക്കുന്നില്ല. ഒട്ടേറെ വിനോദസഞ്ചാരികൾ എത്തുന്ന കൊല്ലം-തിരുവനന്തപുരം ജില്ലകളുടെ അതിർത്തിയായ കാപ്പിൽ ബീച്ചിനോടാണ് അധികൃതരുടെ അവഗണന. തീരത്ത് മുങ്ങിമരണങ്ങൾ ആവർത്തിക്കുമ്പോഴും സുരക്ഷ ഉറപ്പാക്കാൻ സംവിധാനങ്ങളില്ല.
കായലും കരയും സംഗമിക്കുന്ന പൊഴിമുഖം ഭാഗത്തു രൂപപ്പെടുന്ന വിശാലമായ മണൽത്തിട്ട വഴിയാണു പലരും കടലിൽ ഇറങ്ങി അപകടത്തിൽപെടുന്നത്. കഴിഞ്ഞ ദിവസം നടന്ന മരണവും സമാന രീതിയിലാണ്. ഇവിടത്തെ മണലിൽ പതിയിരിക്കുന്ന വലിയ കുഴികളാണ് പലപ്പോഴും വില്ലൻ. ഇതറിയാതെ കായലിലിറങ്ങുന്നവർ മണലിലാഴ്ന്നു പോകും. ആഞ്ഞടിക്കുന്ന തിരയിലകപ്പെടുകയും ചെയ്യും. അടുത്തകാലത്തു കാപ്പിൽ ടൂറിസം മേഖല ജനശ്രദ്ധ ആകർഷിച്ചു തുടങ്ങിയതോടെയാണ് അപകട നിരക്കും കൂടിയത്. കടലും കായലും ഒന്നിക്കുന്ന പ്രകൃതിയുടെ സൗന്ദര്യമാണ് കാപ്പിൽ തീരത്തെ മനോഹരമാക്കുന്നത്. പൊഴിമുഖവും വിശാലമായ തീരവും നിശബ്ദ അന്തരീക്ഷവുമാണ് കാപ്പിലിന്റെ മനോഹാരിത വർധിപ്പിക്കുന്നത്.
കാപ്പിലിൽ ഒഴിവുവേള ആസ്വദിക്കുന്നതിന് ഒട്ടേറെപ്പേർ എത്തുന്നുണ്ട്. പൊഴിമുഖം ഭാഗത്തുനിന്നു കടൽ-കായൽ കാഴ്ച ആരുടെയും മനം കവരുന്നതാണ്. അതുകൊണ്ടുതന്നെ വിനോദ സഞ്ചാരികൾ ധാരാളമായി എത്തുന്നുമുണ്ട്.
തിരിഞ്ഞ് നോക്കാതെ അധികൃതർ
ഇത്രയേറെ അപകടങ്ങൾ നടക്കുന്ന ബീച്ചിൽ പ്രകാശം നൽകുന്ന ഒരു സ്ട്രീറ്റ് ലൈറ്റോ, അപകടത്തിൽപെട്ടവരെ രക്ഷിക്കാൻ ജീവൻരക്ഷ ഉപകരണങ്ങളോ ഇല്ല. ഒറ്റപ്പെട്ട ഭാഗമായതിനാൽ അപകടം നടന്നാലും പുറംലോകം അറിയില്ല. രക്ഷാപ്രവർത്തനത്തിന് ആംബുലൻസ് എത്തിച്ചേരാൻ റോഡുപോലും ഇല്ല. പ്രതിഷേധങ്ങൾ കണക്കിലെടുത്ത് ഡി.ടി.പി.സി ഒരു ലൈഫ് ഗാർഡിനെ ഇവിടെ നിയോഗിച്ചു. ഇവിടെ ഒറ്റക്ക് ഒരാൾക്ക് ജീവൻ രക്ഷാപ്രവർത്തനം സാധ്യമല്ല.
കഴിഞ്ഞ ദിവസം ഈ ലൈഫ് ഗാർഡ് അവധിയിൽ പോയപ്പോഴാണ് അപകടമുണ്ടായത്. കൂടുതൽ ലൈഫ് ഗാർഡുമാരെ നിയോഗിക്കാൻ ഫണ്ടില്ലെന്നാണ് പഞ്ചായത്ത് വാദം. ബീച്ചിൽ ഒരിടത്തുപോലും അപകട മുന്നറിയിപ്പു ബോർഡുകൾ സ്ഥാപിച്ചിട്ടില്ല. രാത്രിയിലും ആളുകളെത്തുന്ന ഇവിടെ പൊലീസ് നിരീക്ഷണവും ഉണ്ടാവാറില്ല. പരവൂർ-അയിരൂർ പൊലീസ് സ്റ്റേഷനുകളുടെ അതിർത്തിലായതിനാൽ പൊലീസും ബീച്ചിനെ കൈയൊഴിയുകയാണ്.കാപ്പിൽ ബീച്ചിൽ പ്രതിവർഷം ശരാശരി നാല് മുതൽ അഞ്ചുപേർ വീതം അപകടത്തിൽപെട്ടു മരിക്കുന്നുണ്ടെന്നാണ് വിവരം. ഈ വർഷം അഞ്ചുപേരാണ് മുങ്ങി മരിച്ചത്.
മാർച്ച് മാസത്തിലാണ് ലൈഫ് ഗാർഡിനെ നിയോഗിച്ചത്. അതിനുശേഷം മൂന്ന്പേർ കൂടി മരിച്ചു. 2023ലും നാലുപേർ വ്യത്യത്സ മാസങ്ങളിൽ മുങ്ങിമരിച്ചു. 2021ൽ രണ്ടു വ്യത്യസ്ത സംഭവങ്ങളിലായി നാലുപേരാണ് അപകടത്തിൽപെട്ടത്. ഇവരിൽ രണ്ടുപേർ മരിച്ചു. മറ്റു രണ്ടുപേരെ ഇനിയും കണ്ടെത്താനായിട്ടില്ല.
ലൈഫ് ഗാർഡായി ഒരാൾ മാത്രം
ലൈഫ് ഗാർഡ് ഒരുദിവസം അവധിയെടുത്താൽ അന്നേ ദിവസം സഞ്ചാരികൾ തിരയിൽപ്പെട്ട് അപകടം ഉണ്ടാകാനുള്ള സാധ്യത കൂടുതലെന്നു നാട്ടുകാർ പറയുന്നു. ഇത്രയേറെ സഞ്ചാരികൾ എത്തിച്ചേരുന്ന തീരത്ത് ഒരാൾ അവധിയായാൽ പകരം മറ്റൊരാൾ വേണമെന്ന ആവശ്യം ഇനിയും നടപ്പായിട്ടില്ല.
നിലവിലെ ലൈഫ് ഗാർഡ് തീരത്ത് ഇല്ലാത്ത ദിവസങ്ങളിൽ ബീച്ചിൽ അപകടം ഉറപ്പാണെന്നു അടുത്തകാലത്തെ സംഭവങ്ങൾ സൂചിപ്പിക്കുന്നത്.
ലൈഫ് ഗാർഡ് അവധിയിൽ പോയ ദിവസങ്ങളിലാണ് അപകടങ്ങൾ പലതും നടക്കുന്നത്. അവധി ദിവസങ്ങളിൽ തീരത്ത് തിരക്ക് നിയന്ത്രണാതീതമാകും.
കുട്ടികൾ സഹിതം കുടുംബങ്ങൾ കടലിലേക്ക് ഇറങ്ങും. ദൂരസ്ഥലത്ത് നിന്നു എത്തുന്നവർക്ക് തീരത്തെ മണൽക്കുഴികളും അടിയൊഴുക്കും തിരിച്ചറിയാനാകില്ല.
എല്ലാ ദിവസവും ഒരാൾ മാത്രം തീരത്ത് കാവൽ നിൽക്കേണ്ട സാഹചര്യമാണ്. ലൈഫ് ജാക്കറ്റും ലൈഫ് ബോയ് റിങ്ങും മാത്രമാണ് ലൈഫ് ഗാർഡിനു നൽകിയിട്ടുള്ളത്. രണ്ടു പേരുണ്ടങ്കിൽ മാത്രമാണ് രക്ഷാപ്രവർത്തനം സുഗമമാകൂ. ലൈഫ് ഗാർഡിന്റെ എണ്ണം കുറഞ്ഞത് രണ്ടാക്കണമെന്ന ആവശ്യം ശക്തമാണ്. ഇടവ പഞ്ചായത്തിനും പരവുർ നഗരസഭക്കും ആളെ നിയമിക്കാമെങ്കിലും ശമ്പളത്തിനു ഫണ്ടില്ലെന്ന നിലപാടാണ് അധികൃതർക്ക്. ടൂറിസം പൊലീസിന്റെ സേവനവും തീരത്ത് ലഭ്യമല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.