പാരിപ്പള്ളി മെഡിക്കൽ കോളജിൽ സുരക്ഷ സംവിധാനമില്ല
text_fieldsപാരിപ്പള്ളി: പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ഡോക്ടർമാരുടെയും ആശുപത്രി ജീവനക്കാരുടെയും സുരക്ഷ സംവിധാനങ്ങൾ വർധിപ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ജില്ലയിൽ കൂടുതൽ ആളുകൾ ആശ്രയിക്കുന്ന ആശുപത്രിയാണ് പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രി.
ആശുപത്രിയിലും മെഡിക്കൽ കോളേജിലും ഹോസ്റ്റൽ പ്രദേശങ്ങളിലും ആർക്കും എപ്പോഴും കയറി ചെല്ലാവുന്ന അവസ്ഥയാണ് നിലവിലുള്ളതത്രെ. ആശുപത്രിയ്ക്കുള്ളിൽ അത്യാവശ്യ സുരക്ഷാ
സജ്ജീകരണങ്ങൾ നടത്തിയിട്ടുണ്ട്. എന്നാൽ, മറ്റു പലയിടങ്ങളിലും വേണ്ട സുരക്ഷയില്ല. സുരക്ഷ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ആവശ്യത്തിന് സെക്യൂരിറ്റിക്കാരും പൊലീസ് എയ്ഡ് പോസ്റ്റുകളും പലയിടത്തുമില്ല.
ഒരു പൊലിസ് ഉദ്യോഗസ്ഥൻ മാത്രമാണ് ഇവിടെയുള്ളത്. നിരീക്ഷണ ക്യാമറകൾ പലതും പ്രവർത്തന രഹിതമാണ്. സെക്യൂരിറ്റി ജീവനക്കാരുടെ കൃത്യനിഷ്ഠയിലാണ് കുറച്ചെങ്കിലും സുരക്ഷിതത്വം ഉള്ളത്.
കോളജ് മാനേജ്മെന്റും നഴ്സിങ് ജീവനക്കാരും തമ്മിൽ പോര്
നിലവിൽ പാരിപ്പള്ളി മെഡിക്കൽ കോളേജ് മാനേജ് മെന്റും നഴ്സിങ് ജീവനക്കാരുമായുള്ള പ്രശ്നങ്ങൾ കൂടുതൽ വഷളായി കൊണ്ടിരിക്കുകയാണ്. നഴ്സിങ് ജീവനക്കാരുടെ സമരത്തെ തുടർന്ന് ഉണ്ടായ സംഭവവികാസങ്ങളാണ് പുതിയ പ്രശ്നങ്ങൾക്ക് വഴി തെളിച്ചിരിക്കുന്നത് . മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഹോസ്റ്റല്‍ സൗകര്യങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് ഉണ്ടായിരിക്കെ നഴ്സിങ് ജീവനക്കാരുടെ ഹോസ്റ്റല്‍ വിദ്യാര്‍ഥികള്‍ക്ക് അനുവദിച്ചതിൽ ദുരൂഹത ഉണ്ടെന്ന് നഴ്സിങ് ജീവനക്കാർ ആരോപിക്കുന്നു.
കഴിഞ്ഞ മാസം 31നും ഈ മാസം നാലിനും നടന്ന മെഡിക്കൽ കോളേജ് പ്രിന്‍സിപ്പലുമായുള്ള ചർച്ചയിൽ നഴ്സിങ് വിദ്യാര്‍ഥികളുടെ താമസ സൗകര്യങ്ങള്‍ നിലവില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഇന്റേൺസ് ഹോസ്റ്റലിലേക്ക് മാറ്റുന്നതിന് തീരുമാനം എടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ ചർച്ചയിലെ തീരുമാനം മറികടന്ന് ഏകപക്ഷീയ നിലപാട് സ്വീകരിച്ചതാണ് സമരത്തിന് കാരണമായതത്രെ. മെഡിക്കല്‍ കോളജ് ആശുപത്രിക്ക് മുന്നില്‍ ജീവനക്കാർ നടത്തിയ സമരം ആശുപത്രിയുടെ പ്രവർത്തനത്തെ ബാധിച്ചതോടെ ആരോഗ്യ മന്ത്രിയുടെ ഓഫീസ് മുഖാന്തിരം നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് സമരം അവസാനിച്ചത്. എന്നാൽ അധികൃതരും നഴ്സുമാരും തമ്മിലുള്ള പ്രശ്നങ്ങൾ നിലവിൽ പൂർണ്ണമായും പരിഹരിക്കാൻ കഴിഞ്ഞിട്ടില്ല. ഇത് ആശുപത്രിയുടെ പ്രവർത്തനത്തെ ഇപ്പോഴും ബാധിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.