പാരിപ്പള്ളി ഗവ. മെഡിക്കൽ കോളജിൽ മരുന്ന് ക്ഷാമം
text_fieldsപാരിപ്പള്ളി: സർക്കാർ മെഡിക്കൽ കോളജിലെ ഫാർമസിയിൽ മരുന്ന്ക്ഷാമം രൂക്ഷമായതോടെ പ്രതിസന്ധിയിലായി ആയിരങ്ങൾ. ജില്ലക്കകത്തുനിന്ന് സമീപജില്ലകളിൽ നിന്നുമായി ദിവസവും ആയിരങ്ങൾ ചികിത്സക്കെത്തുന്ന ആശുപത്രിയിൽ മരുന്ന് കിട്ടാനില്ലാത്ത സ്ഥിതിയാണ്.
ഡോക്ടർമാർ നിർദേശിക്കുന്ന മരുന്നിന്റെ കുറിപ്പടിയുമായി ഫാർമസിയിലെത്തിയാൽ ‘ഇല്ലെ’ന്ന മറുപടി മാത്രമാണ് കേൾക്കാനുള്ളതെന്ന് പറയുന്നു. ആന്റിബയോട്ടിക്, കുട്ടികൾക്കുള്ള സിറപ്പ്, ആവശ്യമരുന്നുകൾ ഉൾപ്പെടെയുള്ളവക്കാണ് കടുത്തക്ഷാമം. ഹൃദ്രോഗികളും പക്ഷാഘാതം വന്നവരും കഴിക്കുന്ന മരുന്നുകളും ഫാർമസിയിലില്ല. ഗർഭിണികൾ പതിവായി കഴിക്കേണ്ട ഫോളിക് ആസിഡ് ഗുളിക പോലും കിട്ടാനില്ലാത്ത സ്ഥിതിയാണ്.
അപസ്മാര രോഗികൾക്കുള്ള മരുന്നുകളും രക്തസമ്മർദത്തിന്റെയും പ്രമേഹത്തിന്റെയും മരുന്നുകളും ലഭിക്കുന്നില്ല. മണിക്കൂറുകളോളം ഫാർമസിയിൽ ക്യൂ നിൽക്കുന്ന രോഗികൾക്ക് കുറിപ്പടിയിലുള്ള പകുതിപോലും മരുന്ന് ലഭിക്കാതെ മടങ്ങേണ്ട സ്ഥിതിയാണ്. നിർധന കുടുംബങ്ങളിൽ നിന്നുള്ള രോഗികൾ ഇതോടെ വലിയ പ്രതിസന്ധിയിലായി.
രക്തസമ്മർദത്തിന്റെയും പ്രമേഹത്തിന്റെയുമടക്കം മരുന്നുകൾ ദിവസേന കഴിക്കേണ്ടതാണ് മെഡിക്കൽ കോളജിലേക്ക് ആവശ്യത്തിനുള്ള മരുന്നുകൾ ഒരുവർഷത്തേക്ക് മൊത്തമായാണ് എത്താറുള്ളത്.
ഇതനുസരിച്ച് മെഡിക്കൽ കോളജ് അധികൃതർ നൽകിയ പട്ടിക പ്രകാരമുള്ള മിക്ക മരുന്നുകളും ഇതുവരെ ലഭിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം. കൊണ്ടുവന്ന മരുന്നുകളാകട്ടെ ആവശ്യമായ അളവിൽ ലഭിച്ചിട്ടുമില്ല.
സംസ്ഥാനത്തെ മറ്റ് മെഡിക്കൽ കോളജുകളിൽ പ്രതിവർഷം 35 കോടി രൂപയുടെ മരുന്ന് സർക്കാർ നൽകുമ്പോൾ പാരിപ്പള്ളി മെഡിക്കൽ കോളജിൽ പ്രതിവർഷം എട്ട് കോടി മുതൽ 10 കോടി രൂപ വരെയുള്ള മരുന്ന് മാത്രമാണ് നൽകുന്നത്.
പ്രതിവർഷം 25 കോടി രൂപയുടെ മരുന്ന് ആവശ്യമാണെന്ന് പാരിപ്പള്ളി ഗവ. മെഡിക്കൽ കോളജ് അധികൃതർ ആരോഗ്യവകുപ്പിനെ അറിയിച്ചിരുന്നു. മരുന്ന് വിതരണം ചെയ്യുന്ന കേരള മെഡിക്കൽ സർവിസസ് കോർപറേഷൻ ഡിപ്പോയിൽ ആവശ്യത്തിന് മരുന്ന് എത്താത്തതിനാലാണ് ആശുപത്രിയിൽ മരുന്ന് ക്ഷാമമുണ്ടാകുന്നത്. സർക്കാർ ഏറ്റെടുത്തതോടെ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തുന്ന രോഗികളുടെ എണ്ണം ദിനംപ്രതി വർധിച്ചിട്ടുണ്ട്. ഈ ഘട്ടത്തിലാണ് മരുന്നില്ലാത്തതിനാലുള്ള പ്രതിസന്ധി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.