അവർ വീട് പൊളിച്ചു; ലീല ഇനി എവിടെ അന്തിയുറങ്ങും?
text_fieldsപറവൂർ: ആരും കൂട്ടിനില്ലാതെ ഒറ്റക്ക് താമസിച്ചിരുന്ന സ്ത്രീയുടെ വീട് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പൊളിച്ചുകളഞ്ഞു. ഇതോടെ അന്തിയുറങ്ങാൻ ഇടമില്ലാതായ പെരുമ്പടന്ന വാടാപ്പിള്ളിപറമ്പ് ലീല (56) എങ്ങോട്ടുപോകുമെന്ന ആധിയിലാണ്. ആലുവയിൽ ഡി.ടി.പി സെന്ററിൽ ജീവനക്കാരിയാണ് ലീല. വ്യാഴാഴ്ച വൈകീട്ട് 6.30ന് ജോലിക്ക് പോയി തിരിച്ചെത്തിയപ്പോഴാണ് താമസിച്ചിരുന്ന വീട് ഇടിച്ചുപൊളിച്ചനിലയിൽ കണ്ടത്.
ലീലയുടെ വസ്ത്രങ്ങൾ ഉൾപ്പെടെ എല്ലാം നഷ്ടമായ അവസ്ഥയാണ്. രണ്ടു ദിവസം ഇടിഞ്ഞുപൊളിഞ്ഞ വീട്ടിൽ കഴിഞ്ഞു. തുടർന്ന് സംഭവത്തിൽ പരിസരവാസികൾ ഇടപെട്ടതിനെത്തുടർന്ന് പൊലീസിൽ പരാതി നൽകി. സംഭവത്തിൽ ലീലയുടെ സഹോദര പുത്രൻ രമേഷിനെതിരെ പൊലീസ് കേസെടുത്തു. രമേഷിനും കുടുംബത്തിനുമൊപ്പം അവിവാഹിതയായ ലീലയും ഈ വീട്ടിലാണ് വർഷങ്ങളായി താമസിച്ചിരുന്നത്.
തന്നോട് വീട്ടിൽനിന്ന് ഇറങ്ങിപ്പോകണമെന്ന് രമേഷ് പലതവണ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ലീല പറഞ്ഞു. വീടിരിക്കുന്ന സ്ഥലം ലീലയുടെ സഹോദരനും രമേഷിന്റെ അച്ഛനുമായ പരേതനായ കൃഷ്ണന്റെ പേരിലാണ്. എന്നാൽ, പൊളിച്ചുകളഞ്ഞ വീടിന്റെ നഗരസഭയിലെ ലൈസൻസ് ലീലയുടെ മറ്റൊരു സഹോദരൻ പരേതനായ ശിവന്റെ പേരിലാണ്. ശിവന്റെ മകൾ സിന്ധുവാണ് ഈ വീടിന്റെ കരമടച്ചിരുന്നത്.
സിന്ധുവിനെയും അറിയിക്കാതെയാണ് രമേഷ് വീടു പൊളിച്ചത്. മണ്ണുമാന്തി കൊണ്ടുവന്ന് ഇടിച്ചു തകർക്കുകയായിരുന്നു. വീട് പൊളിച്ചതിനെതിരെ സിന്ധുവും പൊലീസിൽ പരാതി നൽകി. നാട്ടുകാരിൽ ചിലർ തകർക്കുന്നത് കണ്ടെങ്കിലും സ്വത്തു തർക്കം തീർന്നതിനാൽ പൊളിച്ചതാണെന്ന് കരുതി. ലീല ജോലി കഴിഞ്ഞെത്തിയപ്പോഴാണ് സത്യമറിഞ്ഞത്. രമേഷ് കുടുംബത്തോടൊപ്പം ഭാര്യവീട്ടിലേക്ക് രണ്ടുദിവസം മുമ്പാണ് മാറിയത്.
22 സെന്റ് സ്ഥലത്താണ് പൊളിച്ചുകളഞ്ഞ വാർക്ക വീടുണ്ടായിരുന്നത്. ഇത് ഈടുവെച്ച് പറവൂർ സഹകരണ ബാങ്കിൽനിന്ന് രണ്ടാളുകളുടെ പേരിൽ വായ്പ എടുത്തിരുന്നു. തിരിച്ചടവ് മുടങ്ങിയതിനെത്തുടർന്ന് ഇപ്പോൾ 40.35 ലക്ഷം രൂപ ബാധ്യതയിലാണ്.
ബാങ്കിന് ഈടായി നൽകിയ വസ്തുവിലുള്ള വീട് ബാങ്കിന്റെ അറിവില്ലാതെ പൊളിച്ചു മാറ്റിയതിനെതിരെ പൊലീസിൽ പരാതി നൽകുമെന്ന് പ്രസിഡന്റ് സി.പി. ജിബു പറഞ്ഞു. വീട് പൊളിച്ചതിനെതിരെ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും ലീല പരാതി അയച്ചിട്ടുണ്ട്. പൊളിച്ച വീടിന് സമീപം ലീലക്ക് ഷെഡ് നിർമിച്ച് താമസസൗകര്യം ഒരുക്കാനാണ് നാട്ടുകാരുടെ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.