ശുചീകരണമില്ല; പാരിപ്പള്ളി മെഡിക്കൽ കോളജിൽ മാലിന്യദുരിതം
text_fieldsപാരിപ്പള്ളി: മഴ ശക്തമായിട്ടും പാരിപ്പള്ളി മെഡിക്കൽ കോളജിൽ ശുചീകരണപ്രവർത്തനങ്ങൾ തുടങ്ങിയിട്ടില്ല. ഗുരുതരമായ ആരോഗ്യഭീഷണി ഉയർത്തുന്ന മെഡിക്കൽ മാലിന്യം അടക്കമുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ കുന്നുകൂടി ജലജന്യരോഗങ്ങളും പകർച്ചവ്യാധികളും പിടിപെടുന്ന കേന്ദ്രമായി മെഡിക്കൽ കോളേജ് മാറിക്കഴിഞ്ഞു. ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ രോഗങ്ങൾ പടരുമെന്ന ഭീതിയിലാണ്. വാട്ടർ ടാങ്കുകളിൽ ക്ലോറിനേഷൻ ഉൾപ്പെടെയുള്ള മുൻകരുതലുകൾ പൂർത്തിയാക്കാത്തത് ഒട്ടേറെ ദുരിതങ്ങൾക്കിടയാക്കുമെന്ന് ഡോക്ടർമാർ തന്നെ പരാതി ഉയർത്തുന്നു.
ആശുപത്രിയിൽ രോഗികൾക്കും ജീവനക്കാർക്കും ഭീഷണിയായി കൊതുക് ശല്യം രൂക്ഷം. സന്ധ്യ കഴിഞ്ഞാൽ വാർഡുകളിലും വരാന്തയിലും കൊതുക് ശല്യം അതിരൂക്ഷമാണ്. മുമ്പ് കൊതുക് നശീകരണ പ്രവർത്തനങ്ങൾ നടത്തിയിരുന്നു. മലിനജലം നിറഞ്ഞ പരിസരം കൊതുകിന്റെ താവളമാണ്.
മെഡിക്കൽ കോളജ് പരിസരത്ത് കാട് പിടിച്ചുകിടന്ന താഴ്ന്ന പ്രദേശത്ത് സർജിക്കൽ അവശിഷ്ടങ്ങളും പ്ലാസ്റ്റിക് വസ്തുക്കളടക്കമുള്ള ആശുപത്രി മാലിന്യവും കുന്നുകൂടിക്കിടക്കുന്നു. ഗുരുതര ആരോഗ്യപ്രശ്നനങ്ങൾ ഉണ്ടാക്കുന്ന പ്ലാസ്റ്റിക് മാലിന്യം കുന്നുകൂടിയിട്ടും അധികൃതർ മൗനം പാലിക്കുകയാണ്. കാന്റീൻ പരിസരത്ത് തെരുവുനായ്ക്കളുടെയും ഈച്ചകളുടെയും ശല്യം ഭീഷണിയാണ്. മാലിന്യത്തിനടുത്ത് പ്രവർത്തിക്കുന്ന കാന്റീനിലെ ഭക്ഷണപദാർഥങ്ങളിൽ ഈച്ചകളും പ്രാണികളും വ്യാപകമായി വന്നിരിക്കാൻ സാധ്യതയുള്ളതിനാൽ പകർച്ചവ്യാധികൾ ഉണ്ടാക്കുമെന്ന ഭീതിയിലാണ് രോഗികളും കൂട്ടിരിപ്പുകാരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.