മകനെ വെട്ടിയശേഷം കിണറ്റിൽ ഒളിച്ചിരുന്നയാളെ രക്ഷപ്പെടുത്തി
text_fieldsപത്തനാപുരം: സ്വത്ത് തർക്കത്തിന്റെപേരിൽ മകനെ വെട്ടി പരിക്കേൽപിച്ച ശേഷം പിതാവ് കിണറ്റിലിറങ്ങി ഒളിച്ചിരുന്നു. ഇയാളെ അഗ്നിരക്ഷാസേനയെത്തി കരക്കെത്തിച്ചു. തലവൂർ പാണ്ടിത്തിട്ട പേഴുംകാല ജങ്ഷനിൽ കൈതോട്ടത്തിൽ വീട്ടിൽ നാരായണൻപിള്ളയാണ് (77) മകൻ ബിജുനെ (42) വെട്ടി പരിക്കേൽപിച്ചത്. ഇരുവരും മാത്രമാണ് വീട്ടില്‍ താമസം. നിരന്തരം സ്വത്തിന്റെപേരിൽ ഇരുവരും തർക്കം നടക്കാറുണ്ട്.
കഴിഞ്ഞദിവസം വൈകീട്ട് ബിജു മദ്യപിച്ച് അബോധാവസ്ഥയിൽ കിടന്നുറങ്ങുകയായിരുന്നു. വീട്ടിലേക്കെത്തിയ നാരായണൻപിള്ള മകന്റെ വയറ്റിലും കൈയിലും വെട്ടുകത്തികൊണ്ട് വെട്ടി. തുടര്‍ന്ന് വീടിന് സമീപത്തെ കിണറ്റിലിറങ്ങി ഒളിച്ചിരുന്നു.
ഞായറാഴ്ച രാവിലെ ബിജു ഉണർന്നപ്പോൾ പിതാവിനെ കാണാതിരുന്നതിനെ തുടർന്ന് സുഹൃത്തിനെ വിളിച്ച് വിവരം അറിയിച്ചു. ഇവർ നടത്തിയ തെരച്ചിലിലാണ് നാരായണൻപിള്ള കിണറ്റിൽ കിടക്കുന്നതായി കണ്ടത്.
മരിച്ചുകിടക്കുകയാണെന്ന് സംശയം തോന്നിയ നാട്ടുകാർ വിവരം പൊലീസിലറിയിച്ചു. പൊലീസും അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് നാരായണൻപിള്ളയെ കിണറ്റിൽനിന്നെടുക്കാൻ ശ്രമിച്ചപ്പോൾ ഇദ്ദേഹത്തിന് ജീവനുള്ളതായി മനസ്സിലായി.
തുടർന്ന് കരക്ക് കയറ്റി പൊലീസ് ചോദ്യം ചെയ്തു. തുടര്‍ന്നാണ് സംഭവം മറ്റുള്ളവര്‍ അറിയുന്നത്. മകനെ വെട്ടി പരിക്കേൽപിച്ചശേഷം കിണറ്റിലിറങ്ങി ഒളിച്ചതാണെന്ന് നാരായണൻപിള്ള പൊലീസിനെ അറിയിച്ചു. ഇരുവരെയും സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.