ഉപ കനാലുകള്‍ തുറന്നില്ല; കാര്‍ഷികമേഖല കരിഞ്ഞുണങ്ങുന്നു
text_fieldsപത്തനാപുരം: സബ് കനാലുകള്‍ വഴി ജലവിതരണം ആരംഭിക്കാത്തതിനാൽ കാര്‍ഷികമേഖല കരിഞ്ഞുണങ്ങുന്നു. കിഴക്കന്‍മേഖലയിലെ കൃഷിയിടങ്ങള്‍ മിക്കതും കരിഞ്ഞുണങ്ങുമ്പോഴും കെ.ഐ.പിയുടെ സബ്കനാലുകള്‍ വഴിയുള്ള ജലസേചനം ആരംഭിക്കാത്തത് പ്രതിഷേധങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ആഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ അപ്രതീക്ഷിതമായുണ്ടായ കനത്ത മഴയിലും കാറ്റിലും പകുതിയിലധികം കാര്‍ഷികവിളകൾ നശിച്ചത് കര്‍ഷകരുടെ ജീവിതം പ്രതിസന്ധിയിലാക്കിയിരുന്നു.
ജലാശയങ്ങളെല്ലാം വറ്റിവരണ്ടു. കിഴക്കന്‍മേഖലയിലെ കര്‍ഷകര്‍ക്ക് വേനല്‍ക്കാലത്ത് കെ.ഐ.പി കനാല്‍ വഴിയുള്ള ജലസേചനമാണ് ആശ്വാസം. എന്നാല്‍ വേനല്‍ കനത്ത് കാര്‍ഷികവിളകള്‍ ഉണങ്ങിക്കരിയാന്‍ തുടങ്ങിയിട്ടും സബ് കനാലുകള്‍ വഴിയുള്ള ജലസേചനം ആരംഭിക്കാന്‍ അധികൃതര്‍ ഇനിയും തയാറായിട്ടില്ല. തെന്മലഡാമില്നിന്ന് ആരംഭിക്കുന്ന കല്ലട ജലസേചനപദ്ധതിയുടെ ഭാഗമായുള്ള രണ്ട് കനാലുകളില്‍ വലതുകര കനാലാണ് കിഴക്കന്മേഖലയിലൂടെ കടന്നുപോകുന്നത്.
ഇതില്‍ നിന്നാരംഭിക്കുന്ന നിരവധി സബ്കനാലുകള്‍ വഴിയാണ് ഗ്രാമീണമേഖലകളില്‍ ജലമെത്തുന്നത്. മാത്രമല്ല മിക്കയിടങ്ങളിലും കനാലുകള്‍ ശുചീകരിച്ചിട്ടുമില്ല. കാര്ഷികാവശ്യങ്ങള്ക്കുപുറെമ നിരവധിയാളുകള്‍ വരള്‍ച്ച സമയങ്ങളില്‍ ഗാര്‍ഹികാവശ്യങ്ങള്‍ക്കുപോലും ഈ ജലം ഉപയോഗിക്കുന്നുണ്ട്.
വിളകള്‍ കരിഞ്ഞുണങ്ങാന്‍ തുടങ്ങിയതോടെ പാട്ടത്തിനെടുത്തും വായ്പയെടുത്തും കൃഷി ചെയ്യുന്നവരാണ് ഏറെ ദുരിതത്തിലായിരിക്കുന്നത്. വരള്‍ച്ച കനത്തിട്ടും കനാലുകള്‍ വഴിയുള്ള ജലസേചനം ആരംഭിക്കാത്തതില്‍ പ്രതിഷേധവും ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.