അലിമുക്ക് അച്ചന്‍കോവില്‍ പാതയില്‍ തുടര്‍ക്കഥയായി വാഹനാപകടങ്ങള്‍
text_fieldsപത്തനാപുരം: അലിമുക്ക് അച്ചൻകോവിൽ പാതയില്‍ വാഹനാപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു. പുനരുദ്ധാരണം കഴിഞ്ഞ കാനനപാതയില്‍ വേഗനിയന്ത്രണ സംവിധാനങ്ങളും സൂചനബോര്‍ഡുകളും സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ രംഗത്ത്. കഴിഞ്ഞ ഒരുമാസത്തിനിടെ വിവിധ ഭാഗങ്ങളിലായി പത്തോളം അപകടങ്ങളാണ് ഉണ്ടായത്.
ആറ് മാസം മുമ്പാണ് തകര്‍ന്ന് കിടന്ന റോഡ് നവീകരണം പൂര്‍ത്തിയാക്കി ഗതാഗതയോഗ്യമാക്കിയത്. ഇതോടെ വാഹനങ്ങളുടെ വേഗവും വര്‍ധിച്ചു. വലിയ വളവുകളും വീതി കുറവുമുള്ള റോഡ് ആയതിനാല്‍തന്നെ വേഗത്തില്‍ എത്തുന്ന വാഹനങ്ങള്‍ അപകടത്തില്‍പെടാന്‍ സാധ്യതയേറെയാണ്. പലയിടങ്ങളിലും വശങ്ങളിലുള്ള കാടുകൾ റോഡിലേക്ക് വളര്‍ന്ന് കിടക്കുകയാണ്. ഇതിനാല്‍തന്നെ എതിരെ വരുന്ന വാഹനങ്ങളോ വശങ്ങളിലെ കുഴികളോ കാണാന്‍ കഴിയാറില്ല.
വനത്തിനുള്ളിലൂടെ കടന്നുപോകുന്ന പാതയിലേക്ക് വന്യമൃഗങ്ങളും എത്താറുണ്ട്. പാതയുടെ വശങ്ങളില് ജനവാസമേഖലകള്‍ കുറവായതിനാല്‍തന്നെ ഏറെ താമസിച്ചാകും അപകടവിവരം മറ്റുള്ളവര്‍ അറിയുന്നത്. കഴിഞ്ഞദിവസം അച്ചന്‍കോവില്‍ തുറ ഭാഗത്തു കാർ താഴ്ചയിലേക്ക് മറിഞ്ഞതാണ് ഒടുവിലെ സംഭവം. വേഗതയിലെത്തിയ വാഹനം നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിയുകയായിരുന്നു. പുനലൂർ സ്വദേശികളായിരുന്ന യാത്രക്കാര്‍ നിസ്സാരപരിക്കുകളോടെ രക്ഷപ്പെട്ടു.
ശബരിമല തീർഥാടനകാലമായതില് പാതയില്‍ തിരക്കും വര്‍ധിച്ചിട്ടുണ്ട്. പാതയില്‍ ഹമ്പുകളും അപകടമേഖലകള്‍ മനസ്സിലാക്കാനായി ബോര്‍ഡുകളും സ്ഥാപിക്കണമെന്നാവശ്യം ശക്തമാകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.