ആരവമൊടുങ്ങുേമ്പാൾ കൊല്ലം ജില്ലയിൽ എല്ലാവർക്കും പ്രതീക്ഷ
text_fieldsപ്രചാരണ പ്രവർത്തനങ്ങൾ ഉച്ചസ്ഥായിലേക്കെത്തുേമ്പാൾ തങ്ങളുടെ വിലയിരുത്തലുകൾ നേതാക്കൾ പറയുന്നു...
കൊല്ലം: തെരഞ്ഞെടുപ്പ് ആരവങ്ങൾക്ക് ഇന്നവസാനം. കലാശക്കൊട്ടില്ലാതെയാണ് വൈകുന്നേരം പ്രചാരണം അവസാനിക്കുന്നത്. എന്നാൽ, അതിന് സമാനമായതോ അതിനെക്കാളേറെയോ ശബ്ദകോലാഹലങ്ങൾ ഇതിനകം നാട്ടിലാകെ ഉയർന്നുകഴിഞ്ഞു.കോവിഡ് വ്യാപനഭീതിക്കിടയിലും അതൊന്നും ഏശാതെയുള്ള പ്രചാരണ ബഹളങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ നടന്നത്.
വോെട്ടടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കുേമ്പാൾ സ്ഥാനാർഥികളും അവരുടെ പ്രചാരണത്തിന് നേതൃത്വം കൊടുത്തവരും പ്രതീക്ഷയിലാണ്. നിലവിലുള്ള അവസ്ഥയിൽനിന്നൊരു പിന്നാക്കം പോക്ക് എൽ.ഡി.എഫ് നേതാക്കൾ ചിന്തിക്കുന്നേയില്ല. പതിനൊന്നിൽ പതിനൊന്നും തന്നെ അവരുടെ പ്രതീക്ഷയും ഉറപ്പും.എന്നാൽ, കഴിഞ്ഞ തവണയിൽനിന്നുള്ളൊരു ഉയിർത്തെഴുന്നേൽപ് സംഭവിക്കുമെന്ന കാര്യത്തിൽ യു.ഡി.എഫിന് സംശയമേയില്ല.അത് ഏതുവരെ, എത്രത്തോളം എന്നതിലേ സന്ദേഹമുള്ളൂ. കഴിഞ്ഞ പ്രാവശ്യം ഒരിടത്തുവന്ന രണ്ടാം സ്ഥാനത്തുനിന്ന് ഒന്നിലേക്കുള്ള ഉയർച്ച ബി.ജെ.പിയും പ്രതീക്ഷിക്കുന്നു.
പോളിങ് കനക്കും, വിജയവും -എസ്. സുദേവൻ, സി.പി.എം ജില്ല സെക്രട്ടറി
എൽ.ഡി.എഫ് കേരളത്തിൽ വീണ്ടും അധികാരത്തിൽ വരുേമ്പാൾ 11 സീറ്റിലും വിജയം ആവർത്തിച്ച് കൊല്ലം ജില്ലയിലെ പ്രതിനിധികളും ഒപ്പമുണ്ടാകും. കഴിഞ്ഞ കാലഘട്ടങ്ങളിലെക്കാൾ സജീവ പ്രവർത്തനമാണ് നടത്തിയത്. കനത്ത പോളിങ് ശതമാനം ഉണ്ടാകുമെന്നും അത് എൽ.ഡി.എഫിന് ഗുണകരമാകുമെന്നുമാണ് വിലയിരുത്തൽ. അനാവശ്യ വിവാദങ്ങൾക്ക് പിന്നിലെ യാഥാർഥ്യങ്ങൾ മനസ്സിലാക്കുന്ന, ജനം ഭരണത്തുടർച്ച വേണമെന്ന് ആഗ്രഹിക്കുന്നു. ജില്ലയിലെ പ്രചാരണത്തിന് നേതൃത്വം നൽകിവരുന്നതിനിടയിൽ അവസാന ഘട്ടത്തിൽ കോവിഡ് ബാധിച്ചതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. നിർദേശങ്ങൾ നൽകി തുടർന്നും സജീവമായിതന്നെ തെരഞ്ഞെടുപ്പിെൻറ ഭാഗമാകാൻ കഴിഞ്ഞു. രോഗബാധയുണ്ടായ മറ്റ് പ്രവർത്തകരും കഴിയുന്ന പ്രവർത്തനങ്ങൾ നടത്തുന്നു. അവർ മാറിനിൽക്കുേമ്പാൾ പകരം കൂടുതൽ പ്രവർത്തകർ വിടവ് നികത്താനെത്തുന്നു. അടിത്തട്ടിലേക്ക് ആഴ്ന്നിറങ്ങിയ പ്രവർത്തനങ്ങളാണ് ജില്ലയിലെങ്ങും.
അനുകൂലമായി നിശ്ശബ്ദതരംഗം -കെ.സി. രാജൻ, യു.ഡി.എഫ് ജില്ല ചെയർമാൻ
നല്ല വിജയപ്രതീക്ഷയാണ് ഉള്ളത്. പകുതിയിൽ കൂടുതൽ സീറ്റുകൾ യു.ഡി.എഫ് ഇപ്പോൾതന്നെ ഉറപ്പിച്ചുകഴിഞ്ഞു. 2001ലെ വിജയം ആവർത്തിക്കാനും സാധ്യതയുണ്ട്. യു.ഡി.എഫിന് അനുകൂലമായി, കേരളസർക്കാറിന് വിരുദ്ധമായി നിശ്ശബ്ദതരംഗമുണ്ട്. പ്രിയങ്ക ഗാന്ധിയുടെ സന്ദർശനം തെക്കൻകേരളത്തിനെ ഇളക്കിമറിച്ചിട്ടുണ്ട്. ജില്ലയിൽ യു.ഡി.എഫിന് അത് കൂടുതൽ ആവേശം നൽകി. സാധാരണ തെരഞ്ഞെടുപ്പുകളിൽനിന്ന് വ്യത്യസ്തമായി പ്രവർത്തകർ എല്ലാവരും ഉഷാറായി പ്രവർത്തിക്കുകയാണ്. പ്രതികൂലമെന്ന് പ്രവചിച്ച സർവേകളും അതിന് കാരണമാണ്. കൂടുതൽ ജാഗ്രതയും സൂക്ഷ്മതയും പുലർത്തുന്നതിന് പ്രവർത്തകരെ അത് സഹായിച്ചു. തെരഞ്ഞെടുപ്പ് ഫലത്തിൽ അത് പ്രതിഫലിക്കും.
ബഹുദൂരം മുന്നിൽ -എൻ. അനിരുദ്ധൻ, എൽ.ഡി.എഫ് ജില്ല കൺവീനർ
പ്രചാരണം ക്ലൈമാക്സിലെത്തി നിൽക്കുേമ്പാൾ ബഹുദൂരം മുന്നിലെന്നാണ് വിലയിരുത്തൽ. ജില്ലയിൽ മുഴുവൻ മണ്ഡലങ്ങളിലും വീണ്ടും ജയം പിടിക്കാനാകും. റോഡ് ഷോ പോലുള്ള പ്രവർത്തനങ്ങളെക്കാൾ വീടുകൾ കേന്ദ്രീകരിച്ചുള്ള സ്ക്വാഡ്, കുടുംബയോഗങ്ങളിലാണ് ശ്രദ്ധ. എന്തുെകാണ്ട് എൽ.ഡി.എഫിന് വോട്ട് ചെയ്യണമെന്ന സന്ദേശം ഇന്ന് വീടുകളിൽനിന്ന് ലഭിക്കും. ആ രീതിയിലുള്ള ഇടപെടലാണ് നടക്കുന്നത്. അതുതന്നെയാണ് ആത്മവിശ്വാസത്തിനും പിന്നിൽ. അനാവശ്യ വിവാദങ്ങൾ ഉയർത്തി പ്രതിപക്ഷം സ്വയം വിശ്വാസ്യത നശിപ്പിച്ചു. ചെത്തുകാരെൻറ മകനായ പിണറായി വിജയൻ മുഖ്യമന്ത്രി ആകരുതെന്ന ലക്ഷ്യം മാത്രമാണ് അവർക്കുള്ളത്.
2001 ആവർത്തിക്കും-പുനലൂർ മധു, ഡി.സി.സി പ്രസിഡൻറ്
മികച്ച വിജയം നേടുമെന്ന പ്രതീക്ഷയാണ് പ്രചാരണത്തിെൻറ അവസാന മണിക്കൂറുകളിൽ പങ്കുെവക്കാനുള്ളത്. 2001 തീർച്ചയായും ആവർത്തിക്കാൻ കഴിയുമെന്ന ആത്മവിശ്വാസമുണ്ട്. പ്രചാരണമെല്ലാം മികച്ച നിലയിലാണ്. പോരായ്മകൾ എല്ലാ പരിഹരിച്ച് അവസാനഘട്ട പ്രചാരണം ശക്തമായി മുന്നേറുകയാണ്.
പ്രിയങ്ക ഗാന്ധിയുടെ വരവോടെ ജില്ലയിൽ വലിയ മാറ്റമാണ് വന്നത്. അടിത്തട്ടിൽ ഉണ്ടായിരുന്ന ആലസ്യമെല്ലാം പ്രിയങ്ക ഗാന്ധിയുടെ വരവോടെ നീങ്ങി എന്ന് പറയാം. പ്രവർത്തകരും ജനങ്ങളും സ്ഥാനാർഥികളെ ആവേശപൂർവം ഏറ്റെടുത്തുകഴിഞ്ഞു. അത് മികച്ച ജയത്തിന് വഴിയൊരുക്കും.
വിജയം ആവർത്തിക്കും -മുല്ലക്കര രത്നാകരൻ, സി.പി.െഎ ജില്ല സെക്രട്ടറി
ഇടതുപക്ഷത്തിന് കഴിഞ്ഞ തവണത്തെ ജയം ആവർത്തിക്കാൻ കഴിയും. സർക്കാറിെൻറ വികസനത്തെക്കുറിച്ചോ ക്ഷേമത്തെക്കുറിച്ചോ പൊതുപ്രവർത്തനത്തെക്കുറിച്ചോ പരിഹരിക്കാൻ കഴിയാത്ത പരാതി ജനങ്ങൾക്കിടയിലില്ല എന്നതാണ് കാരണം. വളരെക്കാലത്തിന് ശേഷമാണ് ഇത്തരമൊരു സാഹചര്യം. മതേതരത്വ, ജനാധിപത്യ സ്വഭാവം ഒരിക്കലും താഴാതെ നോക്കുന്ന രാഷ്ട്രീയമുള്ള ജില്ലയിൽ കഴിഞ്ഞ വിജയം ആവർത്തിക്കാൻ കഴിയും.വിവാദങ്ങൾ ഏതാനും ദിവസത്തേക്ക് മാത്രമാണ് ചർച്ചയാകുന്നത്. ചെറിയ മനുഷ്യരുടെ വലിയ കാര്യങ്ങളിൽ, ജീവിതത്തിെൻറ സൂക്ഷ്മതലത്തിൽ സ്പർശിക്കാൻ സർക്കാറിനായിട്ടുണ്ട്.അത് വോട്ടുകളാകും. പോളിങ് ശതമാനവും ഇത്തവണ ഉയരും. അതിനനുസരിച്ച് എൽ.ഡി.എഫ് ഭൂരിപക്ഷവും ഉയരുന്നത് കാണാനാകും.
മുഴുവൻ സീറ്റിലും ജയിച്ചാലും അത്ഭുതമില്ല -കെ.എസ്. വേണുഗോപാൽ, ആർ.എസ്.പി ജില്ല സെക്രട്ടറി
കേരളത്തിൽ യു.ഡി.എഫ് മികച്ച ഭൂരിപക്ഷത്തിൽ അധികാരത്തിൽ വരും. കൊല്ലത്ത് കഴിഞ്ഞ തവണത്തേതിൽനിന്ന് നേരെ വിപരീതമായ ഫലമാകും യു.ഡി.എഫിന് അനുകൂലമായി ഉണ്ടാകുക. ഇത്തവണ 11 എണ്ണവും കിട്ടിയാലും അത്ഭുതമില്ല. ഏതായാലും പകുതിയിൽ കൂടുതൽ സീറ്റുകൾ ജില്ലയിൽ യു.ഡി.എഫ് ഉറപ്പിച്ചുകഴിഞ്ഞു.അതിന് മുകളിൽ ലഭിക്കുന്ന സീറ്റുകൾ സംസ്ഥാനത്ത് ഭൂരിപക്ഷം കൂട്ടാൻ മുന്നണിയെ സഹായിക്കും. ആർ.എസ്.പി മൂന്ന് സീറ്റുകളിലും ജയിക്കും. കരുനാഗപ്പള്ളി, ചവറ, കുന്നത്തൂർ, കുണ്ടറ, ഇരവിപുരം, കൊല്ലം മണ്ഡലങ്ങളിലെല്ലാം അതിശക്തമായ യു.ഡി.എഫ് തരംഗമാണുള്ളത്.
ബാക്കി മണ്ഡലങ്ങളും പല കാരണങ്ങളാൽ മുന്നണിക്ക് അനുകൂലമായ സ്ഥിതിയാണുള്ളത്. ജയിക്കും എന്ന ഉറപ്പുള്ളതിനാൽ പ്രവർത്തകർ എല്ലാം വലിയ ആവേശത്തിലാണ്.
മികച്ച പ്രകടനം കാഴ്ചെവക്കും -ബി.ബി. ഗോപകുമാർ, ബി.ജെ.പി ജില്ല പ്രസിഡൻറ്
ഏറ്റവും നല്ല സംഘടനാ പ്രവർത്തനങ്ങളുമായാണ് എൻ.ഡി.എ ജില്ലയിൽ പ്രവർത്തിക്കുന്നത്. കഴിഞ്ഞതവണ രണ്ടാമതെത്തിയ ചാത്തന്നൂർ മണ്ഡലം ഉൾപ്പെടെ ആറ് മണ്ഡലങ്ങളിൽ മികച്ച പ്രതീക്ഷയാണ് മുന്നണിക്കുള്ളത്. ബി.ഡി.ജെ.എസ് ഉൾപ്പെടെ എല്ലാ ഘടകകക്ഷികളുമായും നല്ല െഎക്യത്തിലാണ് നീങ്ങുന്നത്. അത് ലഭിക്കുന്ന വോട്ടുകളുടെ കാര്യത്തിലും പ്രതിഫലിക്കും. മികച്ച പ്രകടനം തന്നെ ബി.ജെ.പിയും സഖ്യകക്ഷികളും ഇത്തവണ കാഴ്ചെവക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.