റോഡിലെ വെള്ളക്കെട്ട്; വ്യാപാരികൾ ദുരിതത്തിൽ
text_fieldsപരവൂർ : റോഡ് നിർമാണം പൂർത്തിയായതോടെ നഗരത്തിൽ വെള്ളക്കെട്ട് രൂക്ഷം. പരവൂർ-പാരിപ്പള്ളി റോഡും ചാത്തന്നൂർ-പരവൂർ റോഡും സംഗമിക്കുന്ന നാലുമുക്കിലാണ് വെള്ളക്കെട്ട് രൂക്ഷമായത്. മുൻകാലങ്ങളിലും മഴപെയ്തു വെള്ളക്കെട്ട് ഉണ്ടാകുമായിരുന്നെങ്കിലും മണിക്കൂറുകൾക്കകം തെക്കുഭാഗം റോഡിന്റെ വശത്തുള്ള ഓടയിലൂടെ വെള്ളം ഒഴുകിപോകുമായിരുന്നു. എന്നാലിപ്പോൾ റോഡിന് ഉയരം കൂടിയതോടെ ഒഴുക്ക് നിലച്ചു.
അതോടെ നഗരത്തിന്റെ നാലുദിക്കിൽ നിന്നും ഒഴുകിയെത്തുന്ന മഴവെള്ളവും മാലിന്യവും ജങ്ഷനിൽ തന്നെ കെട്ടിനിൽക്കുന്ന അവസ്ഥയാണ്. വെള്ളം കെട്ടിക്കിടക്കുന്ന ഭാഗത്തെ വ്യാപാര സ്ഥാപനങ്ങളിൽ ആരും കയറാത്ത സ്ഥിതിയാണെന്നും വ്യാപാരികൾ പറയുന്നു. കാലവർഷം ശക്തമായാൽ സ്ഥാപനങ്ങളിലേക്ക് വെള്ളം കയറാനുള്ള സാധ്യതയും ഏറെയാണ്. കാൽ നടയാത്രയും ബുദ്ധിമുട്ടാണ്. ഈ ദുരവസ്ഥക്ക് ശാശ്വത പരിഹാരം കാണണമെന്നുള്ളതാണ് നാട്ടുകാരുടേയും വ്യാപാരികളുടേയും ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.