സംസ്കരണത്തിന് സംവിധാനമില്ല; വിളക്കുടി ഗ്രാമപഞ്ചായത്തിലെ പാതയോരങ്ങളിലെ മാലിന്യം തള്ളൽ വര്‍ധിക്കുന്നു
text_fieldsപത്തനാപുരം: വിളക്കുടി ഗ്രാമപഞ്ചായത്തിലെ പാതയോരങ്ങളില്‍ മാലിന്യംതള്ളൽ വർധിക്കുന്നു. മാലിന്യസംസ്കരണത്തിന് കൃത്യമായ സംവിധാനം ഒരുക്കാത്തത് കാരണം പൊതുയിടങ്ങളിലെല്ലാം മാലിന്യക്കൂമ്പാരമാണ്. പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്നത് തുടർന്നിട്ടും തടയുന്നതിനോ നീക്കം ചെയ്യുന്നതിനോ നടപടിയില്ലെന്നും ആക്ഷേപം ഉയരുന്നുണ്ട്. കുന്നിക്കോട് ടൗണിൽ പോസ്റ്റോഫിസ് ജങ്ഷൻ, ദേശീയപാതയോരത്ത് വിളക്കുടി സ്കൂളിനും ലിറ്റിൽ ഫ്ലവർ ആശുപത്രിക്കും മധ്യേയുള്ള സ്ഥലം, പേപ്പർമിൽ-പനമ്പറ്റ റോഡിൽ പേപ്പർമില്ലിനു സമീപം, പഞ്ചായത്ത് ഓഫിസിനും ശാസ്ത്രി ജങ്ഷനും മധ്യേയുള്ള വളവ് തുടങ്ങിയ ഇടങ്ങളിലെല്ലാം മാലിന്യം തള്ളൽ തുടര്‍ക്കഥയാണ്. ഈ പ്രദേശങ്ങളിലെല്ലാം തെരുവ് നായ്ക്കളുടെ ശല്യവും രൂക്ഷമാണ്. ദുർഗന്ധം കാരണം മേഖലയിലൂടെ മൂക്കുപൊത്താതെ കടന്നുപോകുക അസാധ്യമാണ്.
വീടുകളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച് സംസ്കരിക്കാൻ അയക്കുന്ന ഹരിതകർമസേനയുടെ പ്രവർത്തനവും ഭാഗികമാണ്. ആദ്യഘട്ടമായി രൂപവത്കരിച്ച ഹരിതകർമസേനയിൽ 12 അംഗങ്ങൾ മാത്രമാണുള്ളത്. 20 വാർഡുകളിലും ഹരിതകർമസേനയുടെ പ്രവർത്തനം വ്യാപിപ്പിക്കാൻ കഴിഞ്ഞദിവസം ഗ്രാമപഞ്ചായത്ത് തീരുമാനിച്ചിരുന്നു. ഇതിനായി ഓരോ വാർഡിലും രണ്ടുപേർ വീതമുള്ള ടീമിനെ തെരഞ്ഞെടുത്തെങ്കിലും പ്രവർത്തനം തുടങ്ങാനായിട്ടില്ല.
മാലിന്യം ശാസ്ത്രീയമായി സംസ്കരിക്കുന്നതിന് പഞ്ചായത്തിൽ ഇതുവരെ സംവിധാനമില്ല. സ്ഥലസൗകര്യം ഇല്ലാത്തതാണ് പ്രധാന വെല്ലുവിളി. പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള മാർക്കറ്റ്, തേക്കിൻമുകൾ തുടങ്ങിയ സ്ഥലങ്ങളിൽ മാലിന്യസംസ്കരണത്തിന് നടപടി തുടങ്ങിയപ്പോഴെല്ലാം ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു.
കഴിഞ്ഞ ബജറ്റില്‍ മാലിന്യസംസ്കരണത്തിന് സ്ഥലം വാങ്ങാൻ ഫണ്ട് മാറ്റി വച്ചിരുന്നു. എന്നാല്‍, അംഗീകാരം ലഭിക്കാഞ്ഞതിനാല്‍ തുടര്‍പ്രവര്‍ത്തനങ്ങള്‍ ഉണ്ടായില്ല. പൊതുസ്ഥലങ്ങളിലെ മാലിന്യം നീക്കംചെയ്ത് മാലിന്യസംസ്കരണത്തിന് ശാശ്വതപരിഹാരം ഉണ്ടാക്കണമെന്നാണ് ആവശ്യം ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.