ഓടയിലെ മലിനജലം പാമ്പുറം തോട്ടിലേക്ക്; തടയാൻ നടപടിയില്ല
text_fieldsപാരിപ്പള്ളി: മെഡിക്കൽ കോളജിലെയും സമീപത്തെ വാണിജ്യ സ്ഥാപനങ്ങളിലെയും മലിനജലം പാരിപ്പള്ളി-പരവൂർ റോഡിലെ ഓടയിലൂടെ ഒഴുക്കി വിടുന്നത് പാമ്പുറം തോടിനെ നാശത്തിലാക്കുന്നു. ശുദ്ധജലം ഒഴുകിക്കൊണ്ടിരിക്കുന്ന പാമ്പുറം തോട്ടിലേക്കാണ് മലിനജലം ഒഴുകിയെത്തുന്നത്.
ഇതു പാമ്പുറം തോടിനെയും കർഷകരെയും പ്രതിസന്ധിയിലാക്കുന്നു. തോട്ടിലേക്ക് മലിന ജലം ഒഴുക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് നിരവധി നിവേദനങ്ങൾ അധികൃതർക്ക് നൽകിയെങ്കിലും മെഡിക്കൽ കോളജ് അധികൃതരും പഞ്ചായത്തും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
പാരിപ്പള്ളി മെഡിക്കൽ കോളജിലെ ആരോഗ്യ സംരക്ഷണ പ്രവർത്തനങ്ങൾ അവതാളത്തിലാക്കി മലിനജലവും മാലിന്യവുംകൊണ്ട് ആശുപത്രി പരിസരം നിറയുകയാണ്. പാഴ്വസ്തുക്കൾ ആശുപത്രി മതിലിനരികിലാണ് കൂട്ടിയിട്ട് കത്തിക്കുന്നത്. മോർച്ചറിക്ക് സമീപവും മലിനജലം കെട്ടിക്കിടക്കുന്നു.
പ്ലാസ്റ്റിക് മാലിന്യം ഉൾപ്പെടെ കത്തിക്കുന്നത് പരിസരവാസികൾക്കും രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. മെഡിക്കൽ കോളജ് ചുറ്റുമതിലിനകത്തുനിന്ന് പാരിപ്പള്ളി-പരവൂർ റോഡിന്റെ ഓടയിലേക്ക് സ്ഥാപിച്ചിരിക്കുന്ന കുഴലുകളിൽ കൂടിയാണ് ആശുപത്രിയിലെ മലിനജലം പുറന്തള്ളുന്നത്.
സമീപ പ്രദേശത്തെ ഹോട്ടലുകളിലെയും മറ്റ് വാണിജ്യ സ്ഥാപനങ്ങളിലെയും മലിനജലം ഒഴുക്കുന്നതും ഓടകളിലേക്കാണ്. ഇവ ഓടയിലൂടെ ഒഴുകി സമീപ പ്രദേശത്തെ തോടുകളിലാണ് എത്തുന്നത്. മരുന്നുകളുടെയും മറ്റു രാസവസ്തുക്കളുടെയും ദുർഗന്ധം മൂലം കാർഷികാവശ്യത്തിന് പോലും തോടുകൾ ആശ്രയിക്കാൻ പറ്റാത്ത അവസ്ഥയിലാണ് സമീപ പ്രദേശത്തുള്ളവർ.
അത്യാധുനിക സൗകര്യങ്ങളോടെ മെഡിക്കൽ കോളജ് വന്നപ്പോൾ സന്തോഷത്തോടെ വരവേറ്റ സമീപവാസികളിപ്പോൾ സ്വന്തം കിണറ്റിലെ ജലംപോലും മലിനമാകുന്നതിനാൽ ഉപയോഗിക്കാൻ കഴിയാതെ കുടിവെള്ളത്തിനായും അലയുന്നു. ആശുപത്രി വളപ്പിൽനിന്നും റോഡിലേക്ക് മലിനജലം ഒഴുക്കിവിടുന്ന കുഴലുകൾ അടച്ച് മറ്റ് മാർഗങ്ങൾ കണ്ടെത്താൻ അധികൃതർ അടിയന്തരമായി ഇടപെടണമെന്ന ആവശ്യം ശക്തമാണ്.
കർശന നടപടി സ്വീകരിക്കും
പാരിപ്പള്ളി: മെഡിക്കൽ കോളജിലെയും സമീപ പ്രദേശത്തെ വാണിജ്യ സ്ഥാപനങ്ങളിലെയും മലിന ജലം ഓടയിലൂടെ ഒഴുകി പാമ്പുറം തോട്ടിൽ എത്തുന്നത് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായി കല്ലുവാതുക്കൽ ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ ബൈജു ലക്ഷ്മണൻ പറഞ്ഞു.
നിരവധി തവണ മുന്നറിയിപ്പ് നൽകിയിട്ടും പാലിക്കാത്തവർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കും. വരും ദിവസങ്ങളിൽ ഓട ഇളക്കി പരിശോധന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.