അവഗണനയൊഴിയാതെ കലയ്ക്കോട്
text_fieldsപരവൂർ : പൂതക്കുളം ഗ്രാമപഞ്ചായത്തിലെ കലയ്ക്കോട് മേഖലയോടുള്ള അധികൃതരുടെ അവഗണനയിൽ പ്രതിഷേധം ഉയരുന്നു. വികസന മികവിൽ ഒരുകാലത്ത് പഞ്ചായത്തിനാകെ മാതൃകയായിരുന്ന ഗ്രാമം പല കാര്യങ്ങളിലും പിന്നാക്കം പോകുന്ന സാഹചര്യമാണ്. കാലാനുസൃതമായ വികസനം ഈ പ്രദേശത്തിന് ഉണ്ടാവുന്നില്ലെന്നാണ് പരാതി.
കലയ്ക്കോട് പ്രൈമറി ഹെൽത്ത് സെന്റർ കടുത്ത അവഗണന നേരിടുകയാണ്. കിടത്തിച്ചികിത്സയും മെച്ചപ്പെട്ട പ്രസവശുശ്രൂഷയും ഏറെക്കാലം മുമ്പേ ഇവിടെ ലഭ്യമായിരുന്നു. എന്നാൽ, കമ്യൂണിറ്റി ഹെൽത്ത് സെന്റർ ആയതോടെയാണ് എല്ലാം താളംതെറ്റിയതെന്ന് നാട്ടുകാർ പറയുന്നു. പ്രതിദിനം മൂന്നൂറിനും നാനൂറിനുമിടക്ക് രോഗികൾ വിവിധ രോഗങ്ങൾക്ക് ചികിത്സതേടിയെത്തിയിരുന്ന സെന്ററിൽ സായാഹ്ന ഒ.പി ചികിത്സ മാത്രമാണിപ്പോൾ. പ്രമേഹ-രക്തസമ്മർദ രോഗികൾക്കുള്ള ഇൻസുലിൻ അടക്കമുള്ള മരുന്നുകൾ വിതരണം ചെയ്യുന്ന ആഴ്ചയിൽ രണ്ടുദിവസം 300 മുതൽ 350 വരെ രോഗികൾ സെന്ററിൽ എത്താറുണ്ട്.
സെന്ററിലെ നിരീക്ഷണ വാർഡ് അടക്കം നേരത്തേ നിലവിലുള്ള ചില കെട്ടിടങ്ങളുടെയും ക്വാർട്ടേഴ്സുകളുടെയും അറ്റകുറ്റപ്പണി തീർത്ത് ആവശ്യമായ ജീവനക്കാരെ നിയമിക്കുകയും ചെയ്താൽ പഴയ പ്രതാപത്തിലേക്ക് തിരികെയെത്തിക്കാമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. നാല് ഡോക്ടർമാരുടെ തസ്തിക ഉണ്ടെങ്കിലും രണ്ടുപേരുടെ സേവനമാണ് ലഭിക്കുന്നത്.
ആരോഗ്യകേന്ദ്രത്തിനു പുറമേ, ലക്ഷങ്ങൾ ചെലവിട്ട് കലയ്ക്കോട് പാറവിള കോളനിയിൽ നിർമിച്ച കോമൺ ഫെസിലിറ്റി സെന്റർ-കം വർക്ക് ഷെഡും ലക്ഷങ്ങൾ ചെലവാക്കി നിർമിച്ച വിജ്ഞാൻവാടി കെട്ടിടവും അനാഥാവസ്ഥയിലാണ്. പൂതക്കുളം പഞ്ചായത്തിലെ പട്ടികജാതിക്കാരുടെ ഉന്നമനത്തിനും കലാ-സാംസ്കാരിക മുന്നേറ്റപ്രവർത്തനങ്ങൾക്കും തൊഴിൽ പരിശീലനത്തിനും നിർമിച്ചതാണീ കെട്ടിടങ്ങൾ. 2010 ആഗസ്റ്റ് എട്ടിന് കെ. സോമപ്രസാദ് എം.പി ഉദ്ഘാടനം ചെയ്ത് ശിലാഫലകം സ്ഥാപിച്ചതല്ലാതെ ഇന്നുവരെ ഒരു പ്രവർത്തനങ്ങളും കെട്ടിടത്തിൽ നടന്നിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു.
കലയ്ക്കോട് പാറവിള കോളനിയിൽ ലക്ഷങ്ങൾ ചെലവിട്ട് നിർമിച്ച ജലസംഭരണി സംബന്ധിച്ചും നാട്ടുകാരുടെ പരാതി പരിഹരിക്കപ്പെടാതെ തുടരുന്നു. മാടൻനട ഗ്രൗണ്ടിന് വടക്കുവശത്ത് പാറവിള കോളനിയിൽ വെള്ളം വിതരണം ചെയ്യാനാണ് ജലസംഭരണി നിർമിച്ചത്. എന്നാൽ, നിർമാണം പൂർത്തിയായ ശേഷമാണ് ജലസംഭണിയിലേക്ക് വെള്ളം കയറ്റാനും അതിൽനിന്ന് തിരികെയെടുക്കാനുമുള്ള പൈപ്പ് കണക്ഷനുള്ള സുഷിരങ്ങൾ ഇട്ടില്ലെന്ന് ബോധ്യമായത്. പിന്നീട് സുഷിരത്തിനായി സംഭരണിയുടെ കോൺക്രീറ്റ് ഭിത്തി പൊട്ടിക്കുന്നത് ബലക്ഷയത്തിനും ചോർച്ചക്കും കാരണമാകുമെന്ന വിലയിരുത്തലിൽ കുഴൽക്കിണറിലെ വെള്ളം നേരിട്ട് ലൈനിലേക്ക് പമ്പ് ചെയ്യാൻ തുടങ്ങുകയായിരുന്നു.
പാറവിള കോളനിയിൽ കുഴൽക്കിണറിലെ പമ്പിങ് മോട്ടോർ പ്രവർത്തിപ്പിക്കാൻ 2002ലാണ് പരിസരത്ത് പുതിയ സൗരോർജ പാനൽ സ്ഥാപിച്ചത്. രണ്ടുവർഷത്തിനകം ഇതു തകരാറിലായി. പിന്നീട് നാലുവർഷത്തോളം ജലവിതരണമുണ്ടായില്ല. തുടർന്ന് നാട്ടുകാർ കലവും കുടവുമായി പഞ്ചായത്തിനുമുന്നിൽ സമരം നടത്തിയതോടെയാണ് കെ.എസ്.ഇ.ബിയുടെ വൈദ്യുതി കണക്ഷനെടുത്തത്. ഇതോടെ സോളാർ പാനൽ അനാഥമായി.
അറ്റകുറ്റപ്പണി തീർത്ത് പാനൽ ഉപയോഗയോഗ്യമാക്കാനുള്ള ശ്രമങ്ങളൊന്നും പിന്നീട് ഉണ്ടായില്ല. പാറവിള കോളനിയിൽതന്നെ അടുത്തടുത്തായി മൂന്നു പൊതുകിണറുകളുണ്ട്. ശുചീകരിച്ചാൽ ശുദ്ധജലം കിട്ടുമെങ്കിലുംഅധികൃതർ ഒരുനടപടിയും കൈക്കൊള്ളുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.