നടുക്കുന്ന് -അലിമുക്ക് പാതനിർമാണം: പ്രവര്‍ത്തനം ആരംഭിച്ചു
text_fieldsപത്തനാപുരം: ആധുനിക സാങ്കേതികവിദ്യയായ എഫ്.ഡി.ആർ ഉപയോഗിച്ച് ടാറിങ് നടത്തുന്ന അലിമുക്ക്-നടുക്കുന്ന് റോഡിന്റെ നിർമാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. പത്തനാപുരം മണ്ഡലത്തിലെ പള്ളിമുക്കിന് സമീപം തുടങ്ങി പുന്നല, കറവൂര്‍ വഴി അലിമുക്കുവരെ നീളുന്ന പാതയാണ് ഫുൾ ഡെപ്ത് റെക്ലമേഷൻ (എഫ്.ഡി.ആർ) എന്ന ജർമൻ സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമിക്കുന്നത്. മണ്ഡലത്തില്‍ എഫ്.ഡി.ആര് ടെക്നോളജിയിൽ നിർമിക്കുന്ന രണ്ടാമത്തെ പാതയാണിത്.
റീക്ലൈമർ യന്ത്രം ഉപയോഗിച്ച് പഴയ ടാറിട്ട റോഡ് ആഴത്തിൽ ഉഴുതുമറിച്ച് പൊടിച്ചെടുത്താണ് പുതിയ നിർമാണത്തിനുള്ള അസംസ്കൃത വസ്തു തയാറാക്കുന്നത്. ഇങ്ങനെ റോഡ് ഇളക്കിമറിക്കുമ്പോൾ റീക്ലൈമർ യന്ത്രത്തിനൊപ്പം വലിയ ടാങ്കർ ലോറിയിൽ ഘടിപ്പിച്ച വെള്ളവും ആവശ്യാനുസരണം ലഭ്യമാക്കും. രണ്ടാം ഘട്ടമായി യന്ത്രസഹായത്തോടെ റോഡിലാകെ ഒരേ ഘനത്തിൽ സിമെന്റ് പൊടിയും പിന്നാലെ ആൽപ്പേവ് എന്ന വെള്ള രാസമിശ്രിതവും നിരത്തും. തുടർന്ന് വീണ്ടും റീക്ലൈമർ യന്ത്രം ഇറക്കി മുമ്പുണ്ടായിരുന്ന പഴയ റോഡിലെ മെറ്റലും ടാറും മണ്ണും ഉൾപ്പെടെയുള്ളവ വെള്ളവുമായി കലർത്തി റോഡിൽതന്നെ മിശ്രിതം തയാറാക്കും. പിന്നീട് വൈബ്രേഷൻ കംപ്രസിങ് യന്ത്രം ഉപയോഗിച്ച് നിരവധി തവണ റോഡ് ഉറപ്പിക്കും.
തുടർന്ന് യന്ത്രസഹായത്തോടെ മിശ്രിതം ഒരേ അളവിൽ എല്ലായിടത്തും നിരത്തുകയും ഉറപ്പിക്കുകയും ചെയ്യും. ഇങ്ങനെ തയാറാക്കുന്ന റോഡിലേക്ക് 72 മണിക്കൂർ വാഹനയാത്ര സാധ്യമാകില്ല. ഇതിന് മുകളിൽ ബി.സി നിലവാരത്തിൽ ടാറിങ് നടത്തുന്നതോടെ നിർമാണം സമ്പൂർണമാകും. പൊടി പാറാതെയും ചെലവ് കുറച്ചും പുതുതായി മെറ്റലും അമിതമായി അസംസ്കൃത വസ്തുക്കളുമൊന്നും ഇല്ലാതെ തികച്ചും ഹരിതസൗഹൃദമാണ് നിർമാണം. പത്തനാപുരം മണ്ഡലത്തിൽ ഇത്തരത്തിൽ മൂന്ന് റോഡുകളാണ് നിർമിക്കുന്നത്. നിർമാണം ആരംഭിച്ച പള്ളിമുക്ക് ഏനാത്ത് റോഡിന്റെ പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.