ക്ഷേമപെൻഷൻ അട്ടിമറിക്കാൻ കേന്ദ്ര സർക്കാർ ശ്രമം -മുഖ്യമന്ത്രി
text_fieldsപാരിപ്പള്ളി: സംസ്ഥാനത്ത് നല്ല രീതിയിൽ നടക്കുന്ന ക്ഷേമപെൻഷൻ വിതരണം അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്നും കേന്ദ്രത്തിന്റെ ആ ആഗ്രഹം നടന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. എൽ.ഡി.എഫ് സർക്കാറിന്റെ രണ്ടാം വാർഷികാഘോഷത്തിന്റെ ഭാഗമായി പാരിപ്പള്ളിയിൽ സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പെൻഷൻ കാര്യത്തിൽ മുടക്കം വരാതിരിക്കാൻ പ്രത്യേക സംവിധാനം ഏർപ്പെടുത്തി. സഹകരണ മേഖലയിൽ കൺസോർട്യം രൂപവത്കരിച്ച് വായ്പ വാങ്ങി പെൻഷൻ വിതരണം നടത്തുമ്പോഴാണ് ഇതിനെ പ്രത്യേക കടമെടുപ്പായി കണക്കാക്കുമെന്ന ഭീഷണി വന്നത്.
കെ.എഫ്.സിയിൽനിന്ന് എടുക്കുന്ന വായ്പയെ കടത്തിന്റെ പരിധിയിൽപ്പെടുത്തുമെന്ന അറിയിപ്പ് വന്നുകഴിഞ്ഞു. സഹകരണ മേഖലയിൽനിന്ന് എടുക്കുന്ന വായ്പയെ സർക്കാറിന്റെ കടത്തിന്റെ പരിധിയിലാക്കി ക്ഷേമ പെൻഷൻ മുടക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. 63 ലക്ഷം പേർക്കാണ് പെൻഷൻ ലഭിക്കുന്നത്. ഇതു ശരിയല്ലെന്ന് വാദിക്കുന്നവരുണ്ട്. കേന്ദ്ര ധനമന്ത്രിയും ആ വാദഗതിക്കാരിയാണെന്നും അദ്ദേഹം പറഞ്ഞു.
ജി.എസ്. ജയലാൽ എം.എൽ.എ അധ്യക്ഷതവഹിച്ചു. സി.പി.എം ചാത്തന്നൂർ ഏരിയ സെക്രട്ടറി കെ. സേതുമാധവൻ, സി.പി.ഐ സംസ്ഥാന എക്സി. അംഗം മുല്ലക്കര രത്നാകരൻ, സി.പി.എം ജില്ല സെക്രട്ടറി എസ്. സുദേവൻ, സംസ്ഥാന കമ്മിറ്റി അംഗം കെ. വരദരാജൻ, ജില്ല സെക്രട്ടേറിയറ്റ് അംഗം ബി. തുളസീധരക്കുറുപ്പ്, എസ്. ജയമോഹൻ, ജനതാദൾ-എസ് സംസ്ഥാന കമ്മിറ്റി അംഗം അരുൺരാജ് പൂയപ്പള്ളി.
ജെ.എസ്.എസ് ജില്ല സെക്രട്ടറി കടവൂർ ചന്ദ്രൻ, ജനതാദൾ-എസ് മണ്ഡലം സെക്രട്ടറി പത്മനാഭൻ തമ്പി, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ്, സി.പി.എം ജില്ല കമ്മിറ്റി അംഗം പി.വി. സത്യൻ, വി. ജയപ്രകാശ്, വി. രഘുനാഥൻ, വി. ഗണേശ്, കെ.എസ്. ബിനു, ആർ.എം. ഷിബു, കെ.ആർ. മോഹനൻ പിള്ള, പാരിപ്പള്ളി ശ്രീകുമാർ, അഡ്വ. ദിലീപ്കുമാർ, എൽ.ഡി.എഫ് മണ്ഡലം കൺവീനർ എൻ. സദാനന്ദൻ പിള്ള എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.