പരിമിതിയിൽ വീർപ്പുമുട്ടി പത്തനാപുരം അഗ്നിശമനസേന നിലയം
text_fieldsകുന്നിക്കോട്: അടിസ്ഥാനസൗകര്യ പരിമിതിയിൽ വീർപ്പുമുട്ടുകയാണ് താലൂക്കിലെ അഗ്നിശമനസേന നിലയം. പ്രവർത്തനം ആരംഭിച്ച് ഒരുമാസത്തിനകം പൂർണസജ്ജമാകുമെന്ന ആഭ്യന്തരമന്ത്രിയുടെ വാഗ്ദാനം ഇതുവരെ പാലിക്കപ്പെട്ടില്ല. സിംഗിൾ സ്റ്റേഷൻ കാറ്റഗറിയിൽ ഉൾപ്പെടുന്ന നിലയത്തിലെ സ്റ്റാഫ് പാറ്റേൺപോലും പൂർണമായിട്ടില്ല. 24 ഫയർമാൻ, നാല് ലീഡിങ് ഫയർമാൻ, ഏഴ് ഡ്രൈവർമാർ, ഒാരോ സ്റ്റേഷൻ ഓഫിസർ, അസി. സ്റ്റേഷൻ ഓഫിസർ, ക്ലർക്ക്, ലീപ്പർ, ഡ്രൈവർ മെക്കാനിക് എന്നിങ്ങനെയാണ് പത്തനാപുരം സ്റ്റേഷനിലേക്ക് ആവശ്യമുള്ള ജീവനക്കാർ. 40 സ്റ്റാഫുകൾ വേണ്ടയിടത്ത് നിരവധി തസ്തികകൾ ഇനിയും ഒഴിഞ്ഞുകിടക്കുകയാണ്. ഇതിനുപുറമെ ആവശ്യത്തിന് വാഹനങ്ങളോ ഫയർ ഫൈറ്റിങ് ഉപകരണങ്ങളോ ലഭ്യമാക്കിയിട്ടില്ല. മൂന്ന് യൂനിറ്റ് ഫയർ എൻജിനുകളാണ് ആകെയുള്ളത്. ഇതിൽ രെണ്ടണ്ണം മാത്രമാണ് പ്രവർത്തനസജ്ജം.
ഫയർ ടാങ്കുകളിലേക്കുള്ള ജലം നിറയ്ക്കണമെങ്കിൽതന്നെ 15 കിലോമീറ്റർ സഞ്ചരിച്ച് പുനലൂരിലെത്തണം.
ജീവനക്കാർക്കുള്ള അടിസ്ഥാനസൗകര്യങ്ങൾ പോലും അധികൃതർ ഒരുക്കിനൽകിയിട്ടില്ല. താൽക്കാലിക കെട്ടിടത്തിലാണ് ഉദ്യോഗസ്ഥരുടെ താമസം. നിർമാണസാമഗ്രികള്‍ സൂക്ഷിച്ചിരുന്ന ഷെഡിലാണ് ഓഫിസ് പ്രവര്‍ത്തിക്കുന്നത്. പ്രവർത്തനസജ്ജമായാൽ ഉടൻ ഫയർ എൻജിനുകള്‍ക്കായി പുതിയ കെട്ടിടം നിർമിക്കുമെന്ന വാഗ്ദാനവും വെള്ളത്തിലെ വരയായി. പിറവന്തൂർ, പത്തനാപുരം, വിളക്കുടി, തലവൂർ, പട്ടാഴി, പട്ടാഴി വടക്ക് എന്നീ പഞ്ചായത്തുകൾക്ക് പ്രയോജനപ്രദമാകുന്ന രീതിയിലാണ് സ്റ്റേഷൻ സ്ഥാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.