കണക്കൻകടവിലെ താൽക്കാലിക ബണ്ട് തകർന്നു
text_fieldsപറവൂർ: ശക്തമായ മഴയിൽ പുത്തൻവേലിക്കര പഞ്ചായത്തിലെ കണക്കൻകടവിൽ നിർമിച്ചിരുന്ന താൽക്കാലിക മണൽ ബണ്ട് തകർന്നു. പെരിയാറിൽനിന്ന് ചാലക്കുടിപ്പുഴയിലേക്ക് ഉപ്പുവെള്ളം കയറാതിരിക്കാൻ കഴിഞ്ഞ ഡിസംബറിലാണ് മണൽ ബണ്ട് നിർമിച്ചത്. ശനിയാഴ്ച പുലർച്ചയാണ് ബണ്ട് പൊട്ടിയത്.
ബണ്ട് തകർന്നതോടെ പുത്തൻവേലിക്കര പഞ്ചായത്തിലെ കൃഷിക്ക് വൻനാശം സംഭവിക്കാൻ ഇടയുണ്ട്. ഇതോടൊപ്പം തകർന്ന ബണ്ടിലൂടെ ഉപ്പുവെള്ളം ചാലക്കുടി പുഴയിലേക്ക് കയറാനുള്ള സാധ്യത വളരെ കൂടുതലാണ്.ഇത് കൃഷിയെയും കുടിവെള്ള വിതരണത്തെയും സാരമായി ബാധിക്കും.
ഇതിനുമുമ്പും കാലാവധിക്കുമുമ്പ് മണൽ ബണ്ട് പൊട്ടിയിട്ടുണ്ട്. കഴിഞ്ഞ രണ്ടുദിവസങ്ങളിൽ തിമിർത്തു പെയ്ത മഴ പുഴയിലെ ജലനിരപ്പ് ഉയരാൻ കാരണമായതാണ് ബണ്ടിന് ഭീഷണിയായത്. വി.ഡി. സതീശൻ എം.എൽ.എ മണൽബണ്ട് സന്ദർശിച്ചു. വീണ്ടും മണൽബണ്ട് നിർമിക്കുക പ്രായോഗികമല്ലാത്തതിനാൽ കണക്കൻകടവ് ഷട്ടർ മണൽ ചാക്കുകൾ വെച്ച് അടുത്ത മഴസീസൺ വരെ ഉപ്പുവെള്ളം കയറുന്നത് തടഞ്ഞുനിർത്തണമെന്ന് എം.എൽ.എ നിർദേശിച്ചു.
തഹസിൽദാർ കെ. രേഖ, ഡെപ്യൂട്ടി തഹസിൽദാർ ടി.ആർ. സംഗീത്, ഇറിഗേഷൻ എക്സിക്യൂട്ടിവ് എൻജിനീയർ ടി.എസ്. സന്ധ്യ, അസി എക്സി. എൻജിനീയർ ജി. പ്രവീൺ ലാൽ, വില്ലേജ് ഓഫിസർ എൻ.എസ്. ഹുസൈൻ, പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ എം.എൽ.എക്ക് ഒപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.