അമീബിക് മസ്തിഷ്ക ജ്വരം: പ്രതിരോധപ്രവര്‍ത്തനം ഊർജിതം
text_fieldsപത്തനാപുരം: അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ച മേഖലകളില്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളും ബോധവത്കരണവും നടന്നു. പത്തനാപുരം പഞ്ചായത്തിലെ വാഴപ്പാറ സ്വദേശിയായ ആറ് വയസ്സുകാരനാണ് കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ചത്. എപ്പിഡമോളജിസ്റ്റിന്റെ സംഘം അടുത്ത ദിവസം സന്ദർശനം നടത്തും.
സ്റ്റേറ്റ് ഫാമിങ് കോര്‍പറേഷന്റെ ലയത്തിലാണ് കുടുംബം താമസിക്കുന്നത്. ഫാമിങ് കോര്‍പറേഷന്റെ നേതൃത്വത്തില്‍ കുട്ടിയുടെ വീടും പരിസരവും ശുചീകരിക്കുകയും സമീപത്തെ തോട്ടമേഖലയിലെ കാടുകള്‍ നീക്കം ചെയ്യുകയും ചെയ്തു. ആരോഗ്യവകുപ്പിന്റെ മേല്‍നോട്ടത്തില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ബോധവത്കരണം നല്കി.
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ 17ന് നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. ഒരാഴ്ച മുമ്പ് രോഗം കണ്ടെത്തിയ തലവൂര്‍ തത്തമംഗലം സ്വദേശിയായ പത്ത് വയസ്സുകാരന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. രോഗം സ്ഥീരീകരിച്ചതുമായി ബന്ധപ്പെട്ട് പ്രത്യേകം സർവേയും വരുംദിവസങ്ങളില്‍ മേഖലയില്‍ നടക്കും. അമീബിക് മസ്തിഷ്ക ജ്വരം റിപ്പോർട്ട് ചെയ്തിട്ടുള്ളതിന്റെ അടിസ്ഥാനത്തിൽ തലവൂര്‍ തത്തമംഗലം വാര്‍ഡില്‍ ബോധവത്കരണക്ലാസ് നൽകി. പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫിസര്‍ ഇന്‍ ചാർജ് ഡോ. നീതു ജലീലിന്റെ നേതൃത്വത്തിലാണ് ക്ലാസ് നടന്നത്. വാർഡ് മെംബർ ശശികലാമോഹന്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സുഭാഷ്, വീണാ കുമാരി, രജനി, ഹസീന എന്നിവര്‍ നേതൃത്വം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.