കുളപ്പാറ മല പാറഖനനം: റിപ്പോര്‍ട്ട് നല്കാന് ഹൈകോടതി നിര്‍ദേശം
text_fieldsപത്തനാപുരം: പട്ടാഴി കാട്ടാമലയിലെ കുളപ്പാറമലയിലെ പാറഖനനവുമായി ബന്ധപ്പെട്ട കേസില്‍ പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈകോടതിയുടെ നിര്‍ദേശം. നിർദിഷ്ട ടൂറിസംപദ്ധതി പ്രദേശവും പൂക്കുന്നിമല കുടിവെള്ളപദ്ധതിയുടെ കൂറ്റന്‍ ടാങ്കുമുള്ള കുളപ്പാറമലയുടെ ഒരു ഭാഗമാണ് ഖനനം നടത്താന്‍ ശ്രമിക്കുന്നത്. നാട്ടുകാരുടെ എതിർപ്പിനെത്തുടർന്ന് മുമ്പ് പലപ്രാവശ്യം നിർത്തിവെക്കേണ്ടിവന്ന ഖനനത്തിന് വീണ്ടും ശ്രമം തുടങ്ങിയതോടെ സേവ് പട്ടാഴി കൂട്ടായ്മ ഹൈകോടതിയെ സമീപിച്ചു.
ഇതിനെതുടര്‍ന്ന് ഇറിഗേഷന്‍ വകുപ്പ്, പഞ്ചായത്ത്, റവന്യൂ, ജിയോളജി വകുപ്പ് എന്നിവരോട് ഹൈകോടതി റിപ്പോര്‍ട്ട് ആവശ്യപ്പെടുകയായിരുന്നു. സ്ഥലം നേരില്‍ കണ്ട് ബോധ്യപ്പെട്ട് സെപ്റ്റംബര്‍ നാലിന് മുമ്പ് റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം. കുളപ്പാറ മലയുടെ ഒരു ഭാഗത്താണ് 17 ലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള കൂറ്റന്‍ വാട്ടര്‍ ടാങ്കുള്ളത്. പാറഖനനം ടാങ്കിനെ ദോഷകരമായി ബാധിക്കാനും സാധ്യത എറെയാണ്. പാറഖനനത്തെ മുമ്പ് പലപ്രാവശ്യം പഞ്ചായത്ത് ഭരണസമിതി എതിർത്തിരുന്നു. ഇതിനിടെ അനുമതിക്കായി ക്വാറി ഉടമകൾ ഹൈകോടതിയെ സമീപിച്ചു. കേസിൽ പഞ്ചായത്ത് കക്ഷി ചേരാതെയും അഭിഭാഷകരെ വെക്കാതെയും ക്വാറി ഉടമകൾക്ക് അനുകൂലവിധി സമ്പാദിക്കാൻ സാഹചര്യമൊരുക്കിയെന്നും ആരോപണമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.