കല്ലുംകടവ് പാലം തകർച്ച; പത്തനാപുരത്ത് ഗതാഗതം താറുമാറായി
text_fieldsപത്തനാപുരം : പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ കല്ലുംകടവ് പാലത്തിന്റെ ഒരു വശത്തെ അപ്രോച്ച് റോഡ് ഇടിഞ്ഞിറങ്ങിയതിനെ തുടര്‍ന്ന് നഗരത്തിലെ ഗതാഗതസംവിധാനം താറുമാറായി. നഗരത്തില്‍ എത്തുന്ന യാത്രക്കാര്‍ ഒരു കിലോമീറ്ററോളം നടന്നാണ് പാലത്തിന്റെ മറുവശത്തെ സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ എത്തുന്നത്.
പുനലൂര്‍, കൊട്ടാരക്കര ഭാഗത്ത് നിന്ന് വരുന്ന ബസുകള്‍ ടൗണില്‍ യാത്ര അവസാനിപ്പിക്കും. തുടര്‍ന്ന് അവിടെ നിന്ന് ചന്തമുക്ക്, ജനതാ ജങ്ഷന്‍ കഴിഞ്ഞ് വേണം നിർമാണം നടക്കുന്ന പാലത്തിന്റെ ഒരു വശത്ത് കൂടി കല്ലുംകടവ് പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ എത്തിച്ചേരാന്‍.
അവിടെ നിന്നുമാണ് പത്തനംതിട്ട, അടൂര്‍ ഭാഗങ്ങളിലേക്ക് ബസുകള്‍ ലഭിക്കുക. ചെറിയ വാഹനങ്ങളില്‍ പത്തനംതിട്ട ഭാഗത്ത് നിന്ന് വരുന്നവർ ഇടത്തറമുക്കില്‍ നിന്നും തിരിഞ്ഞ് പാതിരിക്കൽ വഴി പത്തനാപുരത്തേക്ക് പോകാം. അടൂര്‍ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ പുതുവൽ ശാലേപുരം ജങ്ഷനിൽ എത്തി തിരിഞ്ഞ് കുണ്ടയം മഞ്ചള്ളൂർ വഴി പത്തനാപുരം ടൗണിൽ കയറാം.
മഞ്ചള്ളൂർ എത്തി കവല ജങ്ഷനിലൂടെ പുനലൂർ ഭാഗത്തേക്കും പോകാം. ഗതാഗതം തിരിച്ച് വിട്ടിട്ടുണ്ടെങ്കിലും ഇതെല്ലാം ചെറിയ റോഡുകളാണ്. വലിയ വാഹനങ്ങള്‍ക്കൊന്നും ഈ പാതകളിലൂടെ കടന്നുപോകാന്‍ കഴിയില്ല.
ഇതിനാല്‍ തന്നെ അന്യസംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്ന ചരക്ക് വാഹനങ്ങള്‍ കൊട്ടാരക്കര എത്തി എം.സി റോഡ് വഴിയോ കൊല്ലത്ത് എത്തി ദേശീയപാത വഴിയോ മാത്രമേ കടന്നുപോകാന്‍ കഴിയൂ. ചൊവ്വാഴ്ചയോടുകൂടിയേ പാലത്തിലൂടെയുള്ള ഗതാഗതം പുനസ്ഥാപിക്കാന്‍ കഴിയൂവെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.