കെ.എസ്.ടി.പി.എ റോഡ്; പത്തനാപുരത്തെ നിര്‍മാണത്തിന് വേഗമില്ല
text_fieldsപത്തനാപുരം: പുനലൂർ-പൊൻകുന്നം കെ.എസ്.ടി.പി.എ റോഡിന്റെ നഗരത്തിലെ പാത നിർമാണം എങ്ങുമെത്തിയില്ല. ഒരു വർഷം മുമ്പ് ആരംഭിച്ച കല്ലുംകടവ് പാലത്തിന്റെ കോൺക്രീറ്റ് തൂണുകളുടെ നിർമാണം പാതിവഴിയിലാണ്. ഒച്ചിഴയും വേഗത്തിലാണ് ഇവിടെ പ്രവർത്തനങ്ങൾ നടക്കുന്നത്.
ഇതുകാരണം നഗരത്തിലെത്തുന്നവർ ബുദ്ധിമുട്ടുകയാണ്. പഴയ റോഡിലൂടെ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ പൊടിശല്യം കാരണം വ്യാപാര സ്ഥാപനങ്ങളിൽ എത്തുന്നവർക്കും യാത്രക്കാർക്കും ഏറെ ബുദ്ധിമുട്ടാണ് അനുഭവപ്പെടുന്നത്.
നടുക്കുന്ന് മുതൽ കല്ലുംകടവ് വരെയുള്ള രണ്ട് കിലോമീറ്റർ ദൂരത്താണ് ഏറെയും ദുരിതം. ടാറിങ് ഇളക്കി ഓടകൾ നിർമിച്ചിരിക്കുന്നത് കാരണം കാൽനടയാത്ര വരെ ബുദ്ധിമുട്ടിലാണ്.
കല്ലുംകടവിലെ പഴയ പാലത്തിന് സമാന്തരമായാണ് പുതിയ കോൺക്രീറ്റ് പാലം. പുതിയ പാലത്തിന്റെ നിർമാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് മണ്ണ് നീക്കുന്നതിനിടെ പഴയ പാലത്തിന് ബലക്ഷയവുമുണ്ടായിരുന്നു. ഇതുപരിഹരിച്ചശേഷമാണ് തുടർപ്രവർത്തനങ്ങൾ നടന്നത്.
മാസങ്ങൾക്കുമുമ്പ് ഇവിടെയെത്തിച്ച സ്പാനുകൾക്കുള്ള കോൺക്രീറ്റ് ബ്ലോക്കുകൾ സ്ഥാപിക്കാനുള്ള തൂണുകളുടെ പ്രവർത്തനമാണ് നിലവിൽ നടക്കുന്നത്. പുനലൂര്‍-പൊന്‍കുന്നം പാതയുടെ അവസാന റീച്ചില്‍ ഉള്‍പ്പെട്ട കോന്നി മുതല്‍ പുനലൂര്‍ വരെയുള്ള ഭാഗത്തെ നിർമാണമാണ് നടക്കുന്നത്. ഇതില്‍ പത്തനാപുരം മേഖലയിലെ ജോലികളിലാണ് ഏറെ കാലതാമസം.
കഴിഞ്ഞ ശബരിമല തീര്‍ഥാടനകാലത്തിന് മുമ്പ് പൊതുമരാമത്ത് മന്ത്രി പാത സന്ദര്‍ശിച്ചിരുന്നു. ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് കരാര്‍ കമ്പനിക്ക് നിര്‍ദേശവും നല്കി. എന്നാല്‍, നിർമാണം നീളുന്നത് യാത്രക്കാർക്കും പ്രദേശവാസികൾക്കും ഒരുപോലെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.