അപകടച്ചുഴിയായി കല്ലടയാറ്റിലെ എലിക്കാട്ടൂര്‍ കടവ്
text_fieldsപത്തനാപുരം: കല്ലടയാറ്റിലെ എലിക്കാട്ടൂര്‍ ഭാഗത്തെ അപകടച്ചുഴി ജീവനുകള്‍ കവരുന്നു. കടവ് നിയന്ത്രണമേഖലയാക്കണമെന്നും അപായസൂചന ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്നും ആവശ്യം ശക്തമാകുന്നു. പ്രതിവര്‍ഷം നിരവധിപേരാണ് ഇവിടെ അപകടത്തില്‍പെടുന്നത്.
കഴിഞ്ഞ ദിവസം പുനലൂര്‍ പോളിടെക്നിക്കിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥി അപകടത്തില്‍പെട്ട് മരിച്ചതാണ് ഒടുവിലെ സംഭവം. എലിക്കാട്ടൂര്‍ കുളിക്കടവ് വേനൽക്കാലത്ത് പോലും വലിയ കുഴിയും ചുഴിയുമുള്ള സ്ഥലമാണ്. ഇവിടെ കഴിഞ്ഞ അഞ്ചു വർഷത്തിനിടെ നിരവധി ജീവനുകൾ പൊലിഞ്ഞത്. പരിചിതരും നീന്തൽവശമുള്ളവരും പോലും ഈ കടവിൽ ഇറങ്ങാറില്ല.
പരിചിതർ അല്ലാത്തവർ എത്തിയാൽ നാട്ടുകാർ അപകടസൂചന നൽകാറുണ്ട്. വലിയ പാലത്തിന്റെ ഇരുകരകളിലും ആറ്റിലേക്ക് ഇറങ്ങാന്‍ കടവുകളുണ്ട്. മരിച്ച എൻജിനീയറിങ് വിദ്യാര്‍ഥിയുടെ മൃതദേഹം 18 അടി താഴ്ചയില്‍ നിന്നാണ് മുങ്ങല്‍ വിദഗ്ധര്‍ കണ്ടെത്തിയത്. ഇവിടെ ഇത്ര അപകടകരമായ സ്ഥലമായിട്ടും പഞ്ചായത്തോ മറ്റ് അധികൃതരോ അപകട സൂചനബോർഡ് പോലും സ്ഥാപിച്ചിട്ടില്ലെന്ന പരാതിയും നാട്ടുകാർക്കുണ്ട്.
സ്കൂൾ, കോളജ് വിദ്യാർഥികളടക്കം നിരവധി പേരാണ് ഇവിടേക്കെത്തുന്നത്. മൂന്നുമാസം മുമ്പ് പത്തനാപുരം പിടവൂർ കുറ്റിമൂട്ടിൽ കടവിൽ കൂട്ടുകാരിയുടെ വീട്ടിൽ എത്തിയ കോന്നി സ്വദേശിയായ വിദ്യാർഥിനി സെൽഫി പകർത്തുന്നതിനിടെ ആറ്റിൽ അകപ്പെട്ട് മരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.