കടയ്ക്കാമൺ തടി ഡിപ്പോയില്‍ ‘നഗരവാടിക’ യാഥാർഥ്യമാകുന്നു
text_fieldsപത്തനാപുരം: വനംവകുപ്പിന്റെ കടയ്ക്കാമൺ തടി ഡിപ്പോയില്‍ നഗരവാടിക പദ്ധതി യാഥാർഥ്യമാകുന്നു. സഞ്ചാരികള്‍ക്ക് ഉൾപ്പെടെ വനത്തെക്കുറിച്ച് അറിവ് പകരുകയും പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് അവബോധമുണർത്തുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് വനംവകുപ്പ് പദ്ധതി നടപ്പാക്കുന്നത്.
ഡിപ്പോയിലെ സ്വാഭാവിക വനം അതേപടി നിലനിർത്തി വിശ്രമകേന്ദ്രവും പൂന്തോട്ടവും അടിസ്ഥാനസൗകര്യങ്ങളും ഒരുക്കുന്നതാണ് നഗരവാടിക പദ്ധതി. പുനലൂർ-മൂവാറ്റുപുഴ പാതയോരത്തുള്ള പിറവന്തൂർ കടയ്ക്കാമൺ തടി ഡിപ്പോയിലെ അഞ്ചു ഹെക്ടറിലേറെ വരുന്ന വനഭൂമിയുടെ ഒരുഭാഗത്താണ് നഗരവാടിക ഒരുങ്ങുന്നത്.
പരമാവധി രണ്ടേക്കർ സ്ഥലമാണ് ഇതിനായി ഉപയോഗിക്കുക. റോഡ് വശത്തായി കണിക്കൊന്നയും പനയും അലങ്കാരച്ചെടികളും നട്ടുപിടിപ്പിക്കും. നിലവിലുള്ള മനോഹര പുല്ലുകൾ നിലനിർത്തും, ഇരിപ്പിടങ്ങൾ നിർമിക്കും. സ്കൂൾ, കോളജ് വിദ്യാർഥികൾക്കും മറ്റും വൃക്ഷങ്ങളെപ്പറ്റി പഠിക്കാനുള്ള കേന്ദ്രമായി മാറും. ഓരോ മരത്തിന്റെയും പൂർണ വിവരങ്ങൾ അടങ്ങിയ ബോർഡ് സ്ഥാപിക്കും.
വനവിവരങ്ങള് സന്ദര്‍ശകര്‍ക്ക് മനസ്സിലാക്കുന്നതിനും പരിപാലനത്തിനുമായി ജീവനക്കാരെ നിയമിക്കും. വിദ്യാർഥികൾക്ക് പഠനകേന്ദ്രമായും മുതിർന്നവർക്ക് മാനസികോല്ലാസം പകരുന്ന വിശ്രമകേന്ദ്രമായും മാറ്റുകയാണ് നഗരവാടിക പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. തൊഴിലാളി സംഘടനകളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്ന എതിര്‍പ്പുകള്‍ മറികടന്നാണ് പദ്ധതി നടപ്പിലാക്കാന്‍ വകുപ്പ് തയാറെടുക്കുന്നത്.
ഡിപ്പോയിൽ മൊത്തം ആറ് ഹെക്ടർ ഭൂമിയുണ്ട്. തടി ഡിപ്പോയിൽനിന്ന് വനം വകുപ്പിന്റെ മറ്റ് ഭൂമിയിൽ പദ്ധതി നടപ്പാക്കണമെന്നാവശ്യപ്പെട്ട് നേതാക്കൾ വനം മന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.