മൊബൈല്‍ ടവറുകളില്‍നിന്ന് ബാറ്ററി മോഷ്ടിക്കുന്ന മൂന്നംഗ സംഘം പിടിയില്‍
text_fieldsപരവൂര്‍: മൊബൈല്‍ ടവറുകളിലെ ബാറ്ററികള്‍ മോഷ്ടിക്കുന്ന മൂന്നംഗ സംഘം പിടിയില്‍. തിരുവനന്തപുരം കാരേറ്റ് പ്ലാവോട് നെട്ടയത്ത് വീട്ടില്‍ രതീഷ് (35), കാരേറ്റ് പ്ലാവോട് നീലന്‍ വിളാകത്ത് വീട്ടില്‍ വിഷ്ണു (31), കാരേറ്റ് പ്ലാവോട് രോഹിണി ഭവനത്തില്‍ അനൂപ് (31) എന്നിവരാണ് പരവൂര്‍ പൊലീസിന്റെ പിടിയിലായത്. മൊബൈല്‍ ടവര്‍ ടെക്‌നീഷ്യന്‍മാരായ ഇവർ തെക്കന്‍ ജില്ലകളിലെ മൊബൈല്‍ ടവര്‍ ലൊക്കേഷനുകളെ സംബന്ധിച്ച് വ്യക്തമായ ധാരണയുള്ളവരാണ്.
പരവൂര്‍ ഒഴുകുപാറയിലും ബി.എസ്.എന്‍.എല്‍ ഓഫിസിന് സമീപത്തെ ടവറുകളുടെ ഉപകരണങ്ങള്‍ സൂക്ഷിക്കുന്ന മുറിയില്‍നിന്നാണ് ബാറ്ററികളും കേബിളുകളും മോഷ്ടിച്ചത്. മൊബൈല്‍ ടവര്‍ ജീവനക്കാര്‍ എന്ന വ്യാജേന കാറിലെത്തിയ ഇവര്‍ രണ്ട് ദിവസങ്ങളിലായാണ് മോഷണം നടത്തിയത്. ഉപയോഗിക്കാതെ സൂക്ഷിച്ചിരുന്ന രണ്ട് സെറ്റ് ബാറ്ററികളും കോപ്പര്‍ കേബിളുമാണ് മോഷ്ടിച്ചത്.
ലക്ഷം രൂപ വിലമതിക്കുന്നതാണ് ബാറ്ററികള്‍. മൊബൈല്‍ കമ്പനി ജീവനക്കാര്‍ സ്ഥലം സന്ദര്‍ശിച്ചപ്പോഴാണ് മോഷണം ശ്രദ്ധയിൽപെട്ടത്. പരവൂര്‍ ടൗണിലും പരിസരങ്ങളിലും സ്ഥാപിച്ചിരുന്ന സി.സി.ടി.വി ദൃശ്യങ്ങളുടെയും മറ്റും സഹായത്തോടെ മോഷണത്തിന് ഉപയോഗിച്ച വാഹനം കണ്ടെത്തി. തുടര്‍ന്ന് പ്രതികളെ പാരിപ്പള്ളിയില്‍നിന്ന് പിടികൂടുകയായിരുന്നു. പരവൂര്‍ ഇന്‍സ്‌പെക്ടര്‍ എ. നിസാറിന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ നിതിന്‍ നളന്‍, സി.വി. വിജയകുമാര്‍, എ.എസ്.ഐമാരായ പ്രമോദ് വി, പ്രദീപ്, എസ്.സി.പി.ഒ ജയപ്രകാശ്, സി.പി.ഒമാരായ ഷെഫീര്‍, ലിജു എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്. റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.