പരവൂർ പുറ്റിങ്ങൽ വെടിക്കെട്ട് കേസ്; പ്രോസിക്യൂഷൻ ഹരജി ഫയൽ ചെയ്തു
text_fieldsകൊല്ലം: പരവൂർ പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തക്കേസ് പ്രതികൾക്ക് കുറ്റപത്രം പെൻഡ്രൈവിലൂടെ നൽകാൻ പരവൂർ മജിസ്ട്രേറ്റ് കോടതിയുടെ ജനുവരി 20ലെ ഉത്തരവ് വ്യക്തത വരുത്തി പ്രതികൾക്ക് സൗജന്യമായി കൊടുക്കേണ്ട പകർപ്പുകളുടെ എണ്ണം നിജപ്പെടുത്തി തീരുമാനിക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.
നേരത്തേ പുറപ്പെടുവിച്ച ഉത്തരവിലൂടെ കഴിയുന്നിടത്തോളം പേപ്പർ കോപ്പികൾ ഹാജരാക്കണമെന്ന് മജിസ്ട്രേറ്റ് സബാ ഉസ്മാൻ നിർദേശിച്ചിരുന്നു. എഫ്.ഐ.ആർ - എട്ട് പേജ്, സാക്ഷിമൊഴികൾ - 2394 പേജ്, മജിസ്ട്രേറ്റ് മുമ്പാകെയുള്ള മൊഴികൾ- 58 പേജ്, പൊലീസ് റിപ്പോർട്ട് - 553 പേജ്, പരിക്ക് സർട്ടിഫിക്കറ്റുകൾ 656 പേജ്, പോസ്റ്റ്മോർട്ടം സർട്ടിഫിക്കറ്റ് 354 പേജ് എന്നിവ നൽകാനേ പ്രോസിക്യൂഷന് നിയമപരമായ ബാധ്യതയുള്ളുവെന്നും 4022 പേജ് വച്ച് 2,09,144 പേജുകൾ ഹാജരാക്കാൻ തയാറാണെന്നും സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പാരിപ്പള്ളി രവീന്ദ്രൻ ഹരജിയിൽ ബോധിപ്പിച്ചു.
ക്രിമിനൽ നടപടി നിയമം 207 (5) പ്രകാരം ബാഹുല്യമുള്ള പ്രോസിക്യൂഷൻ രേഖകളായ മഹസറുകൾ 885 പേജ്, സെർച്ച് ലിസ്റ്റ് -മെമ്മോ 92 പേജ്, വില്ലേജ് -താലൂക്ക് റിപ്പോർട്സ് 119 പേജ്, കലക്ടറേറ്റ് രേഖകൾ 492 പേജ്, ഡി.എൻ.എ റിപ്പോർട്സ് 33 പേജ് , എഫ്.എസ്.എൽ റിപ്പോർട്ട്സ് 230 പേജ് , പൊലൂഷൻ കൺട്രോൾ ബോർഡ് റിപ്പോർട്സ് 24 പേജ്, പി.ഡബ്ല്യു.ഡി- കെ.എസ്.ഇ.ബി-ഫയർഫോഴ്സ്-സബ് രജിസ്ട്രാർ ഓഫിസ് 52 പേജ്, കാൾ ഡേറ്റ റെക്കോർഡ്സ് 769 പേജ്, ബിൽ- റെസിപ്റ്റ് -നോട്ടീസ് 3159 പേജ്, സ്പെസിമെൻസ് സിഗ്നേച്ചർ 190 പേജ്, വൂണ്ട് സർട്ടിഫിക്കറ്റ്-ട്രീറ്റ്മെന്റ് സർട്ടിഫിക്കറ്റ് 672 പേജ്, പൊലീസ് റിപ്പോർട്ട് 186 പേജ്, കോർട്ട് കോപ്പീസ് 182 പേജ്, എക്സ്പ്ലോസിവ്- ലൈസൻസ് 30 പേജ് എന്നീ രേഖകൾ പ്രോസിക്യൂഷൻ ഇതിനകം കോടതിയിൽ ഹാജരാക്കി. ആകെ 6833 പേജുകളാണ്. ഡിജിറ്റൽ ഫോമിലുള്ള പെൻഡ്രൈവും ഹാജരാക്കിയിട്ടുണ്ട്.
ക്രിമിനൽ നടപടി ചട്ടം 207 (5) ന്റെ വിശദീകരണത്തിൽ കേസ് രേഖകൾ ബാഹുല്യമുള്ളതാണെങ്കിൽ പ്രതികൾക്ക് പകർപ്പ് കൊടുക്കുന്നതിനു പകരം മജിസ്ട്രേറ്റ് പ്രതികൾ നേരിട്ടോ അഭിഭാഷകർ മുഖേനയോ കോടതി ഓഫിസിൽനിന്ന് രേഖകൾ പരിശോധിക്കാൻ അവസരമൊരുക്കണമെന്നാണ് ചട്ടമെന്ന് സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ചൂണ്ടിക്കാട്ടി. ഇതിന്റെ അടിസ്ഥാനത്തിൽ പ്രതികൾക്ക് സൗജന്യമായി കൊടുക്കേണ്ട രേഖകൾ കോടതി തിട്ടപ്പെടുത്തി അതിന്റെ അടിസ്ഥാനത്തിൽ പകർപ്പുകൾ കൊടുക്കാൻ വേണ്ട സംവിധാനമൊരുക്കാൻ ഗവൺമെന്റിനെ ക്രൈംബ്രാഞ്ച് സമീപിക്കുമെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പാരിപ്പള്ളി ആർ. രവീന്ദ്രൻ, അഭിഭാഷകരായ അഖിൽ മറ്റത്ത്, ധീരജ് ജെ. റൊസാരിയോ, വൈ.എസ്. അർജുൻ എന്നിവർ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.