പത്തനാപുരം കല്ലുംകടവ് പാലത്തിന്‍റെ അപ്രോച് റോഡ് ഇടിഞ്ഞു
text_fieldsപത്തനാപുരം: പുനലൂർ- മൂവാറ്റുപുഴ സംസ്ഥാനപാതയിൽ കല്ലുംകടവ് പാലത്തിന്‍റെ ഒരുവശത്തെ അപ്രോച് റോഡ് ഇടിഞ്ഞു. വെള്ളിയാഴ്ച രാത്രി 11ഓടെയായിരുന്നു സംഭവം. വലിയ ചരക്ക് വാഹനം പാലത്തിലേക്ക് പ്രവേശിച്ചതിന് തൊട്ടുപിന്നാലെയാണ് കൈവരിയോട് ചേർന്ന ഭാഗം ഇടിഞ്ഞത്. തലനാരിഴക്കാണ് വലിയ ദുരന്തം ഒഴിവായത്.
കെ.എസ്.ടി.പി.എ റോഡ് നിർമാണത്തിന്‍റെ ഭാഗമായി സമീപത്ത് പുതിയ പാലത്തിന്‍റെ നിർമാണം പുരോഗമിക്കുകയാണ്. ഇതിന്‍റെ ഭാഗമായി പഴയ പാലത്തിന്‍റെ സംരക്ഷണഭിത്തിയുടെ സമീപത്തുനിന്ന് മണ്ണ് നീക്കിയിരുന്നു.
ഇതേ തുടർന്നാണ് പാലത്തിന്‍റെ കല്ലുംകടവ് പെട്രോൾ പമ്പിനോട് ചേർന്ന ഭാഗം അപകടാവസ്ഥയിലായത്. പുനലൂർ ഭാഗത്തുനിന്ന് കൊച്ചിയിലേക്ക് ചരക്കുമായി പോയ ലോറി കയറിയതിന് പിന്നാലെ വലിയ ശബ്ദത്തോടെ പാലത്തിന്‍റെ ഒരുഭാഗം ഇടിയുകയായിരുന്നു.
പുതിയ പാലത്തിന്‍റെ നിർമാണവുമായി ബന്ധപ്പെട്ട് ഈ ഭാഗത്ത് വലിയ കുഴി എടുത്തിട്ടുണ്ട്. അതിൽ വെള്ളം നിറഞ്ഞ് കിടക്കുകയായിരുന്നു. നിലവിലെ പാലവും പുതുതായി നിർമിക്കുന്ന പാലവും തമ്മിൽ 80 സെന്‍റീമീറ്റർ അകലം മാത്രമാണുള്ളത്. ഇതിനാൽ നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി പരമാവധി ഭാഗത്തെ മണ്ണ് നീക്കം ചെയ്തിട്ടുണ്ട്. എന്നാൽ, സംരക്ഷണത്തിനായി ഒന്നും ചെയ്തിരുന്നില്ല.
ഭാരവുമായി വലിയ വാഹനം കയറിയതോടെ അടിയിലുള്ള മണ്ണ് ഒരുവശത്തേക്ക് ഇടിഞ്ഞതാകാമെന്നാണ് നിഗമനം. പാതയിലൂടെയുള്ള ഗതാഗതം പൂർണമായും നിരോധിച്ചു.
ഗതാഗത യോഗ്യമാകാൻ മൂന്നു ദിവസം; അറ്റകുറ്റപ്പണി തുടങ്ങി
കല്ലുംകടവ് പാലം പൂർണമായും ഗതാഗതയോഗ്യമാകാൻ മൂന്നുദിവസം വേണ്ടിവരും. ശനിയാഴ്ച രാവിലെ കെ.എസ്.ടി.പി.എയുടെ മേൽനോട്ടത്തിൽ പുതിയ പാലം കരാർ എടുത്ത ചെറിയാൻ വർക്കി ഗ്രൂപ് അറ്റകുറ്റപ്പണി ആരംഭിച്ചു.
ഉള്ളിലേക്ക് ബലക്ഷയമുണ്ടോ എന്ന് പരിശോധിക്കാൻ ആറ് മീറ്റർ ആഴത്തിലും 10 മീറ്റർ നീളത്തിലും മൂന്ന് മീറ്റർ വീതിയിലും മണ്ണ് പൂർണമായും മണ്ണ് മാറ്റി പരിശോധിക്കും തുടർന്ന് 2.5 ടണ്ണിന്‍റെ കോൺക്രീറ്റ് ബ്ലോക്കുകൾ സ്ഥാപിക്കും. വശങ്ങളിൽ ലോഡിങ് ബ്ലോക്കുകൾ സ്ഥാപിച്ച് മണ്ണ് നിറച്ച് ഉറപ്പിക്കും. തുടർന്ന് മുകൾഭാഗം കോൺക്രീറ്റ് ചെയ്ത് ബലം വർധിപ്പിക്കും.
വാട്ടർ അതോറിറ്റിയുടെ പ്രധാന പൈപ്പ് ലൈനും ബി.എസ്.എൻ.എല്ലിന്‍റെ കണക്ഷനും പൂർണമായും വിച്ഛേദിച്ചു. 20 മേഖലകളിലെ ടെലിഫോൺ, ഇന്‍റർനെറ്റ് സംവിധാനങ്ങൾ തടസ്സപ്പെട്ടു. കെ.എസ്.ഇ.ബിയുടെ വൈദ്യുതി പോസ്റ്റുകളും തകരാറിലായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.