യാത്രക്കാര്‍ക്ക് ദുരിതയാത്ര സമ്മാനിച്ച് കമുകുംചേരി പാത
text_fieldsപത്തനാപുരം: യാത്രക്കാരുടെ നടുവൊടിച്ച് നടുക്കുന്ന്-കമുകുംചേരി-എലിക്കാട്ടൂർ പാത. നവീകരണത്തിനായി ലക്ഷങ്ങളുടെ പദ്ധതി പ്രഖ്യാപിച്ചിട്ട് വര്‍ഷങ്ങള്‍ പിന്നിടുന്നു. കായംകുളം പുനലൂർ പാതയില്‍ ഗതാഗതതടസ്സം ഉണ്ടായാല്‍ വാഹനങ്ങള്‍ കടന്നുപോകുന്ന റോഡാണിത്.
കുരിയോട്ടുമല എൻജിനീയറിങ് കോളജ്, ബഫല്ലോ ബീഡിങ് ഫാം, അയ്യൻകാളി ആർട്സ് ആൻഡ് സയൻസ് കോളജ്, കുരിയോട്ടമല ആദിവാസി കോളനി എന്നിവിടങ്ങളിലേക്ക് പോകുന്നവരെല്ലാം ഈ റോഡിലൂടെയാണ് യാത്ര ചെയ്യുന്നത്.
റോഡിെൻറ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടി നാട്ടുകാര്‍ നിരവധി പരാതികളും നിവേദനങ്ങളും നൽകിയിട്ടും അധികാരികളുടെ ഭാഗത്തുനിന്ന് യാതൊരു വിധ നടപടികളും ഉണ്ടായിട്ടില്ല. കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാറിന്‍റെ കാലത്ത് പാത നവീകരണത്തിനായി തുക അനുവദിച്ചിരുന്നു. എന്നാല്‍, തുടര്‍പ്രവര്‍ത്തനങ്ങള്‍ ഒന്നും ഉണ്ടായില്ല.
പിറവന്തൂർ പഞ്ചായത്തിലെ കിഴക്കേമുറി, കമുകുംചേരി, എലിക്കാട്ടൂർ, മുക്കടവ് വാർഡുകളിലൂടെയാണ് റോഡ് കടന്നുപോകുന്നത്. ഈ റോഡ് എത്രയും പെട്ടെന്ന് സഞ്ചാരയോഗ്യമാക്കിയില്ലെങ്കിൽ ആക്ഷൻ കൗൺസിൽ രൂപവത്കരിച്ച് പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് പ്രതികരണവേദി പ്രസിഡന്‍റ് കമുകുംചേരി ജി. സുരേഷ് ബാബു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.