പട്ടാപ്പകൽ വിറങ്ങലിച്ച് പാരിപ്പള്ളി
text_fieldsപാരിപ്പള്ളി: നാടിനെ നടുക്കിയ കൊലപാതകം നടത്തിയത് ജയിലിൽനിന്ന് ഇറങ്ങിവന്ന്. അക്ഷയ കേന്ദ്രത്തിൽ തീവെച്ച് കൊലപ്പെടുത്തിയ നദീറയുടെ ഭർത്താവ് റഹീം നാലുദിവസം മുമ്പാണ് ജയിൽ മോചിതനായത്. നദീറയെ ആക്രമിച്ച സംഭവത്തിൽ പള്ളിക്കൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ഇയാളെ റിമാൻഡ് ചെയ്തിരുന്നത്.
ജയിലിൽ കഴിയുമ്പോൾതന്നെ ഇയാൾ ഭാര്യയെ കൊലപ്പെടുത്തിയശേഷം ആത്മഹത്യ ചെയ്യാൻ പദ്ധതിയിട്ടിരുന്നതായാണ് അറിയുന്നത്. പുറത്തിറങ്ങിയശേഷം ഇതിനായി പെട്രോളും കത്തിയും വാങ്ങിയാണ് അക്ഷയ കേന്ദ്രത്തിലെത്തിയത്.
പാരിപ്പള്ളി - പരവൂർ റോഡിലെ അക്ഷയ സെന്റർ തുറന്നത് രാവിലെ 8.25നാണ്. സെന്റർ തുറന്നപ്പോൾതന്നെ നദീറ ജോലിക്ക് കയറുകയും ആധാർ പുതുക്കുന്നതിനായി ആദ്യം വന്ന ഉപഭോക്താവുമായി കെട്ടിടത്തിന്റെ കിഴക്കേ അറ്റത്തെ മുറിയിലേക്ക് കയറി ജോലി തുടരവെ 8.40 ഓടെയാണ് റഹീം എത്തിയത്.
നീല കോട്ട് ധരിച്ച് സ്കൂട്ടറിൽ എത്തിയ റഹീം ഹെൽമറ്റ് ഊരി സെന്ററിന്റെ ഫ്രണ്ട് ഓഫിസിൽ വെച്ചശേഷം നദീറ ജോലി ചെയ്യുന്ന റൂമിലേക്ക് കയറുകയായിരുന്നു. സംസാരം പോലുമില്ലാതെ പെട്രോൾ നദീറയുടെ ദേഹത്തേക്ക് ഒഴിക്കുകയും കൈയിൽ കരുതിയിരുന്ന ലൈറ്റർ ഉപയോഗിച്ചു കത്തിക്കുകയുമായിരുന്നു. ഇത് കണ്ട് അക്ഷയ കേന്ദ്രത്തിലെ മറ്റ് ജീവനക്കാർ ഓടിവരവെ റഹീം കത്തി കാട്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു പാരിപ്പള്ളി-പരവൂർ റോഡിലൂടെ ഓടി.
പിന്നാലെ ഓടിയവരെ ആക്രമിക്കാൻ ശ്രമിക്കുകയും തൊട്ടടുത്തുള്ള സ്വകാര്യ റോഡിലൂടെ വ്യാപാരഭവന് സമീപമുള്ള വീട്ടിലെത്തി ദേഹത്തുണ്ടായിരുന്ന ഭാഗികമായി കത്തിയ മഴക്കോട്ട് ഊരി ഉപേക്ഷിച്ചു. കൈയിൽ ഇരുന്ന കത്തി കൊണ്ട് കൈയുടെ ഞരമ്പ് അറുക്കുകയും കഴുത്ത് അറുക്കാൻ ശ്രമിക്കുകയും ചെയ്യുന്നതിനിടയിൽതന്നെ മതിൽ ചാടിക്കടന്ന് തൊട്ടടുത്ത വീട്ടിലെ കിണറിൽ ചാടുകയായിരുന്നു.
ഒരു മാസം മുമ്പാണ് വാടകവീട്ടിൽ താമസിച്ചിരുന്ന റഹീമും നദീറയും വഴക്കുണ്ടായത്. കുടുംബ വഴക്കിനെതുടർന്ന് നദീറയെ ആക്രമിച്ചു ഗുരുതരമായി പരിക്കേൽപിച്ചിരുന്നു. ഇതിനെതുടർന്ന് റിമാൻഡിലായ റഹീം നാല് ദിവസത്തിന് മുമ്പാണ് ജാമ്യത്തിലിറങ്ങിയത്.
താമസസ്ഥലത്തും ജോലി സ്ഥലത്തും എത്തി കൊല്ലുമെന്നും മറ്റും പറഞ്ഞ് ശല്യപ്പെടുത്തിയതോടെ നദീറ പള്ളിക്കൽ പൊലീസിൽ പരാതി നൽകി. പൊലീസ് നിയമനടപടി സ്വീകരിച്ച് വാടകവീട്ടിലുണ്ടായിരുന്ന റഹീമിന്റെ തുണികളും മറ്റ് സാധനങ്ങളും എടുത്തു കൊടുക്കുകയും ഇനി ശല്യമുണ്ടാകില്ലെന്ന് സ്റ്റേഷനിൽ എഴുതിവെപ്പിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നലെ രാവിലെ നദിറയെ കൊലപ്പെടുത്തിയത്.
കൊലപാതകം കണ്ടിറങ്ങിയോടിയ പെൺകുട്ടിയെ കണ്ടെത്താനായില്ല
പാരിപ്പള്ളി: കൺമുന്നിൽ കൊലപാതകം കണ്ടിറങ്ങിയോടിയ പെൺകുട്ടിയെ കണ്ടെത്താനായില്ല. അക്ഷയ സെന്ററിൽ യുവതിക്കുനേരെ നടന്ന ആക്രമണം നേരിട്ട് കണ്ട് നിലവിളിച്ചുകൊണ്ട് ഇറങ്ങിയോടിയ പെൺകുട്ടിയെയാണ് കണ്ടെത്താനാകാത്തത്.
ആ പെൺകുട്ടിയുടെ ദേഹത്തും പെട്രോൾ വീണ് കാണാൻ സാധ്യതയുണ്ടെന്ന് അക്ഷയ സെന്ററിലെ മറ്റ് ജീവനക്കാർ പറഞ്ഞു. വർഷങ്ങളായി ഒപ്പമുണ്ടായിരുന്ന, കൂടപ്പിറപ്പിനെപോലെ സ്നേഹിച്ചിരുന്ന കൂട്ടുകാരി കൺമുന്നിൽ എരിഞ്ഞടങ്ങിയത് വിശ്വസിക്കാനാകാതെ പൊട്ടിക്കരയുകയാണ് ഇവിടത്തെ ജീവനക്കാരികൾ.
എത്ര കഷ്ടപ്പെട്ടിട്ടായാലും ജീവിതം മുന്നോട്ട് കൊണ്ടുപോകണമെന്ന ആഗ്രഹത്തിലായിരുന്നു നദീറയെന്ന് കൂട്ടുകാരികൾ പറഞ്ഞു. വാടകവീടുകളിൽ മാറി മാറി താമസിക്കുമ്പോഴും മക്കളെ വളർത്താൻ നെട്ടോട്ടമോടുകയായിരുന്നു. മലയാളം നല്ലതുപോലെ എഴുതുകയും വായിക്കുകയും ചെയ്യുന്ന നദീറ അക്ഷയ സെന്ററിലെ എല്ലാ ജോലിയും ക്ഷമയോടെ ചെയ്തു തീർക്കുമായിരുന്നു.
അത് കൊണ്ടുതന്നെ ഒരുവട്ടം വരുന്നവർ പിന്നെയും ഇവിടേക്ക് എത്തുമായിരുന്നു. ഇരുപത്തിയൊന്നോളം തൊഴിലാളികൾ ഇവിടെ ജോലി ചെയ്യുന്നുണ്ട്. അതിലെ ആധാർ സെക്ഷനിലാണ് നദീറ ജോലി ചെയ്യുന്നത്. എല്ലാവർക്കും നല്ലത് മാത്രമാണ് നദിറയെക്കുറിച്ച് പറയാനുള്ളത്.
‘കൊലപാതകം പൊലീസ് അനാസ്ഥമൂലം’
കൊല്ലം: പാരിപ്പള്ളിയിൽ പട്ടാപ്പകൽ ജോലിസ്ഥലത്ത് യുവതിയെ ഭർത്താവ് പെട്രോൾ ഒഴിച്ച് കൊലപ്പെടുത്തിയ സംഭവം പൊലീസിന്റെ ഗുരുതര അനാസ്ഥ മൂലമാണെന്ന് ഡി.സി.സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ്. പരാതിയുടെ അടിസ്ഥാനത്തിൽ ഗാർഹിക പീഡനക്കേസിൽ ജയിൽവാസത്തിനു ശേഷം പുറത്തിറങ്ങിയ പ്രതിയിൽനിന്നും വീണ്ടും വധഭീഷണി ഉള്ളതായി പള്ളിക്കൽ പൊലീസിൽ പരാതി നൽകിയിരുന്നു.
എന്നിട്ടും യുവതിക്ക് സംരക്ഷണം നൽകുന്നതിൽ പൊലീസിന് വീഴ്ച സംഭവിച്ചു. പിണറായി വിജയൻ ഭരിക്കുന്ന ആഭ്യന്തര വകുപ്പിനു കീഴിൽ കേരളത്തിൽ സ്ത്രീകൾക്കും പെൺകുഞ്ഞുങ്ങൾക്കും സംരക്ഷണം ഇല്ലാത്തതിന്റെ ഒടുവിലെ ഉദാഹരണമാണ് പാരിപ്പള്ളി സംഭവമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.