പേരിനുപോലും വികസനമില്ല; ആർക്കും ഉപകാരപ്പെടാതെ മാങ്കോട് മാർക്കറ്റ്
text_fieldsപത്തനാപുരം: കൊല്ലം, പത്തനംതിട്ട ജില്ലക്കാര്‍ക്ക് പ്രയോജനപ്പെടുന്ന മാങ്കോട് പൊതുമാര്‍ക്കറ്റ് സംരക്ഷണമില്ലാതെ നശിക്കുന്നു. നൂറിലധികം വ്യാപാരികളും അതിലിരട്ടി ഉപഭോക്താക്കളും ആശ്രയിച്ചിരുന്ന മാര്‍ക്കറ്റാണ് ഉപയോഗശൂന്യമായത്. മാർക്കറ്റിനുവേണ്ടിയുള്ള പദ്ധതികളെല്ലാം കാലകാലങ്ങളായി പഞ്ചായത്ത് ഭരണസമിതികൾ പ്രഖ്യാപനങ്ങളിലൊതുക്കിയതോടെ വികസനവുമില്ലാതായി.
കാർഷിക വിളകൾക്കും വിത്തുകൾക്കും നടീല്‍ വസ്തുക്കളുമെല്ലാം മാർക്കറ്റില്‍ ലഭ്യമായിരുന്നു. കാർഷിക മേഖലയായ ഗ്രാമത്തിലെ കർഷകർ ആശ്രയിക്കുന്ന മാർക്കറ്റ് പരിമിതികൾക്ക് നടുവിലാണ്.
സൗകര്യങ്ങളില്ലാതെ വീർപ്പുമുട്ടി
നിലവില്‍ ഞായറാഴ്ച കൂടുന്ന വിപണിയില്‍ മാത്രമാണ് കുറച്ചെങ്കിലും ആളുകൾ വന്നുപോകുന്നത്. പത്തനാപുരം പഞ്ചായത്തിലെ രണ്ടു പ്രധാന മാര്‍ക്കറ്റുകളില്‍ ഒന്നാണ് മാങ്കോട്. ഒരേക്കറിലധികം വരുന്ന പഞ്ചായത്ത് വക സ്ഥലത്ത് പേരിനുപോലും വികസനമെത്തിക്കാന്‍ കഴിഞ്ഞിട്ടില്ല. കൊല്ലം ജില്ലയിലെ പത്തനാപുരം, പിറവന്തൂര്‍, പത്തനംതിട്ട ജില്ലയിലെ കലഞ്ഞൂര്‍ പഞ്ചായത്തിലുള്ളവരാണ് ഇവിടെ എത്തുന്നത്. വെള്ളംതെറ്റി, കിഴക്കേ വെള്ളംതെറ്റി, കടശ്ശേരി തുടങ്ങിയ ആദിവാസി മേഖലയില്‍ നിന്ന് വനവിഭവങ്ങളും എത്തിയിരുന്നു. ചന്തയില്‍ നിന്ന് പുറത്തേക്കുള്ള വഴിയിലും നിലത്തിരുന്ന് മഴയും വെയിലുമേറ്റാണ് ആളുകള്‍ കച്ചവടം നടത്തിയിരുന്നത്.
50 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന മാര്‍ക്കറ്റിനുള്ളില്‍ വിപണനകേന്ദ്രമായി ഒരു കെട്ടിടം പോലുമില്ല. അടിസ്ഥാന സൗകര്യങ്ങളോ മാലിന്യസംസ്കരണ സംവിധാനങ്ങളോ ഒരുക്കിയിട്ടില്ല. മത്സ്യ മാംസാദികൾ വിൽപന നടത്തുന്നതിന് ശരിയായ സ്റ്റാളുകളില്ല. നിലവില്‍ മാങ്കോട് ജങ്ഷനിലും പാടം റോഡിലുമായാണ് വ്യാപാരം. ഇത് ഗതാഗതപ്രശ്നങ്ങള്‍ക്കും കാരണമാകുന്നുണ്ട്. ചുറ്റുമതിലോ ഗേറ്റോ ഇല്ലാത്തതിനാൽ രാത്രി കാലത്ത് സാമൂഹികവിരുദ്ധശല്യവും രൂക്ഷമാണെന്ന് ആക്ഷേപമുണ്ട്.
സ്ലാട്ടര്‍ ഹൗസ്, മത്സ്യവിപണനകേന്ദ്രം, വ്യാപാരസ്ഥാപനങ്ങള്‍, കംഫര്‍ട്ട് സ്റ്റേഷന് എന്നിവ ഇനി യാഥാർഥ്യമാകാനുണ്ട്. തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരണപ്രവര്‍ത്തനങ്ങളും ശുചീകരണവും നടത്തണമെന്നാവശ്യം ശക്തമാണ്.
കോവിഡ് നിയന്ത്രണങ്ങള്‍ക്ക് ശേഷം ചന്തയിൽ വ്യാപാരമില്ല. ചന്ത കാടുകയറി നശിച്ചതോടെ വ്യാപാരികള്‍ മാങ്കോട് -പാടം പാതയുടെ വശത്തിരുന്നാണ് കച്ചവടം ചെയ്യുന്നത്. മിക്ക ചന്ത ദിവസങ്ങളിലും വഴിയോരകച്ചവടക്കാര്‍ മാത്രം നിരവധി പേര് എത്തിയിരുന്നു. മാര്‍ക്കറ്റിലേക്കുള്ള വഴിയില്‍ പോലും മാലിന്യങ്ങളും മറ്റും കാരണം കച്ചവടം ചെയ്യാന്‍ പറ്റുന്നില്ല. മുമ്പ് സാധനങ്ങളുമായി ധാരാളം ആളുകള്‍ വന്നിരുന്നു. ചന്തക്കുള്ളില്‍ സൗകര്യങ്ങള്‍ ഒരുക്കിയാല്‍ കൂടുതല്‍ കച്ചവടക്കാര്‍ വരും. അതനുസരിച്ച് വ്യാപാരവും നടക്കും.
- സലീം (വ്യാപാരി)
മാങ്കോട് മാര്‍ക്കറ്റിെൻറ വികസനത്തിന് ക്രിയാത്മകമായ പദ്ധതി വേണം. ആര്‍ക്കും ഉപകാരപ്പെടാത്ത വികസനമാണ് ചന്തയില്‍ കൊണ്ടുവന്നിട്ടുള്ളത്. മറ്റ് പദ്ധതികള്‍ നീക്കി െവച്ച തുകയുടെ ബാക്കി കൊണ്ട് മാര്‍ക്കറ്റ് നവീകരണം നടക്കില്ല. ഇതിനായി പ്രത്യേകം ഫണ്ട് അനുവദിക്കണം. മാര്‍ക്കറ്റിലെ മാലിന്യം സംസ്കരിക്കാന്‍ പോലും സംവിധാനങ്ങള്‍ ഇല്ല. പഞ്ചായത്ത് മാലിന്യസംസ്കരണത്തിനായി നിര്‍മിച്ച കെട്ടിടം ഏത് നിമിഷവും നിലംപതിക്കാവുന്ന അവസ്ഥയിലാണ്. പഞ്ചായത്തിന് ഏറ്റവുമധികം വരുമാനം ലഭിക്കുന്ന പൊതുമാര്ക്കറ്റാണ് കാടുകയറി നശിക്കുന്നത്. സമഗ്രമായ പദ്ധതി ആവിഷ്കരിച്ചാല്‍ മാത്രമേ മാര്‍ക്കറ്റിനെ പഴയ പ്രതാപത്തിലേക്ക് തിരികെകൊണ്ടുവരാന്‍ കഴിയൂ.
- പി.എ. ഷാജഹാന് (കോണ്‍ഗ്രസ് പത്തനാപുരം നോര്‍ത്ത് മണ്ഡലം പ്രസിഡൻറ്)
കിഴക്കന്‍മേഖലക്ക് എറെ പ്രയോജനം ചെയ്യുന്ന മാര്‍ക്കറ്റാണ് മാങ്കോട്. നിലവില്‍ മാര്‍ക്കറ്റിെൻറ സ്ഥിതി ശോചനീയമാണ്. ഇതുകാരണം പഞ്ചായത്തിന് വലിയ സാമ്പത്തികനഷ്ടം ഉണ്ടാകുന്നുണ്ട്. വനവിഭവങ്ങളുടെയും മലഞ്ചരക്ക് വ്യാപാരികളുടെയും പ്രധാനകേന്ദ്രമായിരുന്നു മാങ്കോട് ചന്ത. സമഗ്രമായ വികസനത്തിനായി വലിയ പദ്ധതി ആവിഷ്കരിക്കേണ്ടി വരും. മുന്‍കാലങ്ങളില്‍ ദീര്‍ഘവീക്ഷണമില്ലാതെ പദ്ധതികള്‍ ആവിഷ്കരിച്ചതാണ് മാര്‍ക്കറ്റിെൻറ പ്രവര്‍ത്തനങ്ങളെ ബാധിച്ചത്. പൊതുചന്തയുടെ ഭൂമി സ്വകാര്യവ്യക്തികള്‍ സ്വന്തമാക്കി. ഇത് തിരിച്ചെടുക്കണം. ശുചിത്വമിഷനുമായി ചേര്‍ന്ന് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കും.
- ഷിഹാബ് (പത്തനാപുരം പഞ്ചായത്ത് ചിതല്‍വെട്ടി വാര്‍ഡ് അംഗം)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.