ലീലയെ സംരക്ഷിക്കും; താമസസൗകര്യം രണ്ടുദിവസത്തിനകം -പ്രതിപക്ഷ നേതാവ്
text_fieldsപറവൂർ: സഹോദരപുത്രൻ വീട് തകർത്ത സംഭവത്തിൽ ഒറ്റപ്പെട്ട ലീലയെ സംരക്ഷിക്കുമെന്നും രണ്ടുദിവസത്തിനകം താമസസൗകര്യം ഒരുക്കിനൽകുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പൊളിച്ച വീടിനുസമീപം നാട്ടുകാർ ഒരുക്കിയ ഷെഡിൽ ലീലയെ കാണാൻ എത്തിയതായിരുന്നു പ്രതിപക്ഷ നേതാവ്. ലീലക്ക് എല്ലാ സഹായവും അദ്ദേഹം വാഗ്ദാനം ചെയ്തു.
ലീലയോട് സഹോദരപുത്രൻ കാട്ടിയത് കടുത്ത അനീതിയാണെന്ന് വി.ഡി. സതീശൻ പറഞ്ഞു. കർശന നടപടി സ്വീകരിക്കാൻ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. തുടർ നടപടികൾ നാട്ടുകാരുമായി ആലോചിച്ച് തീരുമാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷ ശ്യാമള ഗോവിന്ദൻ, മുൻ നഗരസഭ ചെയർമാൻ രമേഷ് ഡി. കുറുപ്പ്, കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് അനു വട്ടത്തറ, സാജു തോമസ് ബോബൻ എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
കുറ്റക്കാർക്കെതിരെ കർശന നടപടിക്ക് ആവശ്യം ശക്തം
പറവൂർ: സ്വത്ത് തർക്കത്തെ തുടർന്ന് പെരുമ്പടന്ന വാടാപ്പിള്ളിപറമ്പ് ലീല താമസിച്ചിരുന്ന വീട് പൊളിച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തം. അനാഥയും അവിവാഹിതയുമായ ലീല താമസിച്ചിരുന്ന വീട് വ്യാഴാഴ്ചയാണ് മണ്ണുമാന്തി ഉപയോഗിച്ച് ഇടിച്ചു നിരത്തിയത്.
ലീലക്കൊപ്പം താമസിച്ചിരുന്ന സഹോദരപുത്രൻ രമേഷാണ് വീട് തകർത്തത്. ലീല നൽകിയ പരാതിയിൽ രമേഷിനെതിരെ കേസെടുത്തെങ്കിലും ഇയാളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. മണ്ണുമാന്തി യന്ത്രവും പിടിച്ചെടുത്തിട്ടില്ല.
വീടിരിക്കുന്ന 22 സെൻ്റ് സ്ഥലത്തോട് ചേർന്ന് കുടികിടപ്പായി ലഭിച്ച ഏഴ് സെൻ്റ് കുടുംബ സ്വത്തായി നിലവിലുണ്ട്. ലീലക്കും ആറ് സഹോദരങ്ങൾക്കും ഇതിൽ അവകാശവുമുണ്ട്. ഇതിൽ അടച്ചുറപ്പുള്ള ഒരു വീട് ലീലക്ക് നിർമിച്ചു കൊടുക്കണമെന്നുള്ള ആവശ്യമാണ് ഉയരുന്നത്.
ലീലയുടെ കിടപ്പാടം ഇല്ലാതാക്കിയ രമേഷ് തന്നെ ഇതിന് മുൻകൈ എടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ഇതിനൊരു തിരുമാനം ഉണ്ടാകും വരെ മറ്റൊരിടത്തേക്ക് മാറില്ലെന്ന് ലീലയും പറഞ്ഞു. പൊളിച്ച വീടിന് മുൻവശത്തായി പ്ലാസ്റ്റിക്ക് ഷീറ്റ് മേഞ്ഞ താൽക്കാലിക ഷെഡ് നാട്ടുകാർ നിർമിച്ചിട്ടുണ്ട്. പൊളിച്ചു കളഞ്ഞ വീടുൾപ്പടെ പറവൂർ സഹകരണ ബാങ്കിൽ പണയപ്പെടുത്തി രമേഷ് വായ്പയെടുത്തിട്ടുണ്ട്.
ബാങ്കിന്റെ അറിവില്ലാതെ വീട് പൊളിച്ച് നീക്കിയതിനാൽ രമേഷിനെതിരെ പൊലീസിൽ പരാതി നൽകാനുള്ള തീരുമാനത്തിലാണ് ബാങ്ക്. നഗരസഭ ചെയർപേഴ്സൺ ബീന ശശിധരൻ, സി.പി.എം ഏരിയ സെക്രട്ടറി ടി.ആർ. ബോസ് തുടങ്ങിയവർ സ്ഥലം സന്ദർശിച്ച് ഇവരെ ആശ്വസിപ്പിച്ചു. ലീലക്ക് സുരക്ഷിത താമസം ഉറപ്പാക്കണമെന്ന് ജനാധിപത്യ മഹിള അസോസിയേഷൻ ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.