65ാം വയസ്സിൽ പ്ലസ് ടു എഴുതുന്ന 'എ പ്ലസ്' സന്തോഷത്തിലാണ് ശാന്തകുമാരി
text_fieldsപറവൂർ: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളുടെ ഫലംവന്ന ആഹ്ലാദത്തിലാണ് വിദ്യാർഥികളെങ്കിൽ 65ാം വയസ്സിൽ ഹയർ സെക്കൻഡറി തുല്യത പരീക്ഷ എഴുതുന്നതിെൻറ 'എ പ്ലസ്' സന്തോഷത്തിലാണ് ശാന്തകുമാരി. വാർധക്യവും ശാരീരിക അവശതകളും അവഗണിച്ചാണിവർ ഹയർ സെക്കൻഡറി തുല്യതപരീക്ഷ എഴുതി മൂത്തകുന്നം ഹൈസ്കൂളിൽനിന്ന് വീട്ടിലേക്ക് മടങ്ങിയത്. പരീക്ഷക്ക് ഒരാഴ്ച മുമ്പ് ഹൃദയസംബന്ധ അസുഖത്തെതുടർന്ന് ചാലാക്ക മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു.
നടക്കാനും പരീക്ഷകേന്ദ്രത്തിെൻറ പടികൾ കയറാനും ബുദ്ധിമുട്ടുള്ളതിനാൽ ശാന്തകുമാരിയെ മാത്രമായി താഴെ ക്ലാസ് മുറിയിൽ ഇരുത്തിയാണ് അധ്യാപകരുടെ മേൽനോട്ടത്തിൽ പരീക്ഷ എഴുതിച്ചത്. എല്ലാ വിഷയവും എഴുതാൻ എളുപ്പമായിരുന്നെന്നും മികച്ച വിജയം ഉണ്ടാകുമെന്നും ശാന്തകുമാരി ഉറച്ചുപറയുന്നു.
തിരുവനന്തപുരം വെള്ളായണി സ്വദേശിനിയായ ഇവർ ചേന്ദമംഗലത്താണ് വർഷങ്ങളായി താമസിക്കുന്നത്.
1973ൽ ശരാശരി മാർക്കിൽ എസ്.എസ്.എൽ.സി പാസായ ശേഷം അഗ്രികൾചർ പഠിക്കാൻ തമിഴ്നാട്ടിൽ പോയ ശാന്തകുമാരി പത്തനംതിട്ട സ്വദേശിയായ ഐസക്കുമായി വിവാഹിതരായി. പിന്നീട് ഏറെക്കാലം തിരുവനന്തപുരത്തായിരുന്നു. ഒരുമകനും മകളുമുണ്ട്. മകളുടെ വിവാഹശേഷം ഹോട്ടൽ ജീവനക്കാരനായ മകെൻറ ജോലിയുമായി ബന്ധപ്പെട്ടാണ് 19 വർഷംമുമ്പ് ചേന്ദമംഗലത്ത് എത്തിയത്.
രണ്ടുവർഷം മുമ്പ് ഭർത്താവ് ഐസക്ക് മരണപ്പെട്ടു. ചേന്ദമംഗലം പാലാതുരുത്ത് ഗ്രാമത്തിൽ കോൺഗ്രസിെൻറ അറിയപ്പെടുന്ന സജീവ പ്രവർത്തകയും പൊതുപ്രവർത്തകയുമാണ് ശാന്തകുമാരി. രണ്ടുവട്ടം അറ്റാക്കുണ്ടായി. പഠനത്തോട് ചെറുപ്പം മുതലേ താൽപര്യമുണ്ടായിരുന്ന ഇവർ സാക്ഷരത മിഷൻ നടത്തുന്ന തുല്യത വിദ്യാഭ്യാസ പരിപാടിയെക്കുറിച്ച് അറിഞ്ഞ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.