പരവൂർ കായലിൽ ജലനിരപ്പ് ഉയർന്ന് വീടുകളിൽ വെള്ളം കയറി
text_fieldsകൊട്ടിയം: പരവൂർ കായലിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതിനെ തുടർന്ന് മയ്യനാട് മുക്കം, താന്നി ഭാഗങ്ങളിൽ നിരവധി വീടുകളിൽ വെള്ളം കയറി. രണ്ടു ദിവസങ്ങളിലായി പെയ്ത മഴയിൽ കിഴക്കൻ മേഖലയിൽനിന്ന് ഒഴുകിയെത്തിയ വെള്ളമാണ് കായലിൽ വെള്ളപ്പൊക്കത്തിനും വീടുകളിൽ വെള്ളം കയറാനും ഇടയാക്കിയത്.
മുക്കം ലക്ഷ്മിപുരം തോപ്പിൽ സിംസൻ എന്നയാൾ ഉണക്കി വിൽപനക്കായി സൂക്ഷിച്ചിരുന്ന ഒന്നര ലക്ഷത്തോളം രൂപയുടെ ഉണക്ക മത്സ്യം നശിച്ചു. ജോസ്, സാമുവൽ, ജോർജ്, ജെറോം, അഗസ്റ്റിൻ, സുനിൽ, വിനോദ് എന്നിവരുടെ വീടുകളിലാണ് വെള്ളം കയറിയത്. ജെറോമിന്‍റെ വീട്ടുസാധനങ്ങൾ നശിച്ചു. മയ്യനാട് ഗ്രാമപഞ്ചായത്ത് അംഗം ലീനാ ലോറൻസ് അറിയിച്ചതനുസരിച്ച് മയ്യനാട് വില്ലേജ് ഓഫിസറുടെ നേതൃത്വത്തിലെ സംഘം സ്ഥലത്തെത്തി നാശനഷ്ടങ്ങൾ വിലയിരുത്തി.
പരവൂർ കായൽ; മണ്ണ് നീക്കം ചെയ്യാൻ നടപടി
പരവൂർ: പുനർനിർമാണം നടക്കുന്ന പരവൂർ പൊഴിക്കര ചീപ്പിന്‍റെ ഷട്ടറുകൾ അടഞ്ഞുകിടന്നതും, കായലിൽ മണ്ണു കയറി നിറഞ്ഞതും, വെള്ളം ഒഴുകി പോകുകയും കയറുകയും ചെയ്യുന്ന ഭാഗത്ത് മണ്ണു കയറി കര രൂപപ്പെട്ടതുമാണ് പരവൂർ കായലിൽ വെള്ളപ്പൊക്കത്തിന് കാരണമായത്.
ഇത്തിക്കരയാറ്റിൽനിന്ന് വെള്ളം ക്രമാതീതമായി കായലിൽ വന്നിറങ്ങിയതും ഒരു കാരണമായി. കായലിന് അരികിലെ വീടുകളിൽ വെള്ളം കയറുന്നതറിഞ്ഞ് സ്ഥലത്തെത്തിയ കൊല്ലം തഹസിൽദാർ ശശിധരൻ പിള്ള, പരവൂർ വില്ലേജ് ഓഫിസർ ലിജു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഇറിഗേഷൻ വകുപ്പ് അധികൃതരെ വിവരം അറിയിച്ചു. ഇറിഗേഷൻ വകുപ്പ് അസി. എക്സിക്യൂട്ടിവ് എൻജിനീയർ ഗിരി ലാൽ, അസി. എൻജിനീയർ ശ്രീലാൽ എന്നിവരുടെ നേതൃത്വത്തിലെ സംഘം പൊഴിക്കര ചീപ്പിന്‍റെ മൂന്ന് ഷട്ടറുകൾ എടുത്തു മാറ്റുകയും എക്സ്കവേറ്റർ ഉപയോഗിച്ച് കായൽ വെള്ളം ചീപ്പ് വഴി കടലിലേക്ക് ഒഴുകുന്ന ഭാഗത്തെ മണ്ണ് നീക്കം ചെയ്യാൻ നടപടികൾ സ്വീകരിക്കുകയും ചെയ്തു. തഹസിൽദാർ ശശിധരൻ പിള്ള സ്ഥലത്ത് ക്യാമ്പ് ചെയ്താണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.