മരംവെട്ടുകാരൻ മരത്തിന് മുകളില് ബോധരഹിതനായി; രക്ഷപ്പെടുത്തി
text_fieldsപത്തനാപുരം: മരം മുറിക്കാന് കയറി ബോധരഹിതനായി മരത്തിന് മുകളില് കുടുങ്ങിയ തൊഴിലാളിയെ അഗ്നിശമനസേന രക്ഷപ്പെടുത്തി. പട്ടാഴി വടക്കേക്കര ഗ്രാമപഞ്ചായത്തില് എറത്ത് വടക്ക് എല്.പി സ്കൂളിന് സമീപം രാവിലെ 10 ഓടെയായിരുന്നു സംഭവം.
കുന്നിട സ്വദേശിയായ പ്രദീപ് കുമാര് (40) ആണ് മരത്തിന് മുകളില് കുടുങ്ങിയത്. ചെളിക്കുഴി ലീന ഭവനില് ശശിധരന്നായരുടെ പുരയിടത്തിലെ മരം മുറിക്കാനായി എത്തിയതായിരുന്നു പ്രദീപ്കുമാര്. അമ്പത് അടിയില് കൂടുതല് ഉള്ള അഞ്ഞിലിയുടെ മുകളില് കയറി ശിഖരങ്ങള് മുറിച്ചശേഷം തിരികെ ഇറങ്ങുന്നതിനിടെയാണ് അപകടത്തില്പെട്ടത്.
നാല്പത്തിയഞ്ച് അടി ഉയരത്തില് വച്ച് രണ്ട് ശിഖരങ്ങള്ക്കിടയില് അകപ്പെട്ടു. ശക്തമായ ചൂട് കൂടി ആയതോടെ ശാരീരിക ബുദ്ധിമുട്ട് ഉണ്ടാകുകയും ബോധരഹിതനാകുകയും ചെയ്തു.
ഇതിനിടെ തോര്ത്ത് ഉപയോഗിച്ച് പ്രദീപ് തന്നെ മരത്തില് സ്വന്തം ശരീരം കെട്ടിെവച്ചു. സഹായികളായ അജിയും ബൈജുവും വീണ്ടും മരത്തില് കയറി രക്ഷപ്പെടുത്താന് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. അവര് മുണ്ട് ഉപയോഗിച്ച് മരത്തില് പ്രദീപിനെ സുരക്ഷിതമായി ബന്ധിച്ചു.
തുടര്ന്നാണ് ഫയര്ഫോഴ്സില് വിവരമറിയിച്ചത്. ആവണീശ്വരത്ത് നിന്ന് ഫയര്ഫോഴ്സ് സംഘമെത്തി താഴെ എത്തിക്കുകയായിരുന്നു. ഇദ്ദേഹത്തെ ചായലോട് സ്വകാര്യ മെഡിക്കല് കോളജ് ആശുപത്രിയില് പ്രവേശിപ്പിച്ചു. അസി. ഫയര് സ്റ്റേഷന് ഓഫിസര് സുനിലിെൻറ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവര്ത്തനം നടത്തിയത്.
മരത്തിന് മുകളില് അകപ്പെട്ട പ്രദീപ് കുമാറിനെ ഫയര്ഫോഴ്സ് സംഘം രക്ഷപ്പെടുത്തുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.