ടൂറിസം പദ്ധതി പാതിവഴിയിൽ; അവഗണനയിൽ പരവൂർ പൊഴിക്കര
text_fieldsപരവൂർ: ജില്ലയിലെ പ്രമുഖ വിനോദ സഞ്ചാരകേന്ദ്രമായ പൊഴിക്കരക്ക് അവഗണന മാത്രം. കായൽ കടലുമായി സംഗമിക്കുന്ന പൊഴിക്കരയുടെ പ്രകൃതി സൗന്ദര്യം ആസ്വദിക്കാൻ നൂറുകണക്കിന് ആൾക്കാരെത്തുന്ന ഇവിടെ മഴയും വെയിലും കൊള്ളാതെ നിൽക്കാൻ സ്ഥലമില്ല. രാത്രി വെളിച്ചമില്ലാത്തത് കുടുംബ സമേതം എത്തുന്നവർക്ക് ദുരിതമായിട്ടുണ്ട്.
പൊഴിക്കര ടൂറിസം പദ്ധതി പാതിവഴിയിൽ ഉപേക്ഷിച്ച നിലയിലാണ്. പദ്ധതി പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമാണ്. നിർമാണോദ്ഘാടനം കഴിഞ്ഞ് അഞ്ചുവർഷം പിന്നിടുമ്പോഴും പൂർത്തീകരിക്കാത്ത പൊഴിക്കര ടൂറിസം പദ്ധതിയിൽ ഗുരുതരമായ സാമ്പത്തിക ക്രമകേടുകൾ നടന്നുവെന്ന് നാട്ടുകാർ ആരോപിക്കുന്നു. 2019ലാണ് ജി.എസ്. ജയലാൽ എം.എൽ.എ പദ്ധതി ഉദ്ഘാടനം ചെയ്തത്. പൊഴിക്കരയിൽ പരവൂർ നഗരസഭ അതിർത്തിയിൽ താന്നി തീരത്താണ് പദ്ധതി നടപ്പാക്കാൻ ഉദ്ദേശിച്ചിരുന്നത്. നഗരസഭയുടെ അറവുശാല സ്ഥിതി ചെയ്തിരുന്ന സ്ഥലവും കെട്ടിടവുമാണ് ഇതിനായി വിട്ടുനൽകിയത്. നിർമാണോദ്ഘാടനം കഴിഞ്ഞ് കായൽ തീരത്തോടുചേർന്ന ഗാലറി മാത്രമാണ് അഞ്ച് വർഷത്തിനിടയിൽ പൂർത്തീകരിച്ചത്.
കായലിനോടും കടലിനോടും ചേർന്ന നടപ്പാതകൾ, വിനോദസഞ്ചാരികൾക്ക് ഇരിക്കാനായി ഇരിപ്പിടങ്ങൾ, ബോട്ട് ജെട്ടി, കോഫി ഷോപ്പ്, വ്യൂ പോയന്റ് എന്നിവയൊക്കെ ഉൾപ്പെട്ടതായിരുന്നു പൊഴിക്കര ടൂറിസം ഫെസിലിറ്റേഷൻ കേന്ദ്രം. രണ്ട് കോടി രൂപ ചെലവിൽ ടൂറിസം വകുപ്പാണ് പദ്ധതി നടപ്പാക്കുന്നത്. അഞ്ച് മാസത്തിനുള്ളിൽ പൂർത്തീകരിക്കുമെന്ന് പ്രഖ്യാപിച്ച പദ്ധതിയാണ് അഞ്ച് വർഷം കഴിഞ്ഞിട്ടും എങ്ങുമെത്താത്തത്. നിലവിൽ ബോട്ട്ജെട്ടി, ഫൈസിലിറ്റേഷൻ കേന്ദ്രത്തിന്റെ കെടിടം എന്നിവ മാത്രമാണ് സ്ഥലത്തുള്ളത്. കെട്ടിടം കാടു കയറി നശിച്ചു.
പരവൂരിന്റെ ടൂറിസം വികസനത്തിന് എല്ലാ ബജറ്റുകളിലും കോടികൾ അനുവദിക്കുമെങ്കിലും അടിസ്ഥാന സൗകര്യങ്ങൾപോലും ഒരുക്കാൻ ടൂറിസം വകുപ്പിനുസാധിച്ചിട്ടില്ല. വർക്കലയിലെത്തുന്ന വിനോദ സഞ്ചാരികളിൽ ഭൂരിഭാഗംപേരും ഇപ്പോൾ പരവൂരിലെ കായൽ, കടൽ തീരങ്ങളിൽ എത്തുന്നുണ്ട്. സർഫിങ്, കയാക്കിങ് വിനോദങ്ങൾക്കായാണ് ഭൂരിഭാഗം സഞ്ചാരികളും എത്തുന്നത്. ഇവർക്ക് വിശ്രമിക്കാൻ സുരക്ഷിതമായ ഇരിപ്പിടങ്ങളോ ശുചിമുറി സൗകര്യങ്ങളോ ഇവിടങ്ങളിൽ ലഭ്യമല്ല.
കായൽ, കടൽ തീരങ്ങളിലെ തെരുവ് വിളക്കുകൾ കത്താതായിട്ട് മാസങ്ങളായിട്ടും നടപടി ഉണ്ടായിട്ടില്ല. ഇത്തരത്തിൽ അവഗണനയുടെ തീരമായി തീർന്നിരികുകയാണ് പൊഴിക്കര. പരവൂർ മുൻസിപ്പാലിറ്റിയും ടൂറിസം വകുപ്പും ഡി.ടി.പി.സിയും എം. എൽ.എയും പൊഴിക്കരയുടെ വികസനത്തിനു കാര്യമായ ഇടപെടൽ നടത്തുന്നില്ലെന്നാണ് ആക്ഷേപം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.