പൊഴിക്കര തെക്കുംഭാഗം കടല്‍തീരത്ത് പിടിച്ചുപറിക്കാരുടെ വിളയാട്ടം
text_fieldsപരവൂര്‍: പൊഴിക്കര തെക്കുംഭാഗം കടല്‍ത്തീരത്ത് ഒറ്റയ്ക്ക് എത്തുന്നവരെ തടഞ്ഞുവച്ചും ഭീഷണിപ്പെടുത്തിയും കൈയിലുള്ളതെല്ലാം പിടിച്ചുവാങ്ങുന്ന സംഘങ്ങളുടെ വിളയാട്ടമെന്ന് പരാതി. കടലിന്റെ സൗന്ദര്യം ആസ്വദിക്കാനെത്തുന്ന യുവാക്കളും നവദമ്പതിമാരും വിദ്യാര്‍ഥികളുമാണ് മിക്കപ്പോഴും സംഘങ്ങളുടെ അതിക്രമത്തിനിരയാകുന്നത്. കടല്‍ത്തീരത്ത് വരുന്നവരുടെ അടുത്ത് നയത്തില്കൂടി സംഘം പരിചയം സ്ഥാപിച്ച് കാര്യങ്ങള്‍ ചോദിക്കും.
ഇതിനിടയിലാകും ഇവരുടെ കൂട്ടാളികളായ അടുത്തസംഘം എത്തുക. ഇക്കൂട്ടര്‍ വിനോദ സഞ്ചാരികളെ ഭീഷണിപ്പെടുത്തുകയും ഫോട്ടോ എടുത്ത് നെറ്റില്‍ കൊടുത്ത് കുടുംബം തുലക്കുമെന്നല്ലാം പറഞ്ഞ് ഭയപ്പെടുത്തുകയും ചെയ്യും. ആദ്യസംഘം രണ്ടാമത്തെ സംഘത്തെ ചെറുക്കുന്നതുപോലെ അഭിനയിക്കും.
ഇതിനിടെ രണ്ടാംസംഘം വിനോദസഞ്ചാരികളുടെ സ്വര്‍ണാഭരണങ്ങളോ വാച്ചോ മൊബൈല്‍ ഫോണോ ബലംപ്രയോഗിച്ച് കൈക്കലാക്കും. ആദ്യസംഘം തണുപ്പന്‍ മട്ടില്‍ പ്രതികരിക്കും. തര്‍ക്കവും വഴക്കും രൂക്ഷമാകുന്നതിനിടെ പിടിച്ചുവാങ്ങിയ സാധനങ്ങളുമായി സംഘം ഓടിമറയുകയും ചെയ്യും. തെക്കുംഭാഗത്താണ് തീരസൗന്ദര്യം ആസ്വദിക്കാനെത്തിയ നിരവധി യുവാക്കളും വിദ്യാര്‍ഥികളും അക്രമികളുടെ കൈയേറ്റത്തിനിരയായിട്ടുണ്ട്.
നിരവധിപ്പേരുടെ സ്വര്‍ണാഭരണങ്ങളും വിലകൂടിയ മൊബൈല്‍ ഫോണുകളും ടാബുകളും സംഘം കൈക്കലാക്കി. ആരും പരാതി രേഖാമൂലം നല്കാന് തയാറാകുന്നില്ല. വൈകുന്നേരങ്ങളില്‍ തീരത്ത് എത്തുന്ന അക്രമിസംഘങ്ങള്‍ പരസ്യമായി മദ്യപാനം നടത്തും.
കുട്ടികളെ അവധിദിനങ്ങളിൽ കടലും തീരവും കാണിക്കാനെത്തുന്നവര്‍ അതിക്രമങ്ങള്‍ ഭയന്ന് തീരത്ത് വരാന്‍ മടിക്കുന്നു. അയിരൂര്‍, പരവൂര്‍ പൊലീസ് സ്റ്റേഷനുകളുടെ പരിധിയിലാണ് ഇവിടം. പൊലീസ് നടപടി ശക്തമല്ലെന്ന് ആക്ഷേപമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.