പദ്ധതികൾ നോക്കുകുത്തി; കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണാതെ അധികൃതർ
text_fieldsപരവൂർ: രൂക്ഷമായ കുടിവെള്ളക്ഷാമത്തിലും നടപടിയെടുക്കാതെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ജല അതോറിറ്റിയും. ചാത്തന്നൂർ നിയോജക മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങൾ അതിരൂക്ഷമായ കുടിവെള്ളക്ഷാമത്തിലമർന്നിട്ടും ശാശ്വതപരിഹാരത്തിന് ശ്രമിക്കാത്തതാണ് ശക്തമായ പ്രതിഷേധത്തിനിടയാക്കുന്നത്.
പരവൂർ നഗരസഭപരിധിയിലും ചിറക്കര, പൂതക്കുളം പഞ്ചായത്തുകളിലെ പല ഭാഗത്തും കടുത്ത പ്രതിസന്ധിയുണ്ട്. പലയിടങ്ങളിലും കൊടുംചൂടിൽ കൃഷിയിടങ്ങളടക്കം വിണ്ടുകീറി.
പ്രധാന ജലസ്രോതസ്സായ ഇത്തിക്കരയാറ്റിൽ ജലനിരപ്പ് താഴ്ന്നത് മൂലം രൂക്ഷമായ കുടിവെള്ളക്ഷാമമാണ്. ജപ്പാൻ കുടിവെള്ളപദ്ധതിയുടെ വരവോടെ വാട്ടർ അതോറിറ്റിയുടെ ചാത്തന്നൂർ സബ് ഡിവിഷന് കീഴിലുള്ള മിക്ക പമ്പ് ഹൗസുകളും പ്രവർത്തനരഹിതമായി. പല പമ്പ് ഹൗസുകളും ഉപേക്ഷിച്ച നിലയിലാണ്.
കൊടുംചൂടിൽ ജപ്പാൻ കുടിവെള്ളപദ്ധതിയുടെ പ്രവർത്തനം മെല്ലെപ്പോക്കിലായത് കുടിവെള്ളവിതരണത്തെ ബാധിച്ചു. പമ്പ് ഹൗസുകൾ പ്രവർത്തനം പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമാണ്.
റോഡ് പുനർനിർമാണത്തിൽ പലയിടത്തും പൈപ്പുപൊട്ടി കുടിവെള്ളം പാഴാകുന്നത് ശാശ്വതമായി പുനഃസ്ഥാപിക്കാൻ ജലഅതോറിറ്റിക്കായിട്ടില്ല. ജലവിതരണത്തിന് തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളും ശ്രമിക്കുന്നില്ല.
തീരപ്രദേശമായ പരവൂർ മുനിസിപ്പാലിറ്റിയിലെ രൂക്ഷമായ ജലക്ഷാമത്തിൽ ഒരു നടപടിയും മുനിസിപ്പൽ അധികൃതർ കൈക്കൊണ്ടിട്ടില്ല. കല്ലുവാതുക്കൽ, ചാത്തന്നൂർ, ചിറക്കര, പൂതക്കുളം പഞ്ചായത്തുകളിലും കുടിവെള്ളക്ഷാമം രൂക്ഷമാണ്.
നോക്കുകുത്തിയായി മണ്ണയം കുടിവെള്ള പദ്ധതി
കോടികൾ മുടക്കി നിർമിച്ച മണ്ണയം കുടിവെള്ള പദ്ധതി ഉദ്ഘാടനം കാത്തുകിടക്കുന്നു. കല്ലുവാതുക്കൽ പഞ്ചായത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കാൻ നടപ്പാക്കുന്ന ദാഹനീർ പദ്ധതിയിൽ ഉൾപ്പെടുത്തി കിഫ്ബി ധനസഹായത്തോടെ നിർമിച്ച സമഗ്ര ഗ്രാമീണ ശുദ്ധജല വിതരണപദ്ധതിയാണിത്. പദ്ധതിയിലൂടെ വെള്ളമെത്താൻ ഇനിയും വർഷങ്ങൾ വേണ്ടിവരും.
ചില ഭാഗങ്ങളിൽ ജലവിതരണം നടത്തുന്നുണ്ടെങ്കിലും ഉദ്ഘാടനം മാത്രം നടന്നിട്ടില്ല.
കിഫ്ബിയിൽ നിന്നുള്ള 28 കോടി മുടക്കിയുള്ളതാണ് പദ്ധതി. വേനലായാൽ ജലക്ഷാമം നേരിടുന്ന കല്ലുവാതുക്കൽ പഞ്ചായത്തിൽ പദ്ധതിയിലൂടെ 7.5 ദശലക്ഷം ലിറ്റർ വെള്ളം ദിവസവും വിതരണം ചെയ്യാനാകും.
അടുതലയിൽനിന്ന് തടയണ കെട്ടി വെള്ളം നാല് കിലോമീറ്റർ അകലെയുള്ള ഉയർന്ന സ്ഥലമായ മണ്ണയത്തെ ജലസംഭരണിയിൽ എത്തിച്ച് ശുദ്ധീകരിച്ച് കല്ലുവാതുക്കൽ പഞ്ചായത്തിലെ 23 വാർഡുകളിലും എത്തിക്കുകയാണ് പദ്ധതി ലക്ഷ്യം.
കമീഷനിങ് കാക്കുകയാണ് പദ്ധതി. കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്ത് ജപ്പാൻ കുടിവെള്ള പദ്ധതിയിൽ ഉൾപ്പെട്ടിരുന്നില്ല. എല്ലാ വീടുകളിലും കുടിവെള്ള കണക്ഷൻ ലഭിക്കുന്നതോടെ കല്ലുവാതുക്കൽ, പാരിപ്പള്ളി പ്രദേശങ്ങളിലെ ജലക്ഷാമത്തിന് പൂർണ പരിഹാരമാവുമെന്നതിനാൽ പദ്ധതി എത്രയും വേഗം പൂർത്തിയാക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.
കിട്ടാത്ത വെള്ളത്തിന് ജലഅതോറിറ്റിയുടെ ബിൽ
വാട്ടർ കണക്ഷൻ എടുത്തതിന്റെ പേരിൽ ഉപയോഗിക്കാത്ത ശുദ്ധജലത്തിന് ജലഅതോറിറ്റിയുടെ ബിൽ വരുന്നത് പതിവായി. ജലജീവൻ പദ്ധതി പ്രകാരം പൈപ്പ് കണക്ഷൻ ഒരു വർഷം മുമ്പ് എടുത്തെങ്കിലും കുടിവെള്ളവിതരണം പേരിന് മാത്രമാണ്.
എന്നാൽ ബിൽ സമയാസമയം എത്തും. റീഡിങ് പോലും എടുക്കാതെ അടിക്കടി ബിൽ വരുന്നത് അധികൃതരെ അറിയിച്ചെങ്കിലും ഇതുവരെ പരിശോധന നടത്തിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.