വാഹനപരിശോധനക്കിടെ മൃഗവേട്ട സംഘം പിടിയിൽ
text_fieldsപത്തനാപുരം: ആധുനിക ഉപകരണങ്ങളുമായി മൃഗവേട്ട സംഘം പിടിയിൽ. കറവൂര്‍ അനില്‍ ഭവനില്‍ അനില്‍ ശര്‍മ (39), സന്ന്യാസിക്കോണ്‍ നിഷാന്ത് വിലാസത്തില്‍ കെ. ഷാജി (39), അഞ്ചല്‍ ഏറം സ്വദേശികളായ സരസ്വതി വിലാസത്തില്‍ ജയകുമാര്‍ (42), ഗോപി വിലാസത്തില്‍ പ്രദീപ് (49) എന്നിവരാണ് അറസ്റ്റിലായത്.
അലിമുക്ക് കറവൂര്‍ പാതയില്‍ നടത്തിയ വാഹനപരിശോധനയിലാണ് വന്യമൃഗങ്ങളുടെ ഇറച്ചിയുമായി സ്കൂട്ടറിലെത്തിയ പ്രതികള്‍ പിടിയിലാകുന്നത്.
വനംവകുപ്പിെൻറ ഫ്ലൈയിങ് സ്ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. പ്രതികള്‍ നല്കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ കറവൂര്‍ ചണ്ണക്കാമണ്ണിലുളള ഫാം ഹൗസ് കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ രണ്ട് മ്ലാവിെൻറ അവശിഷ്്ടങ്ങളും ലേസര്‍ ഘടിപ്പിച്ച തോക്ക്, വെടിയുണ്ട, കരിമരുന്ന്, കത്തിയടക്കമുള്ള ആയുധങ്ങള്‍, ഇറച്ചി തൂക്കിനല്‍കുന്ന ഇലക്ട്രിക് ത്രാസ് എന്നിവയും കണ്ടെടുത്തിട്ടുണ്ട്.
പുനലൂര്‍ മേഖലയിലെ അഞ്ച് വീടുകള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ വില്പന നടത്തിയ ഇറച്ചിയും കണ്ടെത്തി. ഇറച്ചി ഡി.എന്‍.എ പരിശോധനക്കായി അയച്ചു. ഫലം വരുന്ന മുറക്ക് പ്രതിചേര്‍ക്കുമെന്ന് പത്തനാപുരം റേഞ്ച് ഓഫിസര്‍ ബി. ദിലീപ് പറഞ്ഞു.
നാലുദിവസം മുമ്പ് പത്തനാപുരം കടയ്ക്കാമണ്ണില്നിന്ന് മുള്ളന്‍ പന്നിയെ വെടിവെച്ച് കൊന്നതിനും ഇവര്‍ക്കെതിരെ മറ്റൊരു കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
പിടികൂടിയ തോക്ക് കോടതിയുടെ നിര്‍ദേശ പ്രകാരം പരിശോധനക്ക് പൊലീസിന് കൈമാറും. അറസ്റ്റിന് ഫ്ലയിങ് സ്ക്വാഡ് ഡി.എഫ്.ഒ ബൈജു കൃഷ്ണന്, പുനലൂര്‍ ഡി.എഫ്.ഒ ത്യാഗരാജന്, ഫ്ലൈയിങ് സ്ക്വാഡ് റേഞ്ച് ഓഫിസര്‍ എസ്. അനീഷ്, ഡെപ്യൂട്ടി റേഞ്ച് ഓഫിസര്‍മാരായ എ.നിസാം, കെ. സനില്‍ എന്നിവര്‍ പരിശോധന സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.