കല്ലുംകടവ് പാലം പൂർത്തീകരണത്തിലേക്ക്; പാലത്തിന്റെ കോണ്‍ക്രീറ്റിങ് പൂര്‍ത്തിയായി
text_fieldsപത്തനാപുരം: പുനലൂർ പൊൻകുന്നം കെ.എസ്.ടി.പി.എ റോഡിന്റെ ഭാഗമായി നിർമിക്കുന്ന കല്ലുംകടവ് പാലത്തിന്റെ കോണ്‍ക്രീറ്റ് പൂര്‍ത്തിയായി. സ്പാനുകളുടെ (മുകളിലെ പ്രതലം) കോണ്‍ക്രീറ്റാണ് കഴിഞ്ഞ ദിവസം പൂര്‍ത്തികരിച്ചത്. അനുബന്ധമായി കൈവരികള്ക്കാവശ്യമായ പ്രാരംഭപ്രവര്‍ത്തനങ്ങളും ആരംഭിച്ചു.
നിലവില്‍ ഗതാഗതം നടത്തുന്ന പാലവും പുതിയ പാലവും പാതയുടെ ഭാഗമാക്കും. വണ്‍വേ സംവിധാനത്തിലാണ് വാഹനങ്ങള്‍ ഓരോ പാലത്തിലൂടെയും കടത്തി വിടുക. രണ്ട് തൂണുകളിലായി മൂന്ന് സ്പാനുകളാണ് പാലത്തിന് ഉണ്ടാകുക. ഒരു വർഷം മുമ്പാണ് കല്ലുംകടവ് പാലത്തിന്റെ നിർമാണം ആരംഭിച്ചത്. ഇതിനിടെ പഴയപാലത്തിന്റെ ഒരു വശത്തെ മണ്‍തിട്ട ഇടിഞ്ഞ് വീണതോടെ പുതിയതിന്റെ നിർമാണം മന്ദഗതിയിലാക്കി. കല്ലുംകടവിലെ പഴയ പാലത്തിന് സമാന്തരമായാണ് പുതിയ കോൺക്രീറ്റ് പാലം. നിർമാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് മണ്ണ് നീക്കുന്നതിനിടെ പഴയ പാലത്തിന് ബലക്ഷയവും ഉണ്ടായിരുന്നു.
ഇത് പരിഹരിച്ച ശേഷമാണ് തുടർ പ്രവർത്തനങ്ങൾ നടന്നത്. പുനലൂര്‍ പൊന്‍കുന്നം പാതയുടെ അവസാന റീച്ചില്‍ ഉള്‍പ്പെട്ട കോന്നി മുതല്‍ പുനലൂര്‍ വരെയുള്ള ഭാഗത്തെ നിർമാണമാണ് നടക്കുന്നത്. പത്തനാപുരം മേഖലയില്‍ ജോലികളില്‍ എറെ കാലതാമസം നേരിടുന്നുണ്ട്. കഴിഞ്ഞ ശബരിമല തീര്‍ഥാടനകാലത്തിന് മുമ്പ് പൊതുമരാമത്ത് മന്ത്രി പാത സന്ദര്‍ശിച്ചിരുന്നു. ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് കരാര്‍ കമ്പനിക്ക് നിര്‍ദേശവും നല്‍കിയിരുന്നു. നിർമാണം അനന്തമായി നീളുന്നത് യാത്രക്കാർക്കും പ്രദേശവാസികൾക്കും ഒരുപോലെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.