പരവൂർ കായലിലെ കുറ്റിവലകൾ നീക്കി
text_fieldsപരവൂർ: പരവൂർ കായലിൽ പൊഴിക്കര ഭാഗത്ത് സ്ഥാപിച്ചിരുന്ന കുറ്റിവലകളും, കായലിന്റെ വിവിധ ഭാഗങ്ങളിലിട്ടിരുന്ന തൂപ്പും പടലും ഫിഷറീസ് അധികൃതർ നീക്കം ചെയ്തു. കഴിഞ്ഞ 24ന് ഇതുസംബന്ധിച്ച് 'മാധ്യമം' വാർത്ത പ്രസിദ്ധീകരിച്ചിനെതുടർന്നാണ് നടപടി. കുറ്റിവലകളടക്കം അടിയന്തരമായി നീക്കംചെയ്യാൻ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ സുഹൈർ നിർദേശം നൽകുകയായിരുന്നു. ഫിഷറീസ് ഉദ്യോഗസ്ഥരായ ബിനോയ്, നിഥിൻ, അനൂപ്, ജോൺ പോൾ, സുജിമോൻ, ബിനീഷ്, മുരുകൻ എന്നിവരടങ്ങിയ ഉദ്യോഗസ്ഥസംഘമാണ് കുറ്റിവലകൾ നീക്കിയത്.
രാത്രിയിലാണ് പൊഴിക്കര ചീപ്പ് പാലത്തിനടുത്ത് കായലിൽ സ്ഥാപിച്ചിരിക്കുന്ന ഇരുമ്പു കുറ്റികളിൽ വലകെട്ടി ചെറുമത്സ്യങ്ങളെപ്പോലും കോരിയെടുത്തിരുന്നത്. നിരോധിത മത്സ്യബന്ധനം നടത്തുന്നവർക്കെതിരെ വരുംദിവസങ്ങളിലും കർശന നടപടി സ്വീകരിക്കുമെന്ന് ഫിഷറീസ് ഉദ്യോഗസ്ഥർ അറിയിച്ചു. പത്തോളം തൊഴിലാളികളുമായി രണ്ട് വള്ളങ്ങളിലെത്തിയാണ് ഫിഷറീസ് ഉദ്യോഗസ്ഥസംഘം കുറ്റിവലകൾ നീക്കം ചെയ്തത്.
പത്തോളം ഇരുമ്പുകുറ്റികളും വലകളും ഉദ്യോഗസ്ഥർ കണ്ടെടുത്തു.
കായലിൽ ഇല കൊമ്പുകൾ കൊണ്ടിട്ടശേഷം ഇലകൾ അഴുകുമ്പോൾ അത് ഭക്ഷിക്കാനെത്തുന്ന മത്സ്യങ്ങളെ വല ഉപോയോഗിച്ച് കൂട്ടത്തോടെ പിടികൂടുന്ന രീതിയാണ് തൂപ്പും പടലും. ഇത്തരത്തിലുള്ള മൽസ്യബന്ധനം നിരോധിച്ചിട്ടുള്ളതാണ്. താന്നി, മുക്കം, പരവൂർ ഭാഗങ്ങളിലാണ് തൂപ്പുംപടലും വ്യാപകമായുണ്ടായിരുന്നത്.
പരവൂർ കായലിലെ നിരോധിത മത്സ്യബന്ധന രീതികൾ നീക്കം ചെയ്യുന്നതിന് കൊല്ലം തോട്ടിലൂടെ സുഗമമായ സഞ്ചാരം സാധ്യമല്ലാത്തത് തടസ്സമാവുന്നുണ്ട്.
കൊല്ലം തോടുവഴി യന്ത്രവൽകൃത വള്ളങ്ങൾക്കും ബോട്ടുകൾക്കും പോകാൻ കഴിയാത്തതിനാൽ കൊല്ലത്തു നിന്നും റെയ്ഡുകൾക്കായി ഉദ്യോഗസ്ഥർക്ക് എളുപ്പത്തിൽ എത്താൻ കഴിയുന്നില്ല. സാധാരണ വള്ളങ്ങളിൽ മണിക്കൂറുകളെടുത്ത് തുഴഞ്ഞുവേണം പരവൂർ കായലിലെത്താൻ.
ഇത് മുതലെടുത്താണ് പരവൂർ കായലിന്റെ വിവിധ ഭാഗങ്ങളിൽ നിരോധിത മത്സ്യ ബന്ധനം വ്യാപകമായി നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.