ചോരക്കുഞ്ഞിനെ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തിയ സംഭവം: മാതാവ് അറസ്റ്റിൽ
text_fieldsപാരിപ്പള്ളി: ജനുവരിയിൽ ചോരക്കുഞ്ഞിനെ പറമ്പിൽ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ മാതാവ് അറസ്റ്റിൽ. കല്ലുവാതുക്കൽ സ്വദേശിനി രേഷ്മയാണ് (22) പിടിയിലായത്. ജനുവരി അഞ്ചിന് രാവിലെയാണ് ഇവരുടെ വീടിന് തൊട്ടടുത്ത റബർ തോട്ടത്തിൽ കരിയിലകൾക്കിടയിൽ മൂടപ്പെട്ടനിലയിൽ കുഞ്ഞിനെ കണ്ടെത്തിയത്.
പൂച്ചയുടെ അസാധാരണ കരച്ചിൽ കേട്ട് അയൽവാസി ശ്രദ്ധിച്ചപ്പോൾ അവശനിലയിൽ കുഞ്ഞിനെ കണ്ടു. പൊലീസ് കുഞ്ഞിനെ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. സ്ഥിതി ഗുരുതരമായതിനാൽ പിന്നീട് തിരുവനന്തപുരം എസ്.എ.ടിയിലേക്ക് കൊണ്ടുപോയെങ്കിലും ചികിത്സക്കിടെ മരിച്ചു.
പുലർച്ച രണ്ടോടെ ഒറ്റക്ക് ശുചിമുറിയിലെത്തി പ്രസവിക്കുകയും കുഞ്ഞിനെ പറമ്പിലെ കരിയിലകൾക്കിടയിൽ ഉപേക്ഷിക്കുകയും ചെയ്തെന്നാണ് യുവതി പൊലീസിന് നൽകിയ മൊഴി. അതിനുശേഷം ശുചിമുറി കഴുകി വൃത്തിയാക്കിയശേഷം ഉറങ്ങിയെന്നും പറയുന്നു. ഇക്കാര്യം വിശ്വാസത്തിലെടുക്കാനാകില്ലെന്ന് പൊലീസ് പറഞ്ഞു. പരിശോധനയിൽ യുവതിക്ക് കോവിഡ് പോസിറ്റിവ് ആയതിനാൽ വിശദമായ ചോദ്യം ചെയ്യൽ പിന്നീടേ നടക്കൂ.
സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. സംഭവം നടന്ന ദിവസങ്ങളിൽ പ്രസവിച്ച, സമീപ പ്രദേശങ്ങളിലെ യുവതികളുടെ വിവരം ശേഖരിച്ചു. അധികം ദൂരത്തുനിന്നല്ല കുഞ്ഞിനെ എത്തിച്ചതെന്ന സൂചന വിദഗ്ധ ഡോക്ടർമാർ അന്നുതന്നെ നൽകിയിരുന്നു. രേഷ്മക്ക് മൂന്നുവയസ്സുള്ള കുട്ടിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.