ഡോക്ടർമാരുടെ കുറവ്; നെടുങ്ങോലം രാമറാവു താലൂക്കാശുപത്രി അവശനിലയിൽ
text_fieldsപരവൂർ: ഡോക്ടർമാരുടെ തസ്തിക കുറവ് നെടുങ്ങോലം രാമറാവു താലൂക്കാശുപത്രിയുടെ പ്രവർത്തനത്തെ ബാധിക്കുന്നതായി പരാതി. 2011 ല്‍ താലൂക്കാശുപത്രിയായി ഉയർത്തപ്പെട്ടെങ്കിലും അതിനാവശ്യമായ ഡോക്ടർമാരുടെ തസ്തിക സൃഷ്ടിക്കപ്പെട്ടിട്ടില്ല. 24 മണിക്കൂർ കാഷ്വൽറ്റി സേവനം, ഗൈനക്കോളജി അടക്കമുള്ള സ്പെഷാലിറ്റി സേവനങ്ങൾ, ഒ.പി സേവനങ്ങൾ, വാർഡ് ഓൺ കോൾ സേവനം എന്നിവ നൽകാൻ നാല് കാഷ്വൽറ്റി ഡോക്ടർമാർ അടക്കം ചുരുങ്ങിയത് 11 ഡോക്ടർമാരെങ്കിലും വേണ്ടതാണ്. ഏഴു ഡോക്ടർമാർ മാത്രമാണുള്ളത്.
താലൂക്കാശുപത്രിയായി പ്രവർത്തിച്ചു തുടങ്ങിയ സമയത്ത് കാഷ്വൽറ്റി പ്രവർത്തനം നടത്തിക്കൊണ്ടു പോകുവാൻ എൻ.എച്ച്.എം വഴി നാല് ഡോക്ടർമാരെ പോസ്റ്റ് ചെയ്തിരുന്നു. തൽസ്ഥാനത്ത്, ഇപ്പോൾ ഒരാൾ മാത്രമേ ഉള്ളൂ. പൊലീസ് എയ്ഡ് പോസ്റ്റ് തുടങ്ങുകയും നിരീക്ഷണ കാമറകൾ സ്ഥാപിക്കുകയും വേണം.
ഡോക്ടർമാരുടെ അഭാവം പരിഹരിക്കാൻ സംവിധാനം ഒരുക്കിയില്ലെങ്കിൽ ആശുപത്രിയിലെ രാത്രികാല കാഷ്വൽറ്റി പ്രവർത്തനം 26 മുതൽ നിർത്തിവെക്കേണ്ടി വരുമെന്നാണ് പറയുന്നത്. ഈ കാര്യങ്ങൾ മേയിൽ അധികൃതരുടെയും നഗരസഭയുടെയും ശ്രദ്ധയിൽ കൊണ്ടുവന്നിരുന്നു. പരിഹാര നടപടികൾ ഒന്നുമുണ്ടായില്ല. ഫിസിഷ്യന്‍, സര്ജന്, ഓര്‍ത്തോപീഡിക് സർജൻ, ഗൈനക്കോളജിസ്റ്റ്, ഇ.എന്‍.ടി സർജൻ, ഒഫ്താല്‍മോളജിസ്റ്റ് എന്നിവരുടെ ഓരോ തസ്തിക വീതവും നാല് കാഷ്വൽറ്റി മെഡിക്കൽ ഓഫിസർമാരുടെ തസ്തികയും അനുവദിച്ച് മുഴുവന്‍ സമയം പ്രവര്‍ത്തിക്കുന്ന ആശുപത്രിയായി മാറ്റാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാണ് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.