വനദീപ്തി കൂടുതല്‍ ദീപ്തമാകുന്നു
text_fieldsപത്തനാപുരം: കാടിനെ പറ്റി അറിയാനും കാടിന്റെ സ്പന്ദനങ്ങള്‍ മനസ്സിലാക്കാനും വനദീപ്തി സ്വഭാവിക വനത്തില്‍ സഞ്ചാരികള്‍ക്കായി കൂടുതല്‍ സജ്ജീകരണങ്ങള്‍ ഒരുങ്ങുന്നു.
പിറവന്തൂര്‍ പഞ്ചായത്തിലെ പത്തുപറ മനുഷ്യനിർമിത വനത്തിലാണ് സൗകര്യങ്ങള്‍ ഒരുക്കി കാടിന്റെ നന്മയും നിറവും പൊതുജനങ്ങളില്‍ എത്തിക്കാനുള്ള പദ്ധതികള്‍ക്ക് തുടക്കമിടുന്നത്.
2012ല്‍ പ്രദേശവാസികളുടെ സഹകരണത്തോടെ സാമൂഹിക വനവത്കരണത്തിന്റെ ഭാഗമായാണ് വനാതിര്‍ത്തിയില്‍ ഫലവര്ഗ്ഗമരങ്ങളും കാട്ടുമരങ്ങളും വച്ചു പിടിപ്പിച്ചത്. 2000ത്തില്‍ അക്വേഷ്യ തോട്ടമായിരുന്നു ഇവിടെ. ശെന്തുരുണി, അച്ചന്‍കോവില്‍ വനമേഖലകളിലെ നിരവധി അപൂർവ വൃക്ഷങ്ങളും നാട്ടിൻപുറങ്ങളില്‍ കാണുന്ന വിവിധ മരങ്ങളും 5.7 ഹെക്ടർ വനഭൂമിയിൽ ഉണ്ട്. കാടിനുള്ളിൽ നിന്ന് പക്ഷിമൃഗാദികൾ സ്വാഭാവിക വനത്തിലേക്ക് എത്തുന്നുണ്ട്. 13 വര്‍ഷംകൊണ്ട് മിക്ക വൃക്ഷങ്ങളും വളർച്ചയെത്തി. തൈകളുടെ പരിപാലനം പൂർത്തിയായതോടെ പ്രദേശം വനം വകുപ്പിന് കൈമാറി. വനദീപ്തി പ്രദേശത്ത് കൂടുതല്‍ സൗകര്യമൊരുക്കി സ്വാഭാവിക വനം ആസ്വദിക്കാന്‍ അവസരമൊരുക്കുന്ന പദ്ധതിക്ക് പൊതുപ്രവര്‍ത്തകരായ സുഭാഷ് ജി നാഥും ഫ്രാന്‍സിസും ചേര്‍ന്ന് രൂപരേഖ തയ്യാറാക്കി നല്കി. കെ.ബി.ഗണേഷ് കുമാര്‍ എം.എല്‍.എ വഴി പദ്ധതി വനംവകുപ്പിന് സമര്‍പ്പിക്കുകയും സര്‍ക്കാര്‍ അനുമതിയോടെ പ്രാരംഭഘട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയുമായിരുന്നു. 10 വർഷത്തിനുള്ളിൽ ഇവിടെ നിബിഡവനം ആയി മാറുമെന്നാണ് വകുപ്പിന്റെ കണക്കുകൂട്ടൽ. നിലവില്‍ ഇവിടെ എത്തുന്നവർക്കായി വനംവകുപ്പ് പ്രത്യേക ക്ലാസ്സുകൾ നടത്തുന്നുണ്ട്. വനംവകുപ്പിനെ വിജ്ഞാനകേന്ദ്രം, വനശ്രീ വിപണനകേന്ദ്രം, വൃക്ഷത്തൈ വിതരണ കേന്ദ്രം എന്നിവ ഇതിനുള്ളിൽ പ്രവർത്തിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.