തകര്‍ന്ന കനാല്‍ പാലത്തിന് മുകളില്‍ ‘നാട്ടുകാരുടെ പാലം’
text_fieldsപത്തനാപുരം: കല്ലട ഇറിഗേഷന്‍ പ്രോജക്ടിന്റെ മെയിന്‍ കനാലിന് കുറുകെ തകര്‍ന്നുകിടക്കുന്ന പുന്നല ചാച്ചിപ്പുന്ന കോഴിപ്പാലം പുനര്‍ നിര്‍മിച്ചില്ല.
കൊച്ചുകുട്ടികളടക്കം ജീവന് കൈയില്‍ പിടിച്ചാണ് തകര്‍ന്ന പാലത്തിലൂടെ ഇരുകരകളിലേക്കും സഞ്ചരിക്കുന്നത്. കഴിഞ്ഞ ഏപ്രില്‍ നാലിനാണ് കാലപ്പഴക്കത്താൽ പാലം തകര്‍ന്നുവീണത്. വലിയ ശബ്ദത്തോടെ പാലം മധ്യഭാഗത്ത് വെച്ച് ഒടിയുകയായിരുന്നു.
ഇതോടെ മേഖലയിലെ 38ലധികം കുടുംബങ്ങളാണ് ഒറ്റപ്പെട്ടത്. കല്ലട ഇറിഗേഷൻ പ്രൊജക്ടിന്റെ ഭാഗമായുള്ള വലതുകര കനാലിന് കുറുകെയുള്ള പാലമാണ് തകർന്നത്.
പുന്നല നായ്ക്കരിമ്പിൽ നിന്നും മൈക്കണ്ണായിലേക്ക് വരുന്നതിനായി ജനങ്ങളുടെ ഏക ആശ്രയമായിരുന്നു കോഴിപാലം. നാല്പത് വർഷത്തോളം പഴക്കമുള്ള പാലം അറ്റകുറ്റപ്പണികളില്ലാത്തതിനാലാണ് തകർന്നതെന്ന് നാട്ടുകാര്‍ പറയുന്നു.
ഇതിനിടെ പാലത്തിലൂടെ സഞ്ചരിക്കാനായി നാട്ടുകാര്‍ അടയ്ക്കമരം ഉപയോഗിച്ച് താല്‍ക്കാലിക സംവിധാനം ഒരുക്കി. ഗ്രാമപഞ്ചായത്ത് അംഗത്തിന്റെ നിര്‍ദേശപ്രകാരമായിരുന്നു പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. എന്നാല്‍ ഇതിനാവശ്യമായ സാമ്പത്തിക സഹായം പോലും പഞ്ചായത്തോ ജനപ്രതിനിധിയോ നല്‍കിയില്ലെന്നും പ്രദേശവാസികള്‍ ആരോപിക്കുന്നു. പാലം തകര്‍ന്ന സമയത്ത് സ്ഥലം സന്ദര്‍ശിച്ച കെ.ബി. ഗണേഷ്കുമാര് എം.എല്‍.എ ജലസേചനവകുപ്പില്‍ നിന്നും ഫണ്ട് അനുവദിപ്പിച്ച് പാലം നിര്‍മിക്കാമെന്ന് വാഗ്ദാനം നല്‍കിയിരുന്നു.
എന്നാല്‍ അതും പാലിക്കപ്പെട്ടില്ല. കനാലിന് കുറുകെ പുതിയ പാലം നിര്‍മിച്ച് നാട്ടുകാരുടെ യാത്ര ദുരിതത്തിന് പരിഹാരം കാണണമെന്നാവശ്യം ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.